ലണ്ടന്‍: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാനായി എന്‍എച്ച്എസ് സര്‍ക്കാരുമായുണ്ടാക്കിയ ധാരണ ആരോഗ്യ വകുപ്പ് സെക്രട്ടറി ജെറെമി ഹണ്ട് അട്ടിമറിച്ചതായി ആരോപണം. വൈകുന്നേരങ്ങളിലും ശനിയാഴ്ചകളിലും ജോലി ചെയ്യുന്നതിന് വേതനം നല്‍കണമെന്ന കാലങ്ങളായുളള എന്‍എച്ച്എസ് ജീവനക്കാരുടെ ആവശ്യം സര്‍ക്കാരിന് യാതൊരു ബാധ്യതയും ഉണ്ടാകാത്ത വിധം പരിഹരിക്കാന്‍ ധാരണയിലെത്തിയിരുന്നുവെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അവകാശപ്പെടുന്നു. പുതിയ കരാര്‍ പ്രകാരം യൂണിയന്‍ നിര്‍ദേശിച്ച ശനിയാഴ്ച വേതനത്തില്‍ സര്‍ക്കാര്‍ ഗണ്യമായ കുറവുവരുത്തി. ശനിയാഴ്ചയെ സാധാരണ പ്രവൃത്തി ദിവസമായി പരിഗണിക്കില്ലെന്നും ചര്‍ച്ചയില്‍ ധാരണയായി.
പ്രശ്‌നപരിഹാരത്തിനുളള അവസരമായാണ് എന്‍എച്ച്എസും ആരോഗ്യവകുപ്പ് അധികൃതരും ഈ അവസരത്തെ കണ്ടത്. എന്നാല്‍ ഈ കരാറുകളെ അംഗീകരിക്കാന്‍ തയാറാകാതിരുന്ന ഏക വ്യക്തി ജെറമി ഹണ്ട് മാത്രമാണ്. ഇത് മാത്രമാണ് ഏകപോംവഴിയെന്ന് എന്‍എച്ച്എസും ആരോഗ്യവകുപ്പ് അധികൃതരും കരുതിയെങ്കിലും ഈ നിര്‍ദേശങ്ങളോട് അനുഭാവപൂര്‍ണമായ നിലപാട് കൈക്കൊളളാന്‍ ഹണ്ട് തയാറായില്ല. അതോടെ ചര്‍ച്ചകള്‍ പൂര്‍ണമായും നിലച്ചു. ഇനി ചര്‍ച്ചകള്‍ക്ക് തീയതി നിശ്ചയിച്ചിട്ടുമില്ല. ചര്‍ച്ച തുടരണമെന്ന് തന്നെയാണ് ബിഎംഎയുടെ ആഗ്രഹം. എന്നാല്‍ മറുപക്ഷം ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസം അവസാനത്തോടെ തന്നെ പുതിയ കരാറുകള്‍ തിരസ്‌കരിച്ചിരുന്നു. ഇതോടെ ബിഎംഎ രണ്ടാംഘട്ട സമരത്തിലേക്ക് നീങ്ങുകയാണ്.നാളെ മുതല്‍ സമരം തുടങ്ങും. അടിയന്തര സേവനങ്ങള്‍ ഒഴികെയുളളവയില്‍ നിന്ന് ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ വിട്ട് നില്‍ക്കും. 24 മണിക്കൂര്‍ സമരത്തിനാണ് നാളെ ആഹ്വാനമുളളത്. എന്നാല്‍ ബിഎംഎയുടെ അവകാശ വാദങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. അണ്‍സോഷ്യല്‍ അവേഴ്‌സ് പേയെക്കുറിച്ചുളള ചര്‍ച്ചകള്‍ തുടരാന്‍ ബിഎംഎ വിസമ്മതിച്ചെന്നാണ് അധികൃതരുടെ വാദം. മാത്രമല്ല ഇവര്‍ കാര്യമാത്ര പ്രസക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയില്ലെന്നും അധികൃതര്‍ പറയുന്നു.
സാധാരണ പ്രവൃത്തി ദിവസം പോലെ തന്നെ ശനിയാഴ്ചയെയും പരിഗണിക്കാനുളള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകാന്‍ തയ്യാറല്ല. നഴ്‌സുമാരടക്കമുളള മറ്റ് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഇത് ഒരു കീഴ്‌വഴക്കമാക്കാനാണ് സര്‍ക്കാരിന്റെ ആലോചന. നഴ്‌സുമാര്‍ക്കും ഇക്കൊല്ലം തന്നെ പുതിയ കരാറുകള്‍ ആവിഷ്‌ക്കരിക്കും. എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പളം കുറച്ച് കൊണ്ട് ചെലവ് ചുരുക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. നാളത്തെ സമരത്തിന്റെ പശ്ചാത്തലത്തില്‍ 2884 ശസ്ത്രക്രിയകള്‍ മാറ്റി വച്ചിട്ടുണ്ട്.