ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പ്രധാനമന്ത്രിയായി ചുമതലയേറ്റ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി പ്രതിസന്ധികൾ നേരിടുന്ന പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന ടോറി എംപിമാർക്ക് താക്കീത് നൽകിയിരിക്കുകയാണ് ചാൻസലർ ജെറെമി ഹണ്ട്. ലിസ് ട്രസ്സിന്റെ ടാക്സ് കുറയ്ക്കുന്നത് സംബന്ധിച്ചുള്ള സാമ്പത്തിക നയങ്ങൾ വൻ തിരിച്ചടികൾ ഉണ്ടാക്കിയിരിക്കുന്നതിനാൽ അവരെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ചില പാർട്ടി എംപിമാർ തന്നെ രഹസ്യമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള എല്ലാവിധ ചർച്ചകളും അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രിക്ക് പൂർണ്ണമായ പിന്തുണ നൽകണമെന്നുമാണ് ഹണ്ട് എംപിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുമായി ചാൻസിലർ കൂടിക്കാഴ്ച നടത്തി. ടാക്സുകൾ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചും, ഗവൺമെന്റിന്റെ ചിലവുകൾ കുറയ്ക്കുന്നത് സംബന്ധിച്ചുമുള്ള തീരുമാനങ്ങൾ ഒക്ടോബർ 31ഓടു കൂടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മിനി ബജറ്റിൽ പ്രഖ്യാപിച്ച നികുതി വെട്ടിക്കുറവിനെ വിമർശിച്ചത് പ്രധാനമന്ത്രി ലിസ് ട്രസ്സിന് കൂടുതൽ തിരിച്ചടിയായി. അതിസമ്പന്നരുടെ നികുതി വെട്ടിക്കുറയ്ക്കുക എന്ന ആശയത്തോട് തനിക്ക് വിയോജിപ്പുണ്ടെന്നും എന്നാൽ ബ്രിട്ടനാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിലെ പാർട്ടി ചട്ടങ്ങൾ പ്രകാരം ഒരു വർഷത്തേക്ക് നേതൃമാറ്റത്തിൽ നിന്നും ലിസ് ട്രസ് സുരക്ഷിതയാണെങ്കിലും, ചില ടോറി എംപിമാർ പ്രധാനമന്ത്രിയെ പുറത്താക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി കുറ്റപ്പെടുത്തലുകൾ വിവിധ ഇടങ്ങളിൽ നിന്നും പ്രധാനമന്ത്രിക്കും ഗവൺമെന്റിനും നേരെ ഉയരുന്നുണ്ട്. പാർട്ടിയിലുടനീളം പിന്തുണ വർദ്ധിപ്പിക്കുന്നതിന് മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന് മുൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഇനി ഉണ്ടാകുന്ന ഏത് തീരുമാനവും വളരെ ശക്തമായ രീതിയിൽ തന്നെ പ്രധാനമന്ത്രിയുടെ നിലനിൽപ്പിനെ ബാധിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ എല്ലാം തന്നെ വ്യക്തമാക്കുന്നത്.