നാല് വർഷം മുമ്പ് കാണാതായ റാന്നി വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയ ജെയിംസിനെ ഇനിയും കണ്ടെത്താനാകാതെ അന്വേഷണസംഘം. പെൺകുട്ടിയെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിക്കാതായതോടെ സിബിഐ ഏറ്റെടുത്ത് കേസന്വേഷണം മുന്നോട്ട് പോവുകയാണ്.
അതേസമയം, ജെസ്ന ജെയിംസ് രാജ്യം വിട്ടുവെന്ന ആരോപണങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് സിബിഐ. ഇതിനായി വിമാനടിക്കറ്റുകൾ ഉൾപ്പെടെ പരിശോധിക്കും. ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങളിലെ 2018 മാർച്ച് മുതലുള്ള യാത്രാവിവരങ്ങള് ശേഖരിക്കാനാണ് നീക്കം. വ്യാജപേരിലും വിലാസത്തിലും രാജ്യംവിട്ടാലും കണ്ടെത്താനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
അന്വേഷണം ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടശേഷം കഴിഞ്ഞയാഴ്ച സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ അന്വേഷണ പുരോഗതി അറിയിക്കാൻ തിരുവനന്തപുരം സിജെഎം കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ 12-ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരൻ നായർ സമർപ്പിച്ച എഫ്ഐആർ കോടതി അംഗീകരിക്കുകയും ചെയ്തു.
അതേസമയം, ജെസ്ന രാജ്യം വിട്ടിട്ടില്ലെന്നും മറ്റൊരു സംസ്ഥാനത്തു വിവാഹിതയായി കഴിയുന്നുണ്ടെന്നുമുള്ള വിവരം ചിലർ അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം സിബിഐ സ്ഥിരീകരിച്ചിട്ടില്ല. ഇങ്ങനെയൊരു സംശയം അവിടുത്തെ സമീപവാസികളാണ് പോലീസിനെ അറിയിച്ചത്. ഈ യുവതി രണ്ടു തവണ പ്രസവിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, അന്വേഷണം വന്നതോടെ യുവതിയും കുടുംബവും അവിടം വിട്ടതാണ് പ്രദേശവാസികളിൽ കൂടുതൽ സംശയം ഉയർത്തിയിരിക്കുന്നത്.
ബന്ധുവീട്ടിലേക്കെന്നു പറഞ്ഞ് 2018 മാർച്ചിൽ വീട്ടിൽനിന്ന് ഇറങ്ങിയ ജെസ്ന എരുമേലി വരെ ബസിലും ഓട്ടോയിലും വന്നതിനു തെളിവുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല. അന്ന് 20 വയസായിരുന്നു പ്രായം.
Leave a Reply