ന്യൂസ് ഡെസ്ക് മലയാളം യുകെ
യാത്രാ നിയന്ത്രണങ്ങളും ലോക്ക്ഡൗണും തുടരുന്ന സാഹചര്യത്തിൽ ഏപ്രിൽ 14 വരെ എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി ജെറ്റ്2 . യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവർക്കും മുഴുവൻ തുകയും തിരികെ നൽകുമെന്നും ജെറ്റ്2 അറിയിച്ചു. മാർച്ച് മാസം അവസാനം വരെ തങ്ങളുടെ സേവനങ്ങൾ നിർത്തി വയ്ക്കുകയാണ് എന്ന് ജെറ്റ്2 നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഏപ്രിൽ 14 വരെ സേവനങ്ങൾ നിർത്തിവെയ്ക്കുന്നത് നീട്ടിയത്.
ഹെൽത്ത് സെക്രട്ടറിയായ മാറ്റ് ഹാൻകോക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ പാലിക്കേണ്ട പുതിയ നിയമങ്ങൾ പുറത്തു വിട്ടതിനു പിന്നാലെയാണ് ജെറ്റ്2 വിൻെറ ഈ പ്രഖ്യാപനം. നിലവിൽ ബ്രിട്ടീഷുകാർക്ക് നിയമപരമായ അനുവാദം ഇല്ലെങ്കിൽ രാജ്യം വിടാൻ സാധിക്കുകയില്ല. കോവിഡ്-19 പകർച്ചവ്യാധിയെ തുടർന്നുണ്ടായ അനിശ്ചിതത്വവും യാത്ര നിയന്ത്രണങ്ങളും കാരണം ഏപ്രിൽ 14 വരെ വിമാനങ്ങളും അവധിദിനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനമെടുത്തതെന്ന് ജെറ്റ്2 ഒരു പ്രസ്താവനയിൽ പറഞ്ഞു.
യാത്രകൾ മുടങ്ങിയത് മൂലം ഏതെങ്കിലും ഉപഭോക്താവിനെ അത് ഗണ്യമായി ബാധിച്ചിട്ടുണ്ടെങ്കിൽ കമ്പനി 1 ബില്യൺ പൗണ്ടിലധികം പണം തിരികെ നൽകുമെന്ന് പ്രസ്താവന പരക്കെ പ്രശംസിക്കപ്പെട്ടു. ഇതുകൂടാതെ ബുക്ക് ചെയ്ത എല്ലാവർക്കും മുഴുവൻ തുകയും റീഫണ്ട് ചെയ്യും. ഏപ്രിൽ 15 മുതൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ അപ്ഡേറ്റുകൾ നൽകുമെന്നും തങ്ങളുടെ എല്ലാ ഉപഭോക്താക്കളുടെയും ക്ഷമയ്ക്ക് നന്ദി പറയുവാൻ ആഗ്രഹിക്കുന്നുവെന്നും ജെറ്റ്2 അറിയിച്ചു. 2019 നെ അപേക്ഷിച്ച് 2020 ഏകദേശം 87% യാത്രക്കാരുടെ നിരക്ക് കുറഞ്ഞതായാണ് സിവിൽ ഏവിയേഷൻ ഏജൻസിയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a Reply