ജാര്‍ഖണ്ഡില്‍ ജലസേചനപദ്ധതിയുടെ ഭാഗമായി 42 വര്‍ഷമെടുത്തു പണിത കനാല്‍ ഉദ്ഘാടനംചെയ്ത് 24 മണിക്കൂറിനകം തകര്‍ന്ന് ഒലിച്ചുപോയി. 24 മണിക്കൂറിനകം കനാലില്‍ വലിയ വിള്ളലുണ്ടായി. പല ഗ്രാമങ്ങളും വെള്ളത്തിലായി. ‘എലിമാളങ്ങളാ’ണ് കനാല്‍ തകര്‍ത്തതെന്നാണ് പ്രാഥമികനിഗമനം. അറ്റകുറ്റപ്പണി തുടങ്ങി. ഗിരിഡിഹ്, ഹസാരിബാഗ്, ബോക്കാറോ ജില്ലകളിലെ 85 ഗ്രാമങ്ങളിലേക്കു വെള്ളമെത്തിക്കാനുണ്ടാക്കിയ കനാല്‍ ബുധനാഴ്ചയാണ് മുഖ്യമന്ത്രി രഘുബര്‍ ദാസ് ഉദ്ഘാടനം ചെയ്തത്.

സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഉന്നതതലസമിതിയെ നിയോഗിച്ചെന്ന് ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അരുണ്‍കുമാര്‍ സിങ് പറഞ്ഞു. 1978-ല്‍ 12 കോടി രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കിയത്. 2019-ല്‍ പണിതീര്‍ന്നപ്പോള്‍ ചെലവ് 2,500 കോടി രൂപയായി. 404.17 കിലോമീറ്ററാണ് കനാലിന്റെ നീളം. ജാര്‍ഖണ്ഡ് അവിഭക്ത ബിഹാറിന്റെ ഭാഗമായിരുന്ന 1978-ല്‍ അന്നത്തെ ഗവര്‍ണര്‍ ജഗ്ഗാനന്ദ് കൗശലാണ് കനാല്‍ പണിക്കു തറക്കല്ലിട്ടത്. പല കാരണങ്ങളാല്‍ പദ്ധതി നീണ്ടു. 2003-ല്‍ അര്‍ജുന്‍ മുണ്ട രണ്ടാമതും തറക്കല്ലിട്ടു. ഒച്ചിഴയും വേഗത്തില്‍നീണ്ട പദ്ധതിക്ക് 2012-ല്‍ വീണ്ടും ടെന്‍ഡര്‍ വിളിച്ചാണ് പണിയാരംഭിച്ചത്.