ജാർഖണ്ഡിൽ വനിതാ പോലീസ് ഇൻസ്‌പെക്ടറെ വാഹനമിടിപ്പിച്ച് ദാരുണമായി കൊലപ്പെടുത്തി. തുപുദാന പോലീസ് ഔട്ട്പോസ്റ്റ് ഇൻ-ചാർജും സബ് ഇൻസ്പെക്ടറുമായ സന്ധ്യ തോപ്നോയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. റാഞ്ചിയിൽ വാഹന പരിശോധനയ്ക്കിടെയാണ് ദാരുണമായ സംഭവ വികാസങ്ങൾ അരങ്ങേറിയത്.
സംശയാസ്പദമായ സാഹചര്യത്തിൽ ഒരു പിക്കപ്പ് വാൻ വരുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് എസ്.ഐ.യും സംഘവും വാഹന പരിശോധന നടത്തിയിരുന്നത്. പോലീസുകാർ ആവശ്യപ്പെട്ടിട്ടും പിക്കപ്പ് വാഹനം നിർത്തിയില്ല. ഇതോടെ എസ്.ഐ.യായ സന്ധ്യ വാഹനം തടഞ്ഞുനിർത്താൻ ശ്രമിക്കുകയും പിക്കപ്പ് വാൻ ഇവരെ ഇടിച്ചു
തെറിപ്പിക്കുകയുമായിരുന്നു.ഗുരുതരമായി പരിക്കേറ്റ എസ്.ഐ. സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇൻസ്പെക്ടറെ കൊലപ്പെടുത്താൻ ഉപയോഗിച്ച പിക്കപ്പ് വാഹനം പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അതേസമയം, വാഹനത്തിന്റെ ഡ്രൈവർ രക്ഷപ്പെട്ടിരുന്നു. ഇയാളെ പിന്നീട് പിടികൂടിയതായി റാഞ്ചി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട സന്ധ്യ 2018-ലാണ് പോലീസ് സേനയിൽ ചേർന്നത്.