ഇന്നലെ നോര്‍ത്താംപ്ടനില്‍ മരണമടഞ്ഞ ജിന്‍സണ്‍ ഫിലിപ്പിന്റെ നിര്യാണം വിശ്വസിക്കാനാവാതെ ഞെട്ടിത്തരിച്ചിരിക്കുകയാണ് നോര്‍ത്താംപ്ടന്‍ മലയാളി സമൂഹവും യുകെയിലെമ്പാടുമുള്ള ജിന്‍സന്റെ സുഹൃത്തുക്കളും. കേവലം 38 വയസ്സ് മാത്രം പ്രായമുള്ള ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരന്റെ പെട്ടെന്നുള്ള വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ യുകെയിലെ മലയാളി സമൂഹം ഇപ്പോഴും മടിച്ച് നില്‍ക്കുകയാണ്. കേട്ട വാര്‍ത്ത സത്യമാവരുതേ എന്ന പ്രാര്‍ത്ഥനയുമായി ആയിരുന്നു യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്നലെ നിരവധി മലയാളികള്‍ നോര്‍ത്താംപ്ടന്‍ ജനറല്‍ ഹോസ്പിറ്റലിലേക്ക് ഓടിയെത്തിയത്.
തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്നലെ ഉച്ചയോടെ ജിന്‍സണ്‍ മരണത്തിന് കീഴടങ്ങിയത്. വീടിന്‍റെ ചില ചെറിയ അറ്റകുറ്റപ്പണികള്‍ക്കായി വരുന്ന തൊഴിലാളികളെ പ്രതീക്ഷിച്ച് വീട്ടില്‍ കാത്തിരിക്കെയാണ് മരണം ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ ജിന്‍സന്‍റെ ജീവന്‍ കവര്‍ന്നെടുത്തത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തി തൊട്ടടുത്ത മുറിയില്‍ ഉറങ്ങി കിടന്ന ഭാര്യ വിനീത പോലും ഒന്നും അറിഞ്ഞില്ല. വീടിന്‍റെ പണികള്‍ക്കെത്തിയവര്‍ കതകില്‍ തട്ടുന്നത് കേട്ട് ഉണര്‍ന്ന ഭാര്യ ജിന്‍സണ്‍ എവിടെയെന്ന് നോക്കിയപ്പോഴാണ് തൊട്ടടുത്ത ബെഡ്റൂമില്‍ അനക്കമില്ലാതെ ജിന്‍സനെ കാണുന്നത്. ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കുകയും പാരാമെഡിക്സ് ടീം എത്തി കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തെങ്കിലും വിലപ്പെട്ട ആ ജീവന്‍ മാത്രം രക്ഷിക്കാന്‍ കഴിഞ്ഞില്ല.
നോര്‍ത്താംപ്ടന്‍ ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ച ജിന്‍സന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞതായി ഏറെയു താമസിക്കാതെ തന്നെ അറിയുകയായിരുന്നു. ഏകമകള്‍ കെസിയയുടെ ആദ്യകുര്‍ബാന ചടങ്ങുകള്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഗംഭീരമായി ആഘോഷിക്കുന്നതിനായി ഓടി നടന്നിരുന്ന ജിന്‍സന് പറയത്തക്ക അസുഖങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ആദ്യകുര്‍ബാന സ്വീകരണ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളെ സ്വീകരിക്കുന്നതിനും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനും ഒക്കെയായി പ്രസന്ന വദനനായി എല്ലായിടത്തും എത്തിയിരുന്ന ജിന്‍സണ്‍ മരണത്തിന് കീഴടങ്ങി എന്നത് അത് കൊണ്ട് തന്നെ ആര്‍ക്കും വിശ്വസനീയമായിരുന്നില്ല.
കോട്ടയം കൈപ്പുഴ പാലത്തുരുത്ത് ഇടവകാംഗമായ ജിന്‍സണ്‍ കിഴക്കേകാട്ടില്‍ കുടുംബാംഗമാണ്. കൈപ്പുഴ സംഗമത്തിലും മറ്റ് സാമൂഹിക കൂട്ടായ്മകളിലും ഒക്കെ സജീവ സാന്നിദ്ധ്യമായിരുന്നു ജിന്‍സണ്‍. യുകെകെസിഎ ഉള്‍പ്പെടെയുള്ള സംഘടനകളിലും സജീവമായിരുന്നു. യുകെകെസിഎ പ്രസിഡണ്ട് ബിജു മടുക്കക്കുഴി, ജോയിന്‍റ് സെക്രട്ടറി സക്കറിയ പുത്തന്‍കളം തുടങ്ങിയവര്‍ വിവരമറിഞ്ഞ ഉടന്‍ തന്നെ നോര്‍ത്താംപ്ടനില്‍ എത്തിയിരുന്നു.
ജിന്‍സന്‍റെ സംസ്കാര ചടങ്ങുകള്‍ നാട്ടില ആയിരിക്കും നടത്തുക എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ജിന്‍സന്‍റെ പിതാവ് രണ്ട് വര്‍ഷം മുന്‍പ് മരണമടഞ്ഞിരുന്നു. ജിന്‍സന്റെ ആത്മശാന്തിക്കായി ഇന്നും ബുധനാഴ്ചയും പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും. വൈകുന്നേരം ഏഴ് മണിക്കായിരിക്കും ഇന്നും നാളെയും ഡസറ്റന്‍ സെന്റ് പാട്രിക് പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ നടക്കുക. കൂടാതെ ഞായറാഴ്ച നാല് മണിക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും
Leave a Reply