ന്യൂഡല്‍ഹി: സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കാന്‍ ഇടപെടണമെന്ന് പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സുപ്രീം കോടതിയില്‍. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഈ ആവശ്യം. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് മഹിജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിദ്യാര്‍ത്ഥികളെ കൊല്ലുന്ന തടവറകളാണ് സ്വാശ്രയ കോളേജുകളെന്നും ആ സാഹചര്യത്തിന് മാറ്റമുണ്ടാകാനും ജിഷ്ണു പ്രണോയിമാര്‍ ഇനിയുണ്ടാകാതിരിക്കാനും കോടതി ഇടപെടണമെന്ന് ഹര്‍ജിയില്‍ പറയുന്നു. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി 27ന് പരിഗണിക്കും. മഹിജ നല്‍കിയ ഹര്‍ജിയും ഇതിനൊപ്പം പരിഗണിക്കും.
ലക്കിടി നെഹ്‌റു ലോ കോളേജി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ കൃഷ്ണദാസിന് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണദാസിനെ അടിയന്തരമായി മോചിപ്പിക്കണമെന്നും അറസ്റ്റ് ചെയ്തത് നിയമപരമായല്ലെന്ന് ഹൈക്കോടതി പറഞ്ഞു. എന്തിന് വേണ്ടിയാണ് അറസ്റ്റ് ചെയ്തതെന്ന് കേസ് ഡയറിയില്‍ ഉണ്ടായിരുന്നില്ല. അറസ്റ്റിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്തത് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുമെന്നും വ്യക്തമാക്കി.