ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കന്നയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വത്തിന് മര്‍ദ്ദനമേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. പട്യാല കോടതിയിലേക്കു കടന്നുകയറിയ ബിജെപി അനുകൂല അഭിഭാഷകര്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളേയും കയ്യേറ്റം ചെയ്യുകയായിരുന്നു. പോലീസ് നോക്കി നില്‍ക്കെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും കോടതിയില്‍ നിന്നും വലിച്ചിറക്കി അഭിഭാഷകര്‍ മര്‍ദിക്കുയായിരുന്നു.
കന്നയ്യയെ കോടതിയില്‍ ഹാജരാക്കുന്നതറിഞ്ഞ് ജെഎന്‍യുവിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍, ഇവരെ കോടതി പരിസരത്ത് പ്രവേശിക്കാന്‍ അഭിഭാഷകര്‍ അനുവദിച്ചില്ല. അധ്യാപകരും അഭിഭാഷകരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ അമ്പതോളം പേരടങ്ങിയ സംഘം അധ്യപകരേയും മാധ്യമ പ്രവര്‍ത്തകരേയും മര്‍ദ്ദിക്കുകയായിരുന്നു. സംഘര്‍ഷം നടക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നെന്ന് ആരോപണമുണ്ട്.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ സംഘര്‍ഷം. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ കനയ്യ കുമാറിനെ ഹാജരാക്കിയപ്പോള്‍ ബിജെപി അനുകൂല അഭിഭാഷകരാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. കോടതിയിലെത്തിയ അധ്യാപകരെയും മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷക സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനിടെ കോടതി പരിസരത്ത് വിദ്യാര്‍ത്ഥികളും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടി. അക്രമ സംഭവങ്ങളെ തുടര്‍ന്നു കോടതി നടപടികള്‍ തടസപ്പെട്ടു. ഇതേതുടര്‍ന്നു ജില്ലാ ജഡ്ജി മുതിര്‍ന്ന ജഡ്ജിമാരുടെ യോഗം വിളിച്ചു.
ലോംഗ് ലീവ് ഇന്ത്യ’, ‘ജെഎന്‍യു അടച്ചു പൂട്ടുക’ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു അഭിഭാഷകര്‍ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചത്. മാധ്യമപ്രവര്‍ത്തക സംഘത്തിനു നേരെയും ആക്രമണമുണ്ടായി. വനിതാ മാധ്യമ പ്രവര്‍ത്തകരെയടക്കം തടഞ്ഞുവെച്ച് ശേഷം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യപ്പെടുകയും ദൃശ്യങ്ങള്‍ പകര്‍ത്തിയത് ചോദ്യം ചെയ്യുകയും ചെയ്തു. കോടതി പരിസരത്ത് സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുകയാണ്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണച്ചടങ്ങു സംഘടിപ്പിച്ചതിനു വെള്ളിയാഴ്ചയാണ് കനയ്യ കുമാറിനെ കസ്റ്റഡിയിലെടുത്തത്. രാജ്യദ്യോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ കനയ്യയെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കനയ്യകുമാറിനെ കോടതിയില്‍ ഹാജരാക്കിയത്.