ഉണ്ണികൃഷ്ണൻ ബാലൻ
സമീക്ഷ യു.കെ യുടെ ആറാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി യു.കെ യിലുടനീളം പ്രാദേശികമായി നടന്നു വന്ന ബാഡ്മിന്റൺ ടൂർണമെന്റ്, മാർച്ച് 12 ഞായറാഴ്ച രാത്രി 9 മണിക്ക്, കോവെൻട്രി റീജിയണിൽ നടന്ന മത്സരത്തോടെ അവസാനിച്ചു. ഈ വർഷത്തെ നാഷണൽ മത്സരം മാർച്ച് 25 ന്, മാഞ്ചസ്റ്ററിൽ വച്ച് നടക്കും. കോവെന്ററി എക്സൽ സെന്ററിൽ ഞായറാഴ്ച ഉച്ചക്ക് 3 മണിയോടെ മത്സരങ്ങൾ ആരംഭിച്ചു.
സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ് ശ്രീ. ശ്രീകുമാർ ഉള്ളാപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. നാഷണൽ സെക്രട്ടറിയേറ്റ് മെമ്പർ ശ്രീ. ശ്രീജിത്ത് സ്വാഗതവും നാഷണൽ കമ്മിറ്റി അംഗം ശ്രീമതി. സ്വപന പ്രവീൺ നന്ദിയും പറഞ്ഞു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ വിജയികൾക്ക് യഥാക്രമം 201 പൗണ്ടും ട്രോഫികളും, 101 പൗണ്ടും ട്രോഫികളും, 51 പൗണ്ടും ട്രോഫികളുമാണ് സമീക്ഷ കോവെൻട്രി ബ്രാഞ്ച് ഒരുക്കിയിരുന്നത്. ഇരുപതോളം ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ജോബി – ജിസ്‌മോൻ സഖ്യം ഒന്നാം സ്ഥാനവും, ആകാശ് – ഈശ്വർ സഖ്യം രണ്ടാം സ്ഥാനവും, ധീരു – ഇമ്മാനുവേൽ സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മെയിൻ അമ്പയർമാരായി കെറ്ററിംഗിൽ നിന്നും എത്തിയ അരുൺ, നോബിൻ എന്നിവരും, മിൽട്ടൻ കിംഗ്സിൽ നിന്നും എത്തിയ നൗഫൽ, കോവന്ററിയിലെ വിഘ്നേഷ് എന്നിവരും, ലൈൻ അമ്പയർമാരായി കോവെൻട്രി ബ്രാഞ്ച് പ്രസിഡന്റ് ശ്രീ. ജൂബിനും, ജോയിന്റ് സെക്രട്ടറി ശ്രീ. ക്ലിന്റും മറ്റു ബ്രാഞ്ച് അംഗങ്ങളും, മഞ്ചേസ്റ്ററിൽ നിന്നും എത്തിയ ഷിബിൻ, സുജേഷ്, സിറിൽ എന്നിവരും ചേർന്ന് മത്സരങ്ങൾ നിയന്ത്രിച്ചു.
മൂന്നാം സ്ഥാനം നേടിയവർക്ക് സമീക്ഷ യുകെ നാഷണൽ സെക്രട്ടറിയേറ്റ് അംഗം ശ്രീ. ശ്രീജിത്തും, രണ്ടാം സ്ഥാനം നേടിയവർക്ക് നാഷണൽ ബാഡ്മിന്റൺ ടൂർണമെന്റ് കോർഡിനേറ്റർ ശ്രീ. ജിജു ഫിലിപ്പ് സൈമണും, ഒന്നാം സ്ഥാനം നേടിയവർക്ക് കോവെൻട്രി ബ്രാഞ്ച് സെക്രട്ടറിയും വെസ്റ്റ് മിഡ്ലാൻഡ്സ് ഏരിയ സെക്രട്ടറിയും റീജിയണൽ ബാഡ്മിന്റൺ ടൂർണമെന്റ് കോർഡിനേറ്ററും ആയ ശ്രീ. പ്രവീണും, മറ്റൊരു കോർഡിനേറ്റർ ആയ അർജുനും ചേർന്നു സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് എല്ലാവിധ സഹായങ്ങളും നൽകിയ അമ്പയർമാർക്കും വളണ്ടിയർമാർക്കും കോവെൻട്രി ബ്രാഞ്ച് മെഡലുകൾ നൽകി ആദരിച്ചു.
Leave a Reply