ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ വിപുലമാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബന്ധം ദൃഢപ്പെടുത്തുന്നതില്‍ ബൈഡന്റെ പങ്ക് നിര്‍ണായകമാണെന്നും മോഡി പറഞ്ഞു.
രാജ്യാന്തര തലത്തില്‍ പല വെല്ലുവിളികളും നേരിടാന്‍ ഇന്ത്യ-യുഎസ് സഹകരണത്തിന് കഴിയുമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി.”നാല് ദശലക്ഷത്തോളം വരുന്ന ഇന്ത്യന്‍-അമേരിക്കന്‍ ജനതയാണ് യുഎസിനെ ഓരോ ദിവസവും ശക്തിപ്പെടുത്തുന്നത്. അക്രമ രാഹിത്യം എന്ന ഗാന്ധിജിയുടെ സന്ദേശം ഇന്ന് എന്നത്തേക്കാളും പ്രസക്തമാണ്. ഞാന്‍ വൈസ് പ്രസിഡന്റായിരുന്ന 2006ല്‍ തന്നെ 2020ഓടെ ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളായി മാറുമെന്ന് പറഞ്ഞിരുന്നു.” ബൈഡന്‍ അറിയിച്ചു.
ഇന്‍ഡോ-പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു. ബൈഡന്‍ യുഎസ് പ്രസിഡന്റ് ആയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. കോവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, അഫ്ഗാനിലെ താലിബാന്‍ ഭരണം എന്നിവയായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോഡി അമേരിക്കയിലെത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കുറി വൈറ്റ് ഹൗസിലെത്തിയത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇന്ത്യന്‍ ബന്ധത്തിന്റെ ദുരൂഹത നീക്കുന്ന രേഖകളുമായി. ഗൗരവമേറിയ ചര്‍ച്ചയ്ക്കു വേണ്ടിയുള്ള കൂടിക്കാഴ്ചയിലാണ്, ഇന്ത്യയിൽ ബൈഡന്റെ പൂര്‍വികരെക്കുറിച്ചു ഇരുനേതാക്കളും തമ്മില്‍ രസകരമായ ആശയവിനിമയം നടന്നത്.
‘ഇന്ത്യയിലെ ബൈഡന്‍ നാമധാരികളായവരെക്കുറിച്ച് താങ്കള്‍ എന്നോടു പറഞ്ഞിരുന്നല്ലോ. അന്നു മുതല്‍ അതേക്കുറിച്ച് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ചില രേഖകള്‍ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. അത് ഉപകാരപ്പെടുമോ എന്നു നോക്കാം’ – ചിരിച്ചു കൊണ്ടു മോദി ഹിന്ദിയില്‍ പറഞ്ഞു. ഇത് ഇംഗ്ലിഷിലേക്കു തര്‍ജമ ചെയ്തതോടെ ബൈഡന്‍ പൊട്ടിച്ചിരിച്ചു.
ശരിക്കും രേഖകള്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് ബൈഡന്‍ ആശ്ചര്യപ്പെട്ടതോടെ തലകുലുക്കി മോദി പുഞ്ചിരിച്ചു. ബൈഡന് ഇന്ത്യയില്‍ ബന്ധുക്കളുണ്ടെന്നു മോദി സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ടുണ്ട്. 1972ല്‍ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുംബൈയില്‍നിന്ന് ഒരു ബൈഡന്‍ തനിക്ക് കത്തയച്ചിരുന്നുവെന്ന് ജോ ബൈഡന്‍ വെളിപ്പെടുത്തിയിരുന്നു.
തന്റെ അഞ്ചാം തലമുറ മുത്തച്ഛന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി വഴി ഇന്ത്യയിലെത്തിയിട്ടുണ്ടാകാമെന്ന് ബൈഡന്‍ മുൻപു പറഞ്ഞിരുന്നു. നിലവില്‍ അഞ്ച് ബൈഡന്മാര്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ആരാണ് ഇന്ത്യയിലെ ബൈഡന്മാര്‍?
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇയാന്‍ ബൈഡന്‍, സഹോദരി സോണിയ ഫ്രാന്‍സിസ് നീ ബൈഡന്‍, അമ്മ ആഞ്ജലീന ബൈഡന്‍, ഇയാന്റെ ഫസ്റ്റ് കസിന്‍ റൊവേന ബൈഡന്‍ എന്നിവരാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. 1972ല്‍ തനിക്ക് കത്തയച്ചുവെന്ന ബൈഡന്‍ പറഞ്ഞയാള്‍ ഇയാന്‍ ബൈഡന്റെ മുത്തച്ഛനായ ലെസ്‌ലി ബൈഡന്‍ ആണ്. ഇവര്‍ നാഗ്പുരിലാണു കഴിയുന്നത്. കത്തയച്ചത് മുംബൈയില്‍നിന്നായതിനാലാണ് ഇവര്‍ മുംബൈയിലാണെന്ന് ബൈഡന്‍ കരുതിയത്. മറുപടിക്കത്ത് ബൈഡന്‍ നാഗ്പുര്‍ വിലാസത്തിലാണ് അയച്ചത്.
മുംബൈയില്‍നിന്നുള്ള കത്ത്
1972ല്‍ യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റര്‍മാരിലൊരാളായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആദ്യം ലഭിച്ച കത്തുകളിലൊന്ന് മുംബൈയില്‍നിന്നാണ്. ആശംസ അറിയിച്ച് കത്തയച്ചയാളുടെ അവസാന പേരും ബൈഡന്‍ എന്നായിരുന്നു. അന്ന് 29കാരനായ ബൈഡന്‍ ഈ കത്തിന്റെ പിന്നാലെ പോകാന്‍ ആഗ്രഹിച്ചെങ്കിലും കുടുംബ, രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകള്‍ മൂലം സാധിച്ചില്ല. പിന്നീട് ബൈഡന്‍ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരെയും ഇന്ത്യന്‍ നേതാക്കളെയും കാണുമ്പോള്‍ ‘മുംബൈയില്‍നിന്നുള്ള ബൈഡന്‍’ വിഷയം സംസാരിക്കാറുണ്ടായിരുന്നു.
യുഎസ് വൈസ് പ്രസിഡന്റായിരിക്കെ ഇന്ത്യയിലെ പ്രഥമ സന്ദര്‍ശനത്തില്‍ 2013 ജൂലൈ 24ന് മുംബൈയില്‍ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിനെ അഭിസംബോധന ചെയ്യവെ, എഴുതിത്തയാറാക്കിയ പ്രസംഗത്തില്‍നിന്നു വ്യതിചലിച്ച് ‘മുംബൈയില്‍നിന്നുള്ള ബൈഡന്‍’ വിഷയം അദ്ദേഹം പ്രതിപാദിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാഗമായോ മറ്റോ ഇന്ത്യയിലെത്തി ജോലി ചെയ്തിരുന്ന പൂര്‍വികരുടെ പിന്‍ഗാമികളാകാം താനും മുംബൈയില്‍നിന്നുള്ള ബൈഡനുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം വാഷിങ്ടന്‍ ഡിസിയില്‍ നടത്തിയ പ്രസംഗത്തില്‍, ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന തങ്ങളുടെ പൂര്‍വികര്‍ ഒന്നാണെന്ന് ബൈഡന്‍ പറഞ്ഞു. 2015 സെപ്റ്റംബര്‍ 21ന് യുഎസ് – ഇന്ത്യ ബിസിനസ് കൗണ്‍സിലിനെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തില്‍ ‘പൂര്‍വ പിതാമഹന്‍ ഈസ്റ്റ് ഇന്ത്യ ടീ കമ്പനിയിലെ ബ്രിട്ടിഷ് ക്യാപ്റ്റനായിരുന്നു. ഇന്ത്യക്കാരിയെ വിവാഹം ചെയ്ത് ഇന്ത്യയില്‍ താമസിച്ചു’ എന്നും പറഞ്ഞിട്ടുണ്ട്. 5 ബൈഡന്‍മാര്‍ മുംബൈയിലുണ്ടെന്ന് തന്റെ മുംബൈയിലെ പ്രസംഗത്തിനുശേഷം ഒരു മാധ്യമ പ്രവര്‍ത്തകന്‍ അറിയിച്ചെന്ന കാര്യവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ബന്ധം ഈസ്റ്റ് ഇന്ത്യ കമ്പനി വഴി
ഈസ്റ്റ് ഇന്ത്യ കമ്പനി ക്യാപ്റ്റനും 19 വര്‍ഷം മദ്രാസിന്റെ മാസ്റ്റര്‍ അറ്റന്‍ഡന്റുമായിരുന്ന ക്രിസ്റ്റഫര്‍ ബൈഡന്‍ ജോ ബൈഡന്റെ അഞ്ചാം തലമുറ മുത്തച്ഛനാണെന്നാണു ചരിത്രകാരന്‍മാര്‍ പറയുന്നത്. ചെന്നൈ തുറമുഖത്തെത്തുന്ന കപ്പലുകളുടെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ക്രിസ്റ്റഫര്‍ ബൈഡന്‍ 68–ാം വയസ്സില്‍ 1858 ഫെബ്രുവരി 25ന് ചെന്നൈയിലാണു മരിച്ചത്.
അദ്ദേഹത്തെ അടക്കിയ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ആ പേരു കൊത്തിയ ശിലാഫലകം ഇന്നുമുണ്ട്. ഇംഗ്ലിഷ്, ഐറിഷ്, ഫ്രഞ്ച് വംശാവലിയാണു ബൈഡന്‍ കുടുംബചരിത്രത്തിലുള്ളത്.
Leave a Reply