സ്വന്തം ലേഖകൻ
യു എസ് :- പുതുതായി ചുമതലയേറ്റ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഉച്ചയ്ക്ക് ആദ്യമായി ഓവൽ ഓഫീസിലെത്തി പുതിയ എക്സിക്യൂട്ടീവ് ഓഡറുകളിൽ ഒപ്പിട്ടു. അതോടൊപ്പം തന്നെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തിനായി എഴുതി വച്ച കത്തും ബൈഡൻ വായിച്ചു. എന്നാൽ കത്തിലെ വിശദാംശങ്ങളൊന്നും തന്നെ പുറത്തു വിടുവാൻ അദ്ദേഹം തയ്യാറായില്ല. സമാധാനപരമായ അധികാര കൈമാറ്റത്തിന്റെ അടയാളമായി ട്രംപ് ആകെ നടത്തിയ പരിശ്രമമാണ് തന്റെ പിൻഗാമിക്കായി എഴുതിയ ഈ കത്ത്. ഇലക്ഷനിൽ വിജയിച്ച ശേഷം ട്രംപ് ബൈഡനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയോ, ബൈഡൻ അധികാരമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. ബൈഡൻ മാസ്ക്ക് ധരിച്ചാണ് തന്റെ ഓഫീസിലേക്ക് എത്തിയത്. ഇതിൽ തന്നെ തന്റെ മുൻഗാമിയുമായി ബൈഡൻ വ്യത്യസ്തത പുലർത്തി. ട്രംപ് ഒരിക്കൽ പോലും പൊതുവായ ചടങ്ങുകളിൽ മാസ്ക് ധരിച്ചിരുന്നില്ല.
മൂന്ന് എക്സിക്യൂട്ടീവ് ഓർഡറുകളിൽ ആണ് ബൈഡൻ ഒപ്പിട്ടത്. ഇതിൽ പാരിസ് കാലാവസ്ഥ കരാറിൽ യുഎസ് തിരിച്ചു ചേരുന്നത് സംബന്ധിച്ച ഫയലും ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഓർഡറുകളിൽ അദ്ദേഹം ഒപ്പിടും. അതിനുശേഷം അദ്ദേഹം ആയിരത്തോളം ഫെഡറൽ അപ്പോയിന്റികളുമായി വീഡിയോ കോൺഫറൻസിംഗ് നടത്തി. പരസ്പരമുള്ള ബഹുമാനവും വിശ്വാസവും ആണ് എല്ലാവർക്കും ആവശ്യമെന്ന് ബൈഡൻ അവരെ ഓർമ്മപ്പെടുത്തി. ഭാര്യ ജിൽ ബൈഡനൊപ്പം വൈറ്റ് ഹൗസിലേയ്ക്ക് പ്രവേശിച്ചതിനു ശേഷമാണ് പ്രസിഡന്റ് തന്റെ ഓഫീസിലെത്തിയത്.
ഉച്ചയ്ക്ക് മുൻപ് പ്രസിഡന്റ് ബൈഡനും, വൈസ് പ്രസിഡന്റ് കമല ഹാരിസും ചേർന്ന് സൈനികരുടെ ശവകുടീരത്തിൽ റീത്ത് സമർപ്പിച്ചിരുന്നു. മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൻ തുടങ്ങിയവരും ഈ സമ്മേളനത്തിൽ പങ്കെടുത്തു. എന്നാൽ ട്രംപ് മാത്രം ഈ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. പുതിയ പ്രസിഡന്റിന്റെ ഭരണ മാറ്റങ്ങൾക്കായി ജനങ്ങൾ കാത്തിരിക്കുകയാണ്.
Leave a Reply