നാട്ടുകാർക്കു മുന്നിൽ കന്നിക്കിരീടം നേടി ജ്വലിച്ചുയരുന്നതു സ്വപ്നം കാണുന്ന ഇംഗ്ലണ്ടിന്റെ മുൻനിരപ്പോരാളിയാണ് ജൊനാഥൻ മാർക് ബെയർസ്റ്റോ എന്ന ജോണി ബെയർസ്റ്റോ. തുടർച്ചയായ രണ്ടു മൽസരങ്ങളിൽ സെഞ്ചുറി നേടി മിന്നിനിൽക്കുകയാണ് ഈ ഇംഗ്ലിഷ് ഓപ്പണർ. ലോകത്തിലെ മികച്ച രണ്ടു ടീമുകൾക്കെതിരെയായിരുന്നു ഈ സെഞ്ചുറി നേട്ടങ്ങളെന്നത് ഇരട്ടിത്തിളക്കം നൽകുന്നു. ഇന്ത്യയ്‌ക്കെതിരെ 111 റൺസും ന്യൂസീലൻഡിനെതിരെ 106 റൺസുമെടുത്ത ബെയർസ്റ്റോ ഇരു കളികളിലും മാൻ ഓഫ് ദ് മാച്ച് ആവുകയും ചെയ്തു. ബെയർസ്റ്റോ ബാറ്റിങ്ങിന്റെ കരുത്തിൽ ഇന്ത്യയെ 31 റൺസിനും ന്യൂസീലൻഡിനെ 119 റൺസിനുമാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. മാത്രമല്ല, പുറത്താകലിന്റെ വക്കിൽനിന്ന് സെമിയിലേക്കു കുതിക്കുകയും ചെയ്തു!

ബെയർസ്റ്റോ– ജെയ്സൻ റോയ് സഖ്യത്തിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് പ്രതീക്ഷകൾ കെട്ടിപ്പൊക്കിയിരിക്കുന്നത്. ഇവർ ചേർത്തുപണിയുന്ന അടിത്തറയിലാണ് ഓയിൻ മോർഗന്റേയും ബെൻ സ്റ്റോക്സിന്റേയും ജോ റൂട്ടിന്റേയും ജോസ് ബട്‍ലറിന്റേയുമൊക്കെ വമ്പനടികൾ ടീമിനെ 300നും 350നും അപ്പുറം കടത്തുന്നത്. ലോകകപ്പിൽ 9 കളികളിൽനിന്ന് 462 റൺസാണ് ഇതുവരെയുള്ള സമ്പാദ്യം. ജോ റൂട്ട് (500) കഴിഞ്ഞാൽ ഇംഗ്ലിഷ് നിരയിൽ രണ്ടാമൻ. രണ്ടു സെഞ്ചുറികളും രണ്ട് അർധസെഞ്ചുറികളും സ്വന്തമാക്കിക്കഴിഞ്ഞു. ശരാശരിയാകട്ടെ 51 ഉം. ബെയർസ്റ്റോയെപ്പോലൊരു താരമുള്ളപ്പോൾ ഇംഗ്ലണ്ട്, കിരീടം സ്വപ്നം കാണുന്നതിൽ തെറ്റുപറയാനാകില്ല അല്ലേ.


ക്രിക്കറ്റ് രക്തത്തിൽ അലിഞ്ഞ ജന്മമാണ് ബെയർസ്റ്റോയുടേത്. മുൻ ഇംഗ്ലിഷ് വിക്കറ്റ് കീപ്പർ ഡേവിഡ് ബെയർസ്റ്റോയുടെ മകൻ പാരമ്പര്യഗുണം കൊണ്ടുതന്നെ വിക്കറ്റ് കീപ്പിങ്ങിലും കേമൻ. എന്നാൽ അടിപൊളി ബാറ്റ്സ്മാനെന്ന നിലയിലാണ് ബെയർസ്റ്റോയുടെ ലോകകപ്പ് അവതാരം. ജോസ് ബട്‌ലർ കീപ്പറായുള്ളതിനാൽ ബെയർസ്റ്റോയ്ക്ക് ബാറ്റിങ്ങിൽ മാത്രം ശ്രദ്ധിച്ചാൽ മതി.
അച്ഛനെപ്പോലെ യോർക്‌ഷറിൽ തന്നെയാണ് ജോണിയും കളിച്ചുതുടങ്ങിയതും തെളിഞ്ഞുമിന്നിയതും. 15 വയസ്സിൽ താഴെയുള്ളവരുടെ യോർക്‌ഷർ ടീമിൽ കളിക്കുമ്പോൾ യങ് സ്കൂൾ വിസ്‍ൻ ക്രിക്കറ്റർ പുരസ്കാരം (2007) സ്വന്തമാക്കി. തൊട്ടടുത്ത വർഷം ക്ലബുമായി മുഴുവൻ സമയ കരാറുമൊപ്പിട്ടു. 2011ൽ ഇന്ത്യയ്‌ക്കെതിരെ ആയിരുന്നു ഏകദിന അരങ്ങേറ്റം. കാർഡിഫിൽ 21 പന്തിൽ പുറത്താകാതെ 41 റൺസെടുക്കുകയും ചെയ്തു. 2011ൽ വെസ്റ്റിൻഡീസിനെതിരെ ട്വന്റി20യിലും 2012ൽ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്ന് ഫോർമാറ്റിലും കളിക്കുമെങ്കിലും ഏകദിനത്തിലാണ് ബെയർസ്റ്റോ തകർത്തുമിന്നുന്നത്. ഇതുവരെ കളിച്ചത് 72 മൽസരങ്ങൾ. 2791 റൺസാണ് സമ്പാദ്യം. 141 നോട്ടൗട്ട് അടക്കം ഒൻപതു സെഞ്ചുറികളും കുറിച്ചിട്ടുണ്ട്. നൂറിനു മുകളിലാണ് സ്ട്രൈക്ക് റേറ്റ്. ശരാശരിയാകട്ടെ 48 ഉം. 63 ടെസ്റ്റുകളിൽ 3806 റൺസും ആറു സെഞ്ചുറികളും ട്വന്റി20യിൽ 513 റൺസും അക്കൗണ്ടിലുണ്ട്.
തുടർച്ചയായി മൂന്ന് ഏകദിനങ്ങളിൽ സെഞ്ചുറി നേടിയ ആദ്യ ഇംഗ്ലണ്ട് താരമെന്ന പകിട്ടും ബെയർസ്റ്റോയ്ക്കുണ്ട്. വിക്കറ്റ് കീപ്പറെന്ന നിലയിലും ശ്രദ്ധേയ നേട്ടത്തിനുടമയാണ് ഈ വലംകയ്യൻ. രണ്ടു ടെസ്റ്റുകളിൽ 9 പേരെ വീതം പുറത്താക്കുന്ന ആദ്യ ഇംഗ്ലിഷ് താരമാണിദ്ദേഹം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ശ്രീലങ്കയ്‌ക്കെതിരെയുമായിരുന്നു ഈ നേട്ടങ്ങൾ. ഒരു കലണ്ടർ വർഷം കൂടുതൽ ബാറ്റ്സ്മാൻമാരെ പുറത്താക്കുന്ന വിക്കറ്റ് കീപ്പറെന്ന ബഹുമതി 2016 ൽ ബെയർസ്റ്റോ സ്വന്തമാക്കിയിരുന്നു. 70 പേരായിരുന്നു ഇരകൾ. അതേവർഷം ടെസ്റ്റിൽ കൂടുതൽ റൺസ് (1470) നേടുന്ന കീപ്പറെന്ന സ്ഥാനവും ചേർത്തുവച്ചു.

ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന്റെ പേരിൽ, ബെയർസ്റ്റോ നന്ദിയോടെ ഓർക്കുന്നത് ഇന്ത്യൻ പ്രീമിയർ ലീഗ് നൽകിയ പരിചയസമ്പത്തിനെയാണ്. ഇന്ത്യയ്‌ക്കെതിരെ നേടിയ വിജയത്തിനുശേഷം തന്റെ ബാറ്റിങ് മികവിനു കാരണക്കാരൻ മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മണാണെന്നാണ് ബെയർസ്റ്റോ പ്രതികരിച്ചത്. കഴിഞ്ഞ ഐപിഎല്ലിൽ ഹൈദരാബാദ് സൺറൈസേഴ്സിന്റെ താരമായിരുന്ന തനിക്ക് മെന്ററായിരുന്ന ലക്ഷ്മൺ നൽകിയ ഉപദേശങ്ങളാണ് സ്പിന്നിനെതിരെ നന്നായി കളിക്കാൻ ഗുണകരമായതെന്ന് ബെയർസ്റ്റോ വെളിപ്പെടുത്തി. ഐപിഎല്ലിൽ 10 കളികളിൽനിന്ന് 55 ലേറെ ശരാശരിയിൽ 445 റൺസാണ് ബെയർസ്റ്റോ സ്വന്തമാക്കിയത്. ബാംഗ്ലൂരിനെതിരെ 56 പന്തിൽ 114 റൺസെടുത്തും ശ്രദ്ധേനായി.