ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : രാജ്യം വിട്ട് ഐഎസിൽ ചേരാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നെന്നും രാജ്യത്തേക്ക് തിരികെ വരാൻ താല്പര്യമുണ്ടെന്നും അറിയിച്ച് ഷമിമ ബീഗം. 21കാരിയായ ഷമിമ, തന്റെ പുതിയ അഭിമുഖത്തിൽ ഒരു ഹിജാബ് ധരിച്ച് ഐഎസ്ഐഎസിന്റെ നടപടികളെ എതിർക്കുന്നു. അവളുടെ പ്രാരംഭ അഭിമുഖങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇത്. 2015ൽ ബെത്‌നാൽ ഗ്രീൻ സ്‌കൂൾ വിദ്യാർത്ഥിനിയായിരിക്കെ ബ്രിട്ടൻ വിട്ട് സിറിയയിലേക്ക് പോയപ്പോൾ തീവ്രവാദികൾ തന്റെ മനസ് മാറ്റുകയായിരുന്നുവെന്ന് ബംഗ്ലാദേശ് വംശജയായ ഷമീമ വ്യക്തമാക്കി. ഡേഞ്ചർ സോൺ എന്ന ചിത്രത്തിനായി ആൻഡ്രൂ ഡ്രൂറിയോട് സംസാരിച്ച അവൾ പറഞ്ഞു: “ഞാൻ ഒരു തീവ്രവാദിയാണെന്ന് കരുതുന്നില്ല. എന്നാൽ വലിയൊരു തെറ്റ് ചെയ്തു.”
“എന്നെ പുനരധിവസിപ്പിക്കണമെന്ന് ഞാൻ വ്യക്തിപരമായി ആവശ്യപ്പെടുന്നില്ല. പക്ഷേ മറ്റുള്ളവരെ പുനരധിവസിപ്പിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.” ഷമിമ കൂട്ടിച്ചേർത്തു. താൻ ഇപ്പോൾ പാശ്ചാത്യ വസ്ത്രങ്ങൾ ആണ് ധരിക്കുന്നതെന്ന് അവൾ ഡ്രൂറിയോട് പറഞ്ഞു. യുകെ സർക്കാരിനായി സന്ദേശമുണ്ടോ എന്ന് ചോദിച്ചപ്പോൾ അവർ കൂട്ടിച്ചേർത്തു: “ദയവായി എനിക്ക് വീട്ടിലേക്ക് വരാൻ അനുവാദം നൽകാമോ?” 2019 ഫെബ്രുവരിയിൽ സിറിയൻ അഭയാർത്ഥി ക്യാമ്പിൽ കഴിയവേ ഷമീമ ഒമ്പത് മാസം ഗർഭിണിയാണെന്ന വാർത്ത വന്നപ്പോൾ മുൻ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ദേശീയ സുരക്ഷാ കാരണങ്ങളാൽ അവളുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയിരുന്നു. ഗർഭിണിയായിരിക്കുമ്പോൾ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളും ഐഎസിൽ നിന്ന് ഓടി രക്ഷപെട്ട സാഹചര്യവും വിവരിക്കുന്ന പുതിയ ഡോക്യുമെന്ററി ‘ദി റിട്ടേൺ: ലൈഫ് ആഫ്റ്റർ ഐഎസ്ഐഎസ്’, ഇന്ന് പുറത്തിറങ്ങും. പൗരത്വം തിരിച്ചുകിട്ടാനായി നിയമവഴികളിൽ ഷമിമ ഇറങ്ങിത്തിരിച്ചെങ്കിലും യുകെ സുപ്രീം കോടതി അവരുടെ ഹർജി തള്ളി. ബംഗ്ലാദേശും അവളെ കയ്യൊഴിഞ്ഞു.
ഇതിന് സമാനമായ സാഹചര്യമാണ് കഴിഞ്ഞ ദിവസം കേരളത്തിലും നടന്നത്. അഫ് ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്ന 4 മലയാളി യുവതികളെയും നാട്ടിലേക്ക് തിരിച്ചെത്തിക്കേണ്ട എന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഐഎസ് ഭീകരരെ വിവാഹം ചെയ്ത സ്ത്രീകളെയും അവരുടെ കുട്ടികളെയും തിരികെ സ്വീകരിക്കേണ്ടതെന്ന നിലപാട് നേരത്തേ സ്വീകരിച്ചിരുന്നു. സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ, റാഫീല, മെറിൻ ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ ഇസാ എന്നിവരാണ് അഫ് ഗാൻ ജയിലിൽ ഉള്ളത്. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഇൻ ഖൊറാസൻ പ്രൊവിൻസിൽ (ഐഎസ്കെപി) ചേരാൻ 4 പേരുടെയും ഭർത്താക്കന്മാർ അഫ് ഗാനിലേക്ക് കടന്നപ്പോഴാണ് ഇവർ കൂടെ പോയത്. 2013 നും 2018 നും ഇടയിൽ ഐഎസിൽ ചേരാനായി സിറിയയിലേക്കും ഇറാക്കിലേക്കും പോയവരിൽ മറ്റു രാജ്യങ്ങളുടെ 52,808 പൗരന്മാരുണ്ടെന്നാണു ബിബിസി റിപ്പോർട്ട് ചെയ്തത്.
Leave a Reply