ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകത്തിനാകെ മാതൃകയായ എൻഎച്ച്എസിന് ബ്രിട്ടീഷ് സമൂഹത്തിലുള്ള സ്വാധീനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അതുകൊണ്ടുതന്നെ 12 മണിക്കൂറിലേറെ പിപിഇ കിറ്റ് ധരിച്ച് ജോലിചെയ്യുന്ന എൻഎച്ച്എസ് സ്റ്റാഫിനോടുള്ള ആദരസൂചകമായി മലയാളികളായ ഷിബു മാത്യുവും ജോജി തോമസും ബ്രിട്ടീഷ് ചരിത്രത്തിൻറെ ഭാഗമായ ലിവർപൂൾ ലീഡ്സ് കനാൽ തീരത്തു കൂടി സ്കിപ്ടൺ മുതൽ ലീഡ്സ് വരെയുള്ള 31 മൈൽ ആഗസ്റ്റ് 14 -ന് നടക്കുമ്പോൾ ലഭിച്ച പ്രതികരണം അഭൂതപൂർവ്വം ആയിരുന്നു. ചാരിറ്റി വാക്കിൻറെ ന്യൂസ് പുറത്തുവന്ന് 12 മണിക്കൂർ തികയും മുമ്പ് ശേഖരിക്കാൻ സാധിച്ചത് 1000 -ത്തിലേറെ പൗണ്ടാണ്. ഇതിനുപുറമേ നേഴിസിംഗ് മേഖലയിലുള്ള നിരവധിപേരാണ് സ്പോൺസേർഡ് വാക്കിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ എൻഎച്ച്എസിന് വേണ്ടിയുള്ള സ്പോൺസേർഡ് വാക്കിന് കൂടുതൽ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
ഓഗസ്റ്റ് പതിനാല് ശനിയാഴ്ചയാണ് പ്രസ്തുത സ്പോൺസേർഡ് വാക്ക് നടക്കുന്നത്. വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസാണ് സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ.
എൻഎച്ച്എസ് നേതൃത്വം ഈ സ്പോൺസേർഡ് വാക്കിന് വലിയ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളി നഴ്സ്മാർക്ക് എൻഎച്ച്എസിനോടുള്ള അത്മാർത്ഥത വളരെ ഗൗരവത്തോടു കൂടിയാണ് എൻഎച്ച്എസ് നേതൃത്വം കാണുന്നത്. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഓരോ മലയാളിക്കും അഭിമാനിക്കാനാവുന്നതാണ് ഈ സ്പോൺസേർഡ് വാക്ക്. സമൂഹത്തിൻ്റെ നാനാതുറയിലുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും കനാൽ വാക്കിന് വലിയ പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ പ്രാദേശികരായ പാശ്ചാത്യ സമൂഹവും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
കോവിഡ് മഹാമാരി ലോക ജനതയിൽ ഭീതി വിതച്ച് മുന്നേറുമ്പോൾ കോവിഡിനെതുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒരു ആശുപത്രി വാസത്തിലേയ്ക്കോ, ചികിത്സാ സഹായം തേടേണ്ട സാഹചര്യത്തിലേയ്ക്കോ എത്തിയാൽ കൈയ്യിൽ സമ്പാദ്യം ഇല്ലാത്തതിൻ്റെ ബുദ്ധിമുട്ടുകളെക്കുറിച്ചോ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചോ ചിന്തിച്ചവരാണ് ലോക ജനസംഖ്യയിൽ ഭൂരിഭാഗവും. എന്നാൽ ബ്രട്ടണിലെ ജനതയ്ക്ക് ഇത്തരത്തിൽ ഒരിക്കൽപ്പോലും ചിന്തിക്കേണ്ടി വരില്ല. കോവിഡല്ല, എന്ത് മഹാമാരി വന്നാലും താങ്ങായി ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷിത സൗജന്യ ചികിത്സാ സൗകര്യങ്ങളുമായി എൻഎച്ച്എസ് ഉണ്ട്. ഒരു മനുഷ്യ ജീവൻ രക്ഷിക്കാനായി ഏയർ ആംബുലൻസോ മറ്റ് ഏത് മാർഗ്ഗങ്ങളോ ഉപയോഗിക്കേണ്ടി വന്നാലും മലയാളികൾ ഉൾപ്പെടുന്ന ബ്രട്ടീഷ് ജനതയ്ക്കായി എൻഎച്ച്എസ് അത് ചെയ്തിരിക്കും. ജീവൻ നിലനിർത്താനായി 18 കോടി വിലവരുന്ന മരുന്നിനായി വിശാലമനസ്ക്കരായ ആൾക്കാരുടെ കനിവിനായി കാത്തിരിക്കുന്ന ഒരു കുരുന്നിൻ്റെ ചിത്രം മലയാളികൾ മറന്നിട്ടില്ല. പക്ഷേ ബ്രിട്ടണിൽ എൻഎച്ച്എസ് ഉള്ളടത്തോളം ഒരു കുഞ്ഞിനും ഇത്തരത്തിലുള്ള ഒരു കാത്തിരിപ്പ് ആവശ്യമില്ല.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അതിൻ്റെ ഭീകരതയിൽ നിന്ന് കരകയറുന്നതിന് മുമ്പ് 1948 ജൂലൈ 5നാണ്എൻഎച്ച്എസിന് തുടക്കമിട്ടത്. ഇതിൻ്റെ ആരംഭത്തിൽ ആരും പ്രതീക്ഷില്ല ഇത് ലോകത്തിലെ ഏറ്റവും മികച്ചതും വലുതുമായ ഒരു ആരോഗ്യ സംവിധാനം ആകുമെന്ന്. എന്നാൽ ഇന്ന് ബ്രിട്ടീഷുകാർ ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്ന കാര്യങ്ങളിലൊന്നാണ് എൻഎച്ച്എസ്. ലോകമഹായുദ്ധവിജയങ്ങളൊക്കെ അതിന് ശേഷമേ വരികയുള്ളൂ.
യുകെയിൽ താമസിക്കുന്ന ഓരോ മലയാളിയും എൻഎച്ച്എസിൻ്റെ ഏറ്റവും വലിയ പ്രയോക്താക്കളാണ്. തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ നമ്മളേക്കാൾ കൂടുതൽ കരുതൽ എൻഎച്ച്എസ് എടുക്കുന്നു എന്നതാണ് പ്രഥമ കാരണം. അതിലുപരിയായി നമ്മളിൽ ഭൂരിഭാഗം പേരുടെയും അന്നമാണ് എൻഎച്ച്എസ്. ബ്രിട്ടൺ എന്ന വികസിത രാജ്യത്തേയ്ക്ക് കുടിയേറാൻ മലയാളിയെ സഹായിച്ചത് എൻഎച്ച്എസ് ആണ്.
കൊറോണ മഹാമാരി ഭീതി വിതച്ച പോയ വർഷം 12 മണിക്കൂറിലധികം പി. പി. ഇ കിറ്റുമായി ജോലി ചെയ്ത നമ്മുടെ കുടംബാംഗങ്ങൾ ഉൾപ്പെടെയുള്ള ജീവനക്കാരേക്കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?? അവർക്ക് കൂടി വേണ്ടിയാണ് ഈ സ്പോൺസേർഡ് കനാൽ വാക്ക്. നിങ്ങൾ നല്കുന്ന പെന്നികൾ, പൗണ്ടുകൾ ഉപയോഗിച്ച് കുറഞ്ഞത് ഒരു വാട്ടർ കൂളറൊ, കോഫീമെഷീനോ അവർക്ക് നൽകാൻ സാധിച്ചാൽ അതൊരു വലിയൊരു ആശ്വാസമാണ്. രോഗികളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും എൻഎച്ച്എസ് ചാരിറ്റിയിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നുണ്ട്.
ഓഗസ്റ്റ് പതിനാലിന് നടക്കുന്ന സ്പോൺസേർഡ് കനാൽ വാക്കിന് ബ്രിട്ടണിലുള്ള എല്ലാ മലയാളികളുടെയും നിസ്വാർത്ഥമായ സഹകരണം പ്രതീക്ഷിക്കുകയാണ്. നിങ്ങൾ നൽകുന്ന ഓരോ പെൻസും നമുക്ക് അന്നം തരുന്ന എൻഎച്ച്എസിനോടുള്ള നന്ദിയർപ്പിക്കാനുള്ള നല്ല അവസരമായി കാണണമെന്ന് ജോജിയും ഷിബുവും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
നിങ്ങൾ സംഭാവനയായി നൽകുന്ന സ്പോൺസർഷിപ്പ് താഴെ കാണുന്ന ലിങ്കിലൂടെ ട്രാൻസ്ഫർ ചെയ്താൽ അത് എൻഎച്ച്എസിൻ്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് നേരിട്ടെത്തുന്നതാണ്. ഇതിൻ്റെ വിജയത്തിനായി നല്ലവരായ എല്ലാ മലയാളികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ സംഭാവനകൾ ഡൊണേറ്റ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Leave a Reply