ന്യൂസ് ഡെസ്ക് മലയാളം യുകെ
NHS -ന് കൈത്താങ്ങായി യോർക്ക്ഷയർ മലയാളികളായ ഷിബു മാത്യുവും ജോജി തോമസും നേതൃത്വം നൽകുന്ന സ്പോൺസേർഡ് കനാൽ വാക്കിന് ജനപിന്തുണയേറുന്നു. കനാൽ വാക്ക് അനൗൺസ് ചെയ്ത ആദ്യ ആഴ്ചയിൽ തന്നെ സ്പോൺസർഷിപ്പ് രണ്ടായിരം പൗണ്ടിലേയ്ക്കടുക്കുന്നു.
യുകെയുടെ ചരിത്രത്തിൻ്റെ ഭാഗമായ ലീഡ്സ് ലിവർപൂൾ കനാൽ കടന്നു പോകുന്ന സ്കിപ്ടണിൽ നിന്ന് സ്പോൺസേർഡ് കനാൽ വാക്ക് ആരംഭിക്കും. ഓഗസ്റ്റ് 14 -ന് രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന കനാൽ വാക്കിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം യുക്മ നേഴ്സസ്സ് ഫോറം സെക്രട്ടിയും മുൻ യുകെ ക്നാനായ കാത്തലിക് വിമൻസ് ഫോറം സെക്രട്ടറിയുമായ ലീനുമോൾ ചാക്കോയും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വിമൻസ് ഫോറം പ്രസിഡൻ്റും CC ഗ്ലോബൽ മെഡിക്കൽ കൗൺസിലർ മെമ്പറുമായ ജോളി മാത്യുവും സംയുക്തമായി നിർവ്വഹിക്കും. തുടർന്ന് ജോജി തോമസും ഷിബു മാത്യുവും നേതൃത്വം നൽകുന്ന ലീഡ്സിനെ ലക്ഷ്യമാക്കിയുള്ള കനാൽ വാക്ക് ആരംഭിക്കും. കനാൽ വാക്കിൻ്റെ തുടക്കത്തിൽ തന്നെ NHS -ൻ്റെ നേതൃത്വ നിരയിലുള്ള ഡോക്ടേഴ്സും നേഴ്സുമാരുമടങ്ങുന്ന നിരവധി മലയാളികളും അവരുടെ കുടുംബവും കനാൽ വാക്കിൽ അണിനിരക്കും. 31 മൈൽ ദൈർഘ്യമുള്ള കനാൽ വാക്കിൽ മുഴുവനായും ഭാഗീകമായും നടക്കുവാൻ താല്പര്യപ്പെട്ട് നിരവധി യോർക്ക്ക്ഷയർ മലയാളികളാണ് ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്. രാവിലെ ഏഴ് മണിക്കാരംഭിക്കുന്ന കനാൽ വാക്ക് 31 മൈൽ താണ്ടി വൈകിട്ട് ഏഴ് മണിയോടെ ലീഡ്സിൽ എത്തിച്ചേരും.
യുകെയിൽ താമസിക്കുന്ന ഓരോ മലയാളിയും NHS -ൻ്റെ ഏറ്റവും വലിയ പ്രയോക്താക്കളാണ്. തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ തങ്ങളേക്കാൾ കൂടുതൽ കരുതൽ NHS എടുക്കുന്നു എന്നതാണ് പ്രഥമ കാരണം. അതിലുപരിയായി നമ്മളിൽ ഭൂരിഭാഗം പേരുടെയും അന്നമാണ് NHS . ബ്രിട്ടൺ എന്ന വികസിത രാജ്യത്തേയ്ക്ക് കുടിയേറാൻ മലയാളിയെ സഹായിച്ചത് NHS ആണ്. അതു കൊണ്ടു തന്നെNHS -ന് മലയാളികളുമായി നല്ല ബന്ധമാണുള്ളത്. ഈ ബന്ധം കൂടുതൽ ഊർജ്ജസ്വലതയുള്ളതാക്കി തീർത്ത് നമ്മൾ ഇപ്പോൾ ആയിരിക്കുന്ന രാജ്യത്തിനോടൊപ്പം നിൽക്കേണ്ടത് മലയാളികളായ നമ്മുടെ ഉത്തരവാദിത്വവും നന്മയുമാണ്.
ഓർമ്മിക്കുക. നിങ്ങൾ കൊടുക്കുന്ന ഓരോ പെൻസും വളരെ വിലപ്പെട്ടതാണ്. അത് രാജ്യത്തിൻ്റെ നന്മയ്ക്കായി ഉപകരിക്കും. നിങ്ങളുടെ സ്പോൺസർഷിപ്പുകൾ ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്ത് അതിൽ നിക്ഷേപിക്കുക.
Leave a Reply