ഷെറിൻ പി യോഹന്നാൻ

ഇനി ജോക്കർ എന്ന് പറയുമ്പോ എനിക്ക് ആദ്യം ഓർമ വരുന്നത് ആർതർ ഫ്‌ളെക്ക് എന്ന പേരായിരിക്കും. അത്രമേൽ പ്രേക്ഷനോട് സംവദിക്കുന്നുണ്ട് ഈ ജോക്കർ. നിരന്തരം ആത്മസംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ആർതർ എന്ന സ്റ്റാൻഡ്അപ്പ്‌ കോമേഡിയന്റെ ജീവിതം ആണ് സിനിമ. ജോക്കർ ആയി ജീവിക്കുകയാണ് ജാക്വിൻ ഫീനിക്സ്. അസാധ്യ പ്രകടനം…. ഗൺ വൈലൻസും കൊലപാതകങ്ങളും ഉള്ള സിനിമ തന്നെയാണ് ജോക്കർ. അത്കൊണ്ട് എല്ലാ തരം പ്രേക്ഷകനും തൃപ്തിപ്പെടണമെന്നില്ല.

അത്രയും വലിയ ആത്മസംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ഒരാൾക്കേ അത്ര ക്രൂരനായ ഒരാളാവാൻ കഴിയൂ. അതുതന്നെയാണ് സിനിമ പറയുന്നത്. ഒരു വില്ലൻ കഥാപാത്രത്തെ നായകനാക്കി അവതരിപ്പിക്കാൻ ചിത്രം ശ്രമിക്കുന്നില്ല. അത് തന്നെയാണ് ചിത്രത്തിന്റെ മേന്മ. രണ്ടാം പകുതിയിലെ സീനുകളൊക്കെ അതിഗംഭീരമാണ്. ശക്തമായ പശ്ചാത്തലസംഗീതം. നാം നിലനിൽക്കുന്നുപോകുന്ന സിസ്റ്റത്തെ കൂടി ചോദ്യം ചെയ്യുന്നുണ്ട് സിനിമ.ക്ലൈമാക്സ്‌ സീനുകൾ പറയുന്നതും അത് തന്നെ.

 

ഒരു മാസ്സ് സിനിമ അല്ല ജോക്കർ. വലിയ ഇമോഷൻസ് പ്രേക്ഷകന് മുന്നിൽ വെച്ചു നീട്ടുന്ന ചിത്രമാണ്. അറിയാതെ കൈയടിച്ചു പോകുന്ന സീനുകളുമുണ്ട്. പ്രേക്ഷക മനസിനെ കുത്തിതുളയ്ക്കുന്ന സീനുകളുമുണ്ട്. സിനിമ അതിന്റെ മുഴുവൻ സമയവും ആർതറിന്റെ മാനസിക വൈകാരിക തലങ്ങൾ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. സ്ലോ പേസിൽ കഥ പറഞ്ഞു പോകുമ്പോൾ അനാവശ്യ സീനുകൾ ഒന്നും തന്നെ ഉൾകൊള്ളിച്ചിട്ടില്ല. മികച്ച സിനിമയാണ് ജോക്കർ. എന്നാൽ എല്ലാ തരം പ്രേക്ഷകനും സ്വീകരിക്കണമെന്നില്ല. ഇത്തവണ ഓസ്കാറിൽ ജോക്കറിനെ കാത്ത് അനേക പുരസ്‌കാരങ്ങൾ ഇരിക്കുന്നു എന്നുറപ്പ്. ടോഡ് ഫിലിപ്സിന്റെ മാസ്റ്റർപീസ് വർക്ക് തന്നെയാണ് ജോക്കർ.