കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് പുതിയ വസ്ത്രം വാങ്ങി നൽകിയത് പൊലീസ്. അഞ്ചാം തിയതി രാവിലെ കസ്റ്റഡിയിലെടുത്തപ്പോൾ ധരിച്ചിരുന്ന വസ്ത്രത്തിന് പുറമെ ഒരു ജോഡി വസ്ത്രം കൂടി എടുക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് വസ്ത്രങ്ങളാണ് ജയിലിൽ ജോളി മാറി മാറി ധരിച്ചത്.
റിമാൻഡ് പ്രതികൾക്കു ജയിൽ വസ്ത്രം നൽകാൻ ചട്ടമില്ല. വീട്ടിൽ നിന്നു വസ്ത്രമെത്തിക്കാനായി ജോളി ജയിലിലെ ഫോണിൽ നിന്നു സഹോദരനെ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിച്ചില്ല. ഒരു ദിവസം സഹതടവുകാരി നൽകിയ നൈറ്റി ധരിച്ചു. അറസ്റ്റ് ചെയ്ത ദിവസം ധരിച്ച അതേവസ്ത്രം ധരിച്ചാണ് കഴിഞ്ഞ ദിവസം ജോളി കോടതിയിൽ ഹാജരായത്.
രണ്ടാമത്തെ വസ്ത്രം ജയിലിൽ നിന്ന് എടുക്കാൻ മറന്നു. ഇന്നലെ രാവിലെ തെളിവെടുപ്പിനു പോകുന്നതിനു മുൻപായി വടകര പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫിസറാണ് ഇൻസ്പെക്ടർ പി.എം. മനോജിന്റെ നിർദേശപ്രകാരം പുതിയ വസ്ത്രം വാങ്ങിനൽകിയത്.
പ്രതികളുമായി നിര്‍ണായകമായ തെളിവെടുപ്പ് കഴിഞ്ഞ ദിവസം നടന്നു. ആദ്യമൂന്ന് കൊലപാതകം നടന്ന പൊന്നാമറ്റം വീട്ടിലാണ് ആദ്യം തെളിവെടുത്തത്. ജോളിക്കെതിരെ ആക്രോശവുമായി വന്‍ജനക്കൂട്ടം പൊന്നാമറ്റം വീടിന്റെ വഴികളിലും അയല്‍പക്കത്തും തടിച്ചുകൂടി. കര്‍ശനസുരക്ഷയും വിപുലമായ സന്നാഹവും ഒരുക്കിയായിരുന്നു തെളിവെടുപ്പ്.
‘വിരലിൽ മുറിവില്ലെന്ന് ഉറപ്പാക്കി നഖം കൊണ്ട് നുള്ളിയെടുത്താണ് സയനൈഡ് ഭക്ഷണത്തിൽ കലർത്തുക’– കൂടത്തായി കൊലപാതകങ്ങളുടെ പൊതുരീതി മുഖ്യപ്രതി ജോളി ജോസഫ് പൊലീസിനോട് വിശദീകരിച്ചതിങ്ങനെ. ആദ്യ ഭർത്താവ് റോയിയുടെ അമ്മാവൻ മാത്യു മഞ്ചാടിയിലിന് മദ്യത്തിൽ കലർത്തിയാണ് സയനൈഡ് നൽകിയത്. അദ്ദേഹത്തോടൊപ്പം താൻ ഇടയ്ക്ക് മദ്യപിക്കാറുണ്ടായിരുന്നെന്നും ജോളി തെളിവെടുപ്പിനിടെ സമ്മതിച്ചു.
ഇപ്പോഴത്തെ ഭർത്താവ് ഷാജു ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താനുള്ള ശ്രമത്തിൽ രണ്ടുതവണ സഹായിച്ചെന്നും ജോളി പറയുന്നു. മരുന്നിലാണ് സയനൈഡ് ചേർത്ത് നൽകിയത്. പിന്നീട് താമരശ്ശേരിയിലെ ഡെന്റൽ ക്ലിനിക്കിൽ വച്ച് മരുന്നിൽ ചേർത്ത് സയനൈഡ് നൽകിയപ്പോഴാണ് സിലി കൊല്ലപ്പെട്ടത്.
മരണദിവസം ഷാജുവിന്റെ സഹോദരിയാണു ആൽഫൈനിനു ഭക്ഷണം നൽകിയതെന്നു പറഞ്ഞ ജോളി, ആൽഫൈനിനു ജോളി ഇറച്ചിക്കറിയിൽ ബ്രഡ് മുക്കി കൊടുക്കുന്നതു കണ്ടെന്ന സാക്ഷിമൊഴി പൊലീസ് ചൂണ്ടിക്കാട്ടിയതോടെ കുറ്റം സമ്മതിച്ചു.
സിലിയുടെ മരണത്തിൽ താമരശ്ശേരി പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ജോളി, എം. എസ്. മാത്യു എന്നിവരെയാണ് പ്രതിചേർത്തിട്ടുള്ളത്. രണ്ടു തവണയായി കൂടത്തായിയിലെ വീട്ടിൽ മാത്യു സയനൈഡ് എത്തിക്കുകയായിരുന്നെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്.
6 മരണങ്ങൾ നടന്ന സ്ഥലങ്ങളിലും ജോളിയുമായി അന്വേഷണ സംഘം ഇന്നലെ തെളിവെടുപ്പ് നടത്തി. കൂടത്തായിയിലെ വീട്ടിൽ ജോളിക്കൊപ്പം മറ്റു പ്രതികളായ എം.എസ്. മാത്യുവിനെയും പ്രജികുമാറിനെയും എത്തിച്ചിരുന്നു.
Leave a Reply