തനിക്കെതിരെ രഹസ്യമൊഴി നൽകിയ ആളുമായി കോടതിയിൽ വച്ച് സംസാരിച്ച് ജോളി. കഴിഞ്ഞ ദിവസം കോടതിയിലെത്തിച്ചപ്പോഴാണ് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളി, തനിക്കെതിരെ രഹസ്യമൊഴി നൽകിയ ജോസഫ് ഹില്ലാരിയോസുമായി സംസാരിച്ചത്. വനിതാ പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു സംസാരം.
കൂടത്തായിയിൽ കൊല്ലപ്പെട്ട ടോം തോമസിന്റെ ബന്ധുവും കേസിലെ പ്രധാന സാക്ഷികളിലൊരാളുമാണ് ജോസഫ്. ജോളിയുടെ ഭർത്താവ് റോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത് ജോസഫ് ഹില്ലാരിയോസായിരുന്നു.
ഈ പരാതിയിലാണ് പൊലീസ് ദുരൂഹമരണത്തിന് കേസ് രജിസ്റ്റർ ചെയ്തതും ഇൻക്വസ്റ്റ് നടത്തിയതും. അന്വേഷണഭാഗമായി ശവക്കല്ലറകൾ തുറക്കാൻ അന്വേഷണ സംഘം തീരുമാനിച്ചപ്പോൾ അഭിഭാഷകനെ കണ്ട ജോളിക്കൊപ്പം മറ്റു ബന്ധുക്കളുടെ കൂടെ ഇയാളും ഉണ്ടായിരുന്നു.
പിന്നീട് ജോസഫ് മജിസ്ട്രേറ്റിന് മുമ്പാകെ ജോളിക്കെതിരെ രഹസ്യമൊഴി നൽകി. ഇയാളുമായി ജോളി കോടതിയിൽ വച്ച് സംസാരിച്ചതിനെ തുടർന്ന് ജോസഫിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസന്‍ ചോദ്യംചെയ്തിരുന്നു.
പിതാവിന്റെ സ്വത്ത് ഭാഗംവച്ചതുമായി ബന്ധപ്പെട്ട് അനിയൻ നൽകിയ ഒരു കേസിൽ ഹാജരാകാനാണ് കോടതിയിലെത്തിയതെന്നായിരുന്നു ജോസഫ് ഹില്ലാരിയോസ് അറിയിച്ചത്. തന്നെ കണ്ടപ്പോൾ ജോളി അടുത്തു വന്ന് സംസാരിച്ചതാണെന്നും കുടുബത്തിലെ ആളുകൾ തന്നെപ്പറ്റി എന്താണ് പറയുന്നതെന്ന് അന്വേഷിച്ചുവെന്നുമാണ് ജോസഫ് ചോദ്യം ചെയ്യലിൽ അറിയിച്ചത്.
Leave a Reply