കോഴിക്കോട് ജില്ലാ ജയിലില്‍ ജോളി പ്രത്യേക നിരീക്ഷണത്തില്‍. ഇന്നലെ ഉറങ്ങിയിട്ടില്ലെന്നും മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്നതായും ജയില്‍ ജീവനക്കാര്‍ പറഞ്ഞു. ഇന്നലെ രാത്രി 12.15ഒാടെയാണ് ജോളിയെ ജയിൽ എത്തിച്ചത്. വലിയ രീതിയിൽ മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ജയിൽ അധികൃതര്‍ അറിയിച്ചു.
കൂടത്തായി കൊലപാതകപരമ്പര നടന്ന പൊന്നാമറ്റം വീട്ടില്‍ നിന്ന് മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സാധനങ്ങള്‍ മാറ്റി. ഇന്നലെ വൈകിട്ടാണ് ഓട്ടോറിക്ഷയില്‍ ചാക്കുകെട്ട് കൊണ്ടുപോയത്. സാധനങ്ങൾ കൊണ്ടുപോകാൻ വലിയ വണ്ടി വേണമെന്നും ഏത് വീടാണെന്ന് ചോദിച്ചപ്പോൾ പ്രശ്നമുള്ള വീടാണന്നും ഷാജു പറഞ്ഞതായി ഓട്ടോ ഡ്രൈവര്‍ മനോരമന്യൂസിനോട് വെളിപ്പെടുത്തി. ചാക്കിൽ പുസ്തകങ്ങളെന്നും ഷാജു പറഞ്ഞു.
ജോളി താമസിച്ചിരുന്ന പൊന്നാമറ്റം വീട് പൊലീസ് വീട് പൂട്ടി മുദ്ര വച്ചിരുന്നു. പ്രതികളോ സഹായികളോ തെളിവുനശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് അടിയന്തരമായി വീട് സീല്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടരുകയാണ്. മുഖ്യപ്രതി ജോളിയുമായി ബന്ധമുള്ള മൂന്നുപേരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും.
രണ്ട് പ്രാദേശിക രാഷ്ട്രീയനേതാക്കളേയും ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരനേയുമാണ് വിളിപ്പിച്ചത്. ഇവരെക്കൂടാതെ പത്തിലധികം പേര്‍ നിരീക്ഷണത്തിലാണ്. കേസില്‍ ഇതുവരെ 212 പേരെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിട്ടുണ്ട്. കോടതി റിമാന്‍ഡ് ചെയ്ത ജോളിയേയും മറ്റ് രണ്ടുപ്രതികളേയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.
Leave a Reply