ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെ മലയാളി സമൂഹത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുന്ന രണ്ട് മരണങ്ങളാണ് അടുത്ത സമയങ്ങളിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി തന്റെ ചിരിയും അതോടൊപ്പം തന്നെ ശക്തമായ നിലപാടുകളും കൊണ്ട് വിഗാനിലെ മലയാളി സമൂഹത്തിന്റെ മുഴുവൻ സ്വരമായി മാറിയ ജോമോൻ തോമസിന്റെ വേർപാടിന്റെ കണ്ണീരുണങ്ങുന്നതിനു മുൻപ് തന്നെയാണ് സ്വാൻസിയയിൽ യുകെയിലെത്തി രണ്ടാഴ്ച മാത്രമായ ബിജു പത്രോസിന്റെ മരണം. സ്വന്തം ജീവിതത്തിലുടനീളം വ്യക്തമായ നിലപാടുകൾ വെച്ചുപുലർത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു ജോമോൻ തോമസ്. മുൻപ് രണ്ടു വട്ടം മരണാസന്ന നിലയിൽ എത്തിയശേഷം ജീവിതത്തിലേക്ക് മടങ്ങി വന്ന ജോമോൻ, ഇത്തവണയും ആശുപത്രി വാസത്തിൽ ആയിരുന്ന സമയത്ത് തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നു സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായിരുന്നത്. എന്നാൽ ഏതാനും ആഴ്ചകളായി ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ചികിത്സയിലായിരുന്ന അദ്ദേഹം വീട്ടിലെത്തിയ ശേഷം പിന്നീട് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് പക്ഷാഘാതം വന്ന് അദ്ദേഹത്തിന്റെ കാലുകൾ തളർന്നപ്പോഴും, പിന്നീട് വൃക്കകൾ തകരാറിലായി ഡയാലിസിസ് നടത്തുമ്പോഴും അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഒരിക്കലും തകർന്നിരുന്നില്ല. നാട്ടിൽ ഇടതുപക്ഷ സംഘടനയോട് ചേർന്നുനിന്ന് പ്രവർത്തിച്ചിരുന്ന ജോമോൻ, യുകെയിലെത്തിയ ശേഷം പാർട്ടി അല്ല മറിച്ച് സാമൂഹിക പ്രവർത്തനമാണ് ആവശ്യം എന്ന നിലപാട് കൈകൊണ്ടു. നിരവധി മേഖലകളിൽ തന്നെ പ്രാവീണ്യം തെളിയിച്ച ജോമോന്റെ വേർപാട് വിഗാൻ സമൂഹത്തെയാകെ തകർത്തിരിക്കുകയാണ്.

ജോമോൻെറ വേർപാട് ഏൽപ്പിച്ച മുറിവുകൾ ഉണങ്ങുന്നതിന് മുൻപ് തന്നെയാണ്, യുകെയിലെത്തി രണ്ടാഴ്ച മാത്രം ആയ നാല്പത്തെട്ടുകാരനായ ബിജു പത്രോസിന്റെ മരണം. കെയർ വിസയിലെത്തിയ ഭാര്യയെയും മക്കളെയും തനിച്ചാക്കി ആണ് ബിജു യാത്രയായിരിക്കുന്നത്. ജീവിത സംഘർഷങ്ങളും, കാലാവസ്ഥയോട് പൊരുത്തപ്പെടാൻ സമയമെടുക്കുന്നതും അടക്കം നിരവധി സംഘർഷാവസ്ഥകളാകാം അകാലത്തിൽ നിരവധി പേരുടെ ജീവൻ കൊല്ലുന്നതിനു കാരണമാകുന്നത് എന്ന് മലയാളികൾ ഉറച്ചുവിശ്വസിക്കുന്നു. നാട്ടിൽ വച്ച് തന്നെ ഉദരസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന ബിജു , ദിവസേന കഴിക്കേണ്ട മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നുവെങ്കിലും, രോഗാവസ്ഥ മൂർച്ഛിച്ച് സമയത്ത് കൃത്യമായി ആശുപത്രിയിൽ എത്താൻ സാധിച്ചില്ല.

ഒടുവിൽ രക്തം ഛർദ്ദിച്ച ഘട്ടത്തിലാണ് ഇദ്ദേഹത്തെ സ്വാൻസി മോറിസ്റ്റാൻ ആശുപത്രിയിലെത്തിച്ചത്. ഇവിടെ എത്തിച്ച സാഹചര്യത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വെറും നാല് മാസത്തെ ജീവിത പരിചയം മാത്രമാണ് ബിജുവിനോടും ഭാര്യ മഞ്ജുവിനോടും ഉള്ളതെങ്കിലും, വിവരം അറിഞ്ഞ ഉടൻ തന്നെ സ്വാൻസിയയിലെ മലയാളികൾ എല്ലാവരും തന്നെ കുടുംബത്തിന്റെ സഹായത്തിനെത്തി. ഈ രണ്ട് മരണങ്ങളും മലയാളി സമൂഹത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ജോമോൻ തോമസിന്റെയും , ബിജുവിന്റെയും നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.