സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ കോട്ടയത്തെ താരമണ്ഡലമാക്കിയ ഘടകം കേരളാ കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ആയിരുന്നു. ആദ്യം ചിഹ്നത്തിന് വേണ്ടിയായിരുന്നു പോരാട്ടം. അന്ന് വിജയം ജോസ് കെ മാണിയ്ക്ക് ഒപ്പം നിന്നു. ലേക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും ചിഹ്നത്തിനായി അവസാനം വരെ കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ അംഗീകാരം കിട്ടിയ ഓട്ടോ ചിഹ്നത്തില്‍ ഡല്‍ഹിയ്ക്ക് ഫ്രാന്‍സിസ് ജോര്‍ജ് ടിക്കറ്റ് എടുക്കുമ്പോള്‍ ആ വിജയം പി.ജെ ജോസഫിന് അവകാശപ്പെട്ടതാണ്.

2020 ല്‍ ആണ് ജോസ് പക്ഷം യുഡിഎഫിനെ വിട്ട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത്. പിന്നീട് 2021 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മാണി സി കാപ്പനോട് ജോസ് കെ മാണി പരാജയപ്പെട്ടു. എല്‍ഡിഎഫ് തരംഗത്തിലും സ്വന്തം തട്ടകത്തില്‍ ജോസ് കെ മാണി രുചിച്ച പരാജയം ജോസഫ് ജോസ് പോരാട്ടത്തിലെ നാഴികകല്ലാണ്. പിന്നീട് ജോസ് കെ മാണി ഇടതുമുന്നണിയുടെ രാജ്യസഭാംഗമായി.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എ ആയ തോമസ് ചാഴികാടനെയാണ് ജോസ് പക്ഷം ഇടതുമുന്നണിയ്ക്കായി രംഗത്തിറക്കിയത്. വോട്ട് ചോദിച്ചത് അത്രയും രണ്ടിലയുടെ പാരമ്പര്യം പറഞ്ഞും, തുടര്‍ച്ചയായി ഒരേ ചിഹ്നത്തില്‍ മത്സരിക്കുന്ന പാര്‍ട്ടിയെന്ന പേരിലുമാണ്. ഈ തിരഞ്ഞെടുപ്പ് യഥാര്‍ത്ഥ കേരളാകോണ്‍ഗ്രസിനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പാണെന്ന ഒറ്റ പ്രസ്താവന കൊണ്ടാണ് ഫ്രാന്‍സിസ് ജോര്‍ജും പാര്‍ട്ടിയും ഈ പ്രചാരണത്തെ പ്രതിരോധിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോസ് പക്ഷത്തിന് ഒരു എം.പിയെ ആത്യാവശമായിരുന്നു. ഒരു പാര്‍ട്ടിയായി അംഗീകരിക്കപ്പെടാനും ഒപ്പം സ്വന്തമായി ഒരു ചിഹ്നം ലഭിക്കാനും. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ജോസഫ് ഗ്രൂപ്പിന് ജീവന്‍മരണ പോരാട്ടമായിരുന്നു. ആ പോരാട്ടത്തില്‍ പി.ജെ ജോസഫ് വിജയിച്ചിരിക്കുന്നു.

ഈ വിജയം ജോസഫ് ഗ്രൂപ്പിന്റെ ഭാവി ശോഭനമാക്കിയെങ്കിലും ജോസ് പക്ഷത്തിന്റെ ഭാവി ചോദ്യചിഹ്നമാണ്. രാജ്യസഭാ അംഗത്വം നീട്ടിത്തരണമെന്ന് ജോസ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് എല്‍ഡിഎഫ് അംഗീകരിച്ചില്ലെങ്കില്‍ ജോസ് പക്ഷത്തേക്ക് ഒരു ലയനമോ യുഡിഎഫിലേക്ക് ഒരു തിരിച്ചുവരവോ മാത്രമായിരിക്കും ഏക പോംവഴി.