ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു യുവസേനയുടെ കര്‍ണാടക സ്ഥാപക അംഗമാണ് അറസ്റ്റിലായിരിക്കുന്ന കെ ടി നവീന്‍ എന്ന നവീന്‍കുമാര്‍. കഴിഞ്ഞ മാസം 18ന് ബംഗുളുരു സിറ്റി ക്രൈംബ്രാഞ്ച് അനധികൃതമായി ആയുധം കൈവശം വെച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ബംഗളൂരു എസ്‌ഐടി നടത്തിയ ചോദ്യം ചെയ്യലിലാണ് ഗൗരി ലങ്കേഷ് വധത്തിലെ ഇയാളുടെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് കേസില്‍ ഇയാളെ മുഖ്യ പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തി.

ബംഗുളുരു മജസ്റ്റിക് ബസ്റ്റാന്റില്‍ വെച്ച് നാടന്‍ തോക്കും വെടിയുണ്ടകളുമായി പിടിയിലായ ഇയാള്‍ക്ക് തീവ്ര ഹിന്ദു സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അജ്ഞാത സംഘം വെടിവെച്ചു കൊല്ലുന്നത്. പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിരുന്നെങ്കിലും കേസില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.

കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ നവീന്‍കുമാര്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതായിട്ടാണ് വിവരം. കേസില്‍ വരും നാളുകളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തോക്ക് ഇതുവരെ പോലീസ് കണ്ടെടുത്തിട്ടില്ല. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്.