ഭോപ്പാല്‍: അനധികൃത ഖനനത്തിനെതിരെ പ്രതികരിച്ച മാധ്യമ പ്രവര്‍ത്തകനെ ലോറി കയറ്റി കൊന്നു. മധ്യപ്രദേശിലെ കോട്വാലിയിലാണ് സംഭവം. പ്രദേശത്തെ മണല്‍ മാഫിയക്കെതിരെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകനായ സന്ദീപ് ശര്‍മ കൊലപ്പെടുത്തിയതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ബൈക്കില്‍ പോകുകയായിരുന്ന സന്ദീപിനെ പിന്നാലെ വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
സന്ദീപിനെ കൊലപ്പെടുത്താന്‍ ലോറി ഡ്രൈവര്‍ മനപൂര്‍വ്വം ശ്രമിക്കുകയായിരുന്നുവെന്ന് പുറത്ത് വന്ന കൊലപാതക ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രദേശത്തെ മണല്‍ മാഫിയയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സന്ദീപ് ശര്‍മക്ക് വധഭീഷണി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഒളിക്യാമറ ഉപയോഗിച്ച് സന്ദീപ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള ഏതാനും പേര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.
സന്ദീപ് ശര്‍മ്മയെ ഇടിച്ചിട്ടതിനു ശേഷം ലോറി നിര്‍ത്താതെ കടന്നു കളഞ്ഞു. അപകടം നടന്നയുടന്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോറി കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നു വരികയാണ്.
Leave a Reply