ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നോട്ടിംഗ്ഹാമിൽ ബോക്സിങ് മത്സരത്തിനിടയിൽ പരിക്കേറ്റ മലയാളി വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന കോട്ടയം സ്വദേശിയായ ജുബൽ റെജിയാണ് മരണമടഞ്ഞത്. ബോക്‌സിംഗ് മത്സരത്തിനിടയിലാണ് പരിക്കേറ്റത്. ഇയാളുടെ മാതാപിതാക്കൾ അബുദാബിയിൽ നിന്ന് യുകെയിൽ എത്തിയിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ട്. കോട്ടയം സ്വദേശികളാണ് കുടുംബം.
മാർച്ച് 25 ശനിയാഴ്ചയാണ് ചാരിറ്റി ബോക്‌സിംഗ് മത്സരം നടന്നത്. ജുബൽ റെജിയ്ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയിരുന്നു .ബോക്‌സിംഗ് മത്സരത്തിന്റെ ആദ്യ രണ്ട് റൗണ്ടുകളിലും വിദ്യാർത്ഥി വിജയിക്കുകയും മൂന്നാം റൗണ്ടിൽ പരിക്കേൽക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് പാരാമെഡിക്കുകൾ ഉടൻ തന്നെ എത്തിച്ചേർന്നു. തുടർന്ന് ആംബുലൻസിൽ ക്വീൻസ് മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. ആവശ്യമായ എല്ലാവിധ ചികിത്സകളും ലഭ്യമാക്കാൻ വൈദ്യസംഘം ശ്രമിക്കുകയും ചെയ്‌തെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അധികൃതർ മത്സരം നിർത്തി വച്ചിരുന്നു. പരിക്ക് പറ്റിയതിൽ സങ്കടമുണ്ടെന്നും, അപ്രതീക്ഷിതമായിട്ടാണ് സംഭവിച്ചതെന്നും അൾട്രാ വൈറ്റ് കോളർ ബോക്‌സിംഗിന്റെ വക്താവ് പറഞ്ഞു.
ജുബൽ റെജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply