മാതാപിതാക്കളുടെ അശ്രദ്ധ മൂലം കെയര്‍ ഹോമുകളിലേക്ക് മാറ്റപ്പെട്ട സഹോദരങ്ങളായ ആറു കുട്ടികള്‍ക്കു വേണ്ടി വന്‍ തുക ചെലവാക്കുന്നതിനെ വിമര്‍ശിച്ച് കോടതി. ലീഡ്‌സ് ഫാമിലി കോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് ഹോള്‍മാന്‍ ആണ് കുട്ടികളുടെ സംരക്ഷണത്തിനായി പ്രതിവര്‍ഷം 5 ലക്ഷം പൗണ്ട് ചെലവാകുന്നതിനെ വിമര്‍ശിച്ചത്. കുട്ടികളെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് ആകില്ലെന്ന് വ്യക്തമായതോടെയാണ് കുട്ടികളെ കൗണ്‍സില്‍ ഏറ്റെടുത്തത്. എന്നാല്‍ ഇവരുടെ സംരക്ഷണത്തിനായി ആഴ്ചയില്‍ 10,000 പൗണ്ട് വീതം ചെലവാകുന്നത് നിരാശാജനകമാണെന്ന് ജഡ്ജ് പറഞ്ഞു. മദ്യപാനിയായ പിതാവ് സ്ഥിരമായി കുട്ടികളുടെ അമ്മയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് കോടതി സ്ഥിരീകരിച്ചു.

കുട്ടികള്‍ക്ക് വേണ്ട ശ്രദ്ധയോ പരിഗണനയോ ലഭിച്ചിരുന്നില്ല. അവര്‍ക്ക് ടിവി കാണാന്‍ നല്‍കുകയോ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ നല്‍കുകയോ ആയിരുന്നു പതിവ്. ഇവരെ സ്‌കൂളില്‍ അയക്കുകയോ മറ്റു കുട്ടികളുമായി ഇടപഴകാന്‍ അനുവദിക്കുകയോ ചെയ്തിരുന്നില്ല. ഇവരില്‍ ഒരു പെണ്‍കുട്ടിയെ മൂത്ത ആണ്‍കുട്ടി ലൈംഗികമായി ഉപദ്രവിച്ചതായും കണ്ടെത്തി. മൂന്നു വയസ് മുതല്‍ 16 വയസ് വരെ പ്രായമുള്ളവരാണ് കുട്ടികള്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇവരെ മൂന്ന് റെസിഡെന്‍ഷ്യല്‍ ഹോമുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മൂത്തയാള്‍ ഒരു ചില്‍ഡ്രന്‍സ് ഹോമിലാണ്. മറ്റു രണ്ട് ആണ്‍കുട്ടികള്‍ മറ്റൊരു ചില്‍ഡ്രന്‍സ് ഹോമിലും മൂന്നു പെണ്‍കുട്ടികളെ ഏജന്‍സി ഫോസ്റ്റര്‍ ഹോമുകളിലും പാര്‍പ്പിച്ചിരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികളെ ഈ വിധത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതിനാല്‍ ലോക്കല്‍ അതോറിറ്റിക്ക് ആഴ്ചയില്‍ 10,000 പൗണ്ടെങ്കിലും ചെലവു വരുന്നുണ്ട്. ഇത് വര്‍ഷത്തില്‍ അര മില്യന്‍ പൗണ്ട് എത്തുമെന്നും കോടതി വിലയിരുത്തി. മൂത്ത ആണ്‍കുട്ടി സഹോദരിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കിലും കുടുംബ പശ്ചാത്തലം അവനെയും ഇരയായി പരിഗണിക്കാന്‍ കോടതിയെ പ്രേരിപ്പിക്കുകയാണെന്നും ജഡ്ജ് പറഞ്ഞു. തകരുന്ന കുടുംബങ്ങള്‍ കുട്ടികള്‍ക്കു മാത്രമല്ല, നികുതി ദായകനു കൂടി ബാധ്യതയാകുകയാണെന്നാണ് ഹെന്റി ജാക്‌സണ്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അലന്‍ മെന്‍ഡോസ പറയുന്നത്.