ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് താരം ഷാറുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് പുറത്തിറങ്ങാനായില്ല. ആര്യൻ ശനിയാഴ്ച ജയിൽ മോചിതനായേക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിടുതല്‍ ഉത്തരവു ജയിലിലെത്തിക്കാന്‍ വൈകിയതാണു കാരണം. ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവച്ചതിനു പിന്നാലെയാണ് ആര്യനെയും കൂട്ടുപ്രതികളെയും മോചിപ്പിക്കാന്‍ വിചാരണക്കോടതി ഉത്തരവിറക്കിയത്.

ജാമ്യവ്യവസ്ഥകള്‍ അടങ്ങിയ ഉത്തരവ് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണു പുറത്തുവന്നത്. ഉടന്‍തന്നെ ഉത്തരവുമായി ആര്യന്‍റെ അഭിഭാഷകര്‍ വിചാരണക്കോടതിയെ സമീപിച്ചു. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവച്ചു. വിചാരണക്കോടതിയില്‍ എത്തി ജാമ്യബോണ്ടില്‍ ഒപ്പുവച്ചതു നടിയും ഷാറുഖ് ഖാന്‍റെ ഉറ്റസുഹൃത്തുമായ ജൂഹി ചൗളയാണ്. എന്നാല്‍ മോചന ഉത്തരവ് അഞ്ചരയ്ക്ക് മുന്‍പ് ആര്‍തര്‍ റോഡ് ജയിലിലെത്തിക്കാനായില്ല. ഇതോടെ ഉടൻ ജയില്‍മോചിതനാകാമെന്ന ആര്യന്‍റെ മോഹം നടന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആര്യനെ സ്വീകരിക്കാനായി ഷാറുഖ് നേരിട്ടു ജയിലിലെത്തിയിരുന്നു. ജയിലിനു പുറത്തും, വസതിയായ മന്നത്തിന് മുന്നിലും നൂറുകണക്കിന് ആരാധകരും തടിച്ചുകൂടി. ആര്യനും മറ്റു പ്രതികളും എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫിസില്‍ എത്തി ഒപ്പുവയ്ക്കണം. സാക്ഷികളെ സ്വാധീനിക്കാനോ, തെളിവുകള്‍ നശിപ്പിക്കാനോ ശ്രമിക്കരുത്. അനുമതിയില്ലാതെ വിദേശയാത്ര പാടില്ല. മുംബൈ നഗരം വിടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണം. പ്രതികള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടരുത്. വിചാരണ തടസ്സപ്പെടുത്താന്‍ ശ്രമിക്കരുത് തുടങ്ങിയവയാണു ജാമ്യവ്യവസ്ഥകള്‍.