ന്യൂസ് ഡെസ്ക്, മലയാളം യുകെ
കടുത്ത പ്രതിസന്ധിയിലൂടെയാണ് എൻഎച്ച്എസ് കടന്നുപോകുന്നത്. ഗുരുതരമായ രോഗം ബാധിച്ചവർക്കു പോലും ചികിത്സ ലഭിക്കുന്നതിനായി മാസങ്ങളോളം ആണ് കാത്തിരിക്കേണ്ടി വരുന്നത്. എൻഎച്ച്എസിന്റെ പ്രവർത്തനത്തിന്റെ താളം തെറ്റിയതിന് തുടർച്ചയായി നടക്കുന്ന സമരങ്ങൾക്കും ഒരു പ്രധാന പങ്കുണ്ട്. നേഴ്സുമാർ നടത്തി വന്നിരുന്ന സമരം നീണ്ട ചർച്ചകൾക്കും ശമ്പളപരിഷ്കരണങ്ങൾക്കും ഒടുവിൽ അവസാനിച്ചിരുന്നു. എന്നാൽ ഒരു വർഷത്തിലേറെയായി ജൂനിയർ ഡോക്ടർമാർ പല സമയത്തിലും സമരം തുടർന്നുകൊണ്ടിരിക്കുകയാണ്.
ജൂനിയർ ഡോക്ടർമാർ നടത്തിവന്നിരുന്ന സമരവും പ്രതിഷേധങ്ങളും അവസാനിച്ചേക്കാമെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ശമ്പള തർക്കത്തിൽ ചർച്ചകൾക്കായി സർക്കാരിനെ കാണാൻ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ സമ്മതിച്ചതായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അറിയിച്ചു. നേരത്തെ ഡിസംബറിൽ നടന്ന ചർച്ചകൾക്ക് ശേഷം രണ്ടു കൂട്ടരുടെ ഭാഗത്തുനിന്നും ഔപചാരിക ചർച്ചകൾ ഒന്നും നടന്നിരുന്നില്ല. സർക്കാരിൻറെ ഭാഗത്തുനിന്നും ചർച്ചകളോട് അനുകൂലമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് ഒരു സുപ്രധാന ചൂടുവെയ്പ്പാണെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പറഞ്ഞു.
ഒരു മധ്യസ്ഥനുമായി ചർച്ചകൾക്ക് ഇരുപക്ഷവും തയ്യാറായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏതാനും വർഷങ്ങൾക്കുള്ളിൽ ഘട്ടംഘട്ടമായി 35% ശമ്പള വർദ്ധനവ് ബിഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം 9 ശതമാനത്തിൽ താഴെ മാത്രമാണ് സർക്കാർ നൽകിയത്. ശമ്പളവുമായി ബന്ധപ്പെട്ട തർക്കം സർക്കാർ എങ്ങനെ പരിഹരിക്കും എന്നതിനെ അടിസ്ഥാനമാക്കി ആയിരുന്നു ചർച്ചകളുടെ വിജയം.
Leave a Reply