ന്യൂസ് ഡെസ്ക്.

ഏവരുടെയും സ്വപ്നമാണ് പഠിച്ചിറങ്ങുമ്പോൾ ഉടൻ തന്നെ ഒരു ജോലി കിട്ടുക എന്നത്. ജോലി ഓഫർ ലഭിക്കുകയും ജോലിക്ക് കയറാൻ ആവേശപൂർവ്വം ഒരുക്കങ്ങൾ നടത്തുകയും ചെയ്യുന്നതിനിടെ ജോലിയില്ലാ എന്നു പറഞ്ഞാലുള്ള അവസ്ഥ അത്ര സുഖകരമാവില്ല എന്നുറപ്പ്. സമാനമായ അവസ്ഥയാണ്  എൻഎച്ച്എസ് ജൂണിയർ ഡോക്ടർമാർക്ക് ഉണ്ടായിരിക്കുന്നത്. രണ്ടായിരത്തോളം എൻഎച്ച്എസ് ഡോക്ടർമാരുടെ ജോബ് ഓഫർ ആണ് പിൻവലിച്ചിരിക്കുന്നത്. പുതിയ ജോലിയ്ക്കു കയറാൻ താമസസൗകര്യവും വീടുംവരെ ഒരുക്കിയ പല ഡോക്ടർമാരും  കടുത്ത ആശങ്കയിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റിക്രൂട്ട്മെൻറ് പ്രോസസിൽ വന്ന തെറ്റാണ് ജോബ് ഓഫർ പിൻവലിക്കാൻ കാരണമെന്ന് റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് അറിയിച്ചു. വളരെ വിഷമകരമായ ഒരു പ്രതിസന്ധിയാണ് ഇതെന്നും മാനുഷികമായ തെറ്റുകൾ മൂലമുണ്ടായതാണ് ഇതെന്നും അധികൃതർ പറഞ്ഞു. സ്പെഷ്യലിസ്റ്റ് ട്രെയിനിംഗിന്റെ മൂന്നാം വർഷത്തിലേയ്ക്ക് കടന്ന ജൂണിയർ ഡോക്ടർമാർക്ക് വിവിധ ഹോസ്പിറ്റൽ ട്രസ്റ്റുകളിൽ നല്കിയ നിയമനമാണ് റദ്ദാക്കപ്പെട്ടത്. പുതിയ ജോലിക്ക് ചേരുന്നതിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് നിരാശാജനകമായ വാർത്ത ജൂണിയർ ഡോക്ടർമാരെ തേടിയെത്തിയത്. ജൂണിയർ ഡോക്ടർമാർക്ക് വളരെയധികം ഉത്കണ്ഠ ഉളവാക്കുന്ന നടപടിയായിപ്പോയി ഇതെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പറഞ്ഞു.

ST3 റിക്രൂട്ട്മെൻറ് വഴി 24 വ്യത്യസ്ത കാറ്റഗറിയിലെ നിയമനങ്ങളെയാണ് റിക്രൂട്ട്മെന്റിലെ തകരാർ ബാധിച്ചത്. ജൂണിയർ ഡോക്ടർമാരുടെ ഇന്റർവ്യൂവിനുശേഷം ലഭിച്ച സ്കോർ ഒരു കമ്പ്യൂട്ടറിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റിയപ്പോൾ പലർക്കും തെറ്റായ റാങ്കിംഗ് ലഭിക്കുകയായിരുന്നു. പറ്റിയ തെറ്റിൽ ക്ഷമാപണം നടത്തിക്കൊണ്ട് റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് ജൂണിയർ ഡോക്ടർമാർക്ക് കത്ത് നല്കി. ജോലിക്ക് ഓഫർ ലഭിച്ച പല ഡോക്ടർമാരും തങ്ങളുടെ പ്ലാനുകൾ അതിനനുസരിച്ച് ക്രമീകരിച്ചതും വീടുകൾക്ക് ഡിപ്പോസിറ്റ് നല്കിയതുമായ നിരവധി കേസുകൾ ഉണ്ടെന്നും ഈ അവസ്ഥ ഒഴിവാക്കപ്പെടേണ്ടത് ആയിരുന്നുവെന്നും ബിഎംഎയും  ആർസിപിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മെയ് 14 മുതൽ വീണ്ടും റിക്രൂട്ട്മെൻറ് പുനരാരംഭിക്കും.