ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസിന് കോവിഡ് ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു. എന്നാൽ അതിലുപരി വിവിധ വിഭാഗങ്ങളിൽ പെട്ട ജീവനക്കാരുടെ സമരം എൻഎച്ച്എസിന്റെ അടിവേരിളക്കിയതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ് . കഴിഞ്ഞ ചൊവ്വാഴ്ച അവസാനിച്ച ജൂനിയർ ഡോക്ടർമാരുടെ സമരം മൂലം ഒരു 110,000 -ത്തിലധികം രോഗികളുടെ അപ്പോയിന്റ്മെന്റുകൾ ആണ് റദ്ദാക്കേണ്ടതായി വന്നത്.
കഴിഞ്ഞ 13 മാസമായി നേഴ്സുമാരുടെയും ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും സമരപരമ്പരകളുടെ ഭാഗമായി 1.3 മില്യണിലധികം അപ്പോയിന്റ്മെന്റുകളാണ് പുന:ക്രമീകരിക്കേണ്ടതായി വന്നിരിക്കുന്നത്. ഏറ്റവും പുതിയതായി നടന്ന ഡോക്ടർമാരുടെ സമരം എൻഎച്ച്എസ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയതായിരുന്നു . 35 ശതമാനം ശമ്പള വർദ്ധനവിനാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഡോക്ടർമാർ പണിമുടക്കിന് ഇറങ്ങിയത്.
മാറ്റിവയ്ക്കേണ്ടതായി വന്ന അപ്പോയിന്റ്മെന്റുകളുടെ എണ്ണം പുറത്തുവന്നതിലും വളരെ കൂടുതലായിരിക്കുമെന്നാണ് നാഷണൽ മെഡിക്കൽ ഡയറക്ടർ ആയ പ്രൊഫസർ സർ സ്റ്റീഫൻ പോവിഡ് പറഞ്ഞത്. കാലാവസ്‌ഥാജന്യ രോഗങ്ങളായ ചിക്കൻപോക്സും ഫ്ലൂവും രാജ്യത്ത് പടർന്നു പിടിക്കുന്നതിനെ കുറിച്ചുള്ള ജാഗ്രതാ നിർദേശം യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറപ്പെടുവിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങൾ ഇത് എൻഎച്ച്എസിന്റെ മേൽ കടുത്ത സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്
Leave a Reply