ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ജൂലൈ 13ന് രാവിലെ ഏഴ് മുതല്‍ ജൂലൈ 18 രാവിലെ ഏഴ് വരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) അറിയിച്ചു. തുടർച്ചയായി അഞ്ച് ദിവസങ്ങളില്‍ ആയിരിക്കും ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുക. ബ്രിട്ടണിൽ രോഗികളുടെ എണ്ണം ഉയർന്നു വരുന്ന പശ്ചാത്തലത്തിൽ പണിമുടക്ക് ആരോഗ്യ രംഗത്ത് വലിയ ബുദ്ധിമുട്ടുകളാകും സൃഷ്ടിക്കുക. പലരുടെയും നേരത്തെ മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും അപ്പോയിന്റ്മെന്റുകളും വരെ മുടങ്ങിയേക്കും.


എന്‍എച്ച്എസില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് നടത്തുന്നത് പതിവായിരിക്കുകയാണ്. മാര്‍ച്ചില്‍ മൂന്ന് ദിവസവും ഏപ്രിലില്‍ നാല് ദിവസവും ജൂണ്‍ ആദ്യം മൂന്ന് ദിവസവും പണിമുടക്ക് നടത്തിയിരുന്നു. ഇതിനെ തുടർന്ന് എന്‍എച്ച്എസിൽ ചികിത്സയ്ക്കായി എത്തിയ രോഗികൾ വലഞ്ഞിരുന്നു. വർദ്ധിച്ചു വരുന്ന ജീവിത ചിലവുകളുടെ പശ്ചാത്തലത്തിൽ തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന സേവന – വേതന വ്യവസ്ഥകളിലെ പ്രശ്നങ്ങള്‍ക്ക് അധികൃതര്‍ ഇനിയും പരിഹാരം കാണാത്തതിനാലാണ് പണിമുടക്കെന്ന് ബിഎംഎ വ്യക്തമാക്കി.

2008 മുതല്‍ ശമ്പളത്തിൽ പണപ്പെരുപ്പം മൂലം 25 ശതമാനം ഇടിവ് സംഭവിച്ചതായി ബിഎംഎ ചൂണ്ടിക്കാട്ടി. ജോലിഭാരം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലും ശമ്പളത്തിൽ മാറ്റം ഇല്ലെന്ന് ജൂനിയര്‍ ഡോക്ടര്‍മാർ ആരോപിച്ച്. തങ്ങള്‍ 35 ശതമാനം ശമ്പള വര്‍ധനവാണ് ആവശ്യപ്പെടുന്നതെന്നും എന്നാല്‍ സര്‍ക്കാര്‍ വെറും അഞ്ച് ശതമാനം ശമ്പള വര്‍ധനവ് മാത്രമാണ് ഇപ്പോഴും മുന്നോട്ട് വയ്ക്കുന്നതെന്നും ബിഎംഎ പറയുന്നു.

അതേസമയം പണിമുടക്ക് പരിഹരിക്കാനായി സര്‍ക്കാര്‍ വിട്ട് വീഴ്ചകള്‍ നടത്തിയെന്നും ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ശമ്പള വര്‍ധനവ് യുക്തിസഹമാണെന്നുമാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ വേതന ഇതര പ്രശ്നങ്ങളും മറ്റും സർക്കാരുമായി സമാധാനപരമായി ചര്‍ച്ച ചെയ്യാതെ മറ്റൊരു സമരത്തിനിറങ്ങുന്നത് വഴി ആയിരക്കണക്കിന് രോഗികളുടെ ജീവനുകള്‍ ആണ് ദുരിതത്തിലാകുന്നതെന്നും സര്‍ക്കാര്‍ ആരോപിച്ചു. എന്‍എച്ച്എസിന്റെ ഏതാണ്ട് 45 ശതമാനത്തോളം ഡോക്ടർമാരും ജൂനിയര്‍ ഡോക്ടര്‍മാരാണെന്നിരിക്കേ ഇവരുടെ പണിമുടക്കുകൾ എന്‍എച്ച്എസ് സേവനങ്ങളെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്.