ലണ്ടന്‍: ആധുനിക കാലത്ത് രക്തസമ്മര്‍ദ്ദം കാരണം ബുദ്ധിമുട്ടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജോലി സാഹചര്യവും സാമൂഹിക സാഹചര്യവും ആരോഗ്യ സംരക്ഷണത്തിന് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇത്തരക്കാര്‍ മിക്കപ്പോഴും സമയം ആവശ്യമുള്ള ചികിത്സകളെ മാറ്റിനിര്‍ത്തി കൂടുതല്‍ എളുപ്പത്തില്‍ സാധ്യമാകുന്ന മരുന്നുകളെ സമീപിക്കുകയാണ് പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മാറ്റം സാധ്യമാണെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് യു.കെ കേന്ദ്രീകരിച്ച് നടത്തിയിരിക്കുന്ന ഗവേഷണം. ദിവസത്തില്‍ ഒരു 30 മിനിറ്റ് മാറ്റിവെക്കാന്‍ നമുക്ക് കഴിയുമെങ്കില്‍ മരുന്നുകളെക്കാള്‍ ഫലപ്രദമായി രക്തസമ്മര്‍ദ്ദത്തെ നേരിടാന്‍ കഴിയുമെന്ന് ഗവേഷണം വ്യക്തമാക്കുന്നു.
ദിവസവും 30 മിനിറ്റ് ട്രെഡ്മില്ലില്‍ നടക്കുന്നത് രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. പൊണ്ണത്തടിയുള്ളവരും അമിത ശരീരഭാരം മൂലം കഷ്ടപ്പെടുന്നവര്‍ക്കും ഈ രീതി കൂടുതല്‍ ഫലപ്രദമാവും. നാം ഇരിക്കുന്ന ഓരോ അരമണിക്കൂറിലും 3 മിനിറ്റ് നടക്കാന്‍ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയിരിക്കുന്നത്. തുടര്‍ച്ചയായി ഇരിക്കാതെ അരമണിക്കൂര്‍ ഇടവിട്ട് നടക്കുന്നത് രക്തസമ്മര്‍ദ്ദത്തെ സ്വാധീനിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഏതാണ്ട് 67പേരിലാണ് പഠനം നടത്തിയത്. വ്യായാമം ചെയ്യാത്തവരുടെ താരതമ്യം ചെയ്യുമ്പോള്‍ ചെയ്തവരുടെ രക്തസമ്മര്‍ദ്ദം വളരെ കുറവാണെന്ന് കണ്ടെത്തി.
സ്ത്രീകളിലാണ് ട്രെഡ്മില്‍ നടത്തം ഏറ്റവും കൂടുതല്‍ ഫലപ്രദമായി കണ്ടെത്തിയതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. എന്നാല്‍ എന്തുകൊണ്ടാണ് സ്ത്രീകളില്‍ കൂടുതല്‍ ഫലം കാണുന്നത് എന്നത് സംബന്ധിച്ച വിശദീകരണം പഠനം നടത്തിയവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്ഥിരമായ വ്യായാമങ്ങള്‍ രക്ത സമ്മര്‍ദ്ദത്തെ കൃത്യമായി നേരിടാന്‍ കഴിയുമെന്നതിന് ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഠനമെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ പ്രതിനിധി ക്രിസ് അലന്‍ അഭിപ്രായപ്പെട്ടു.
Leave a Reply