ആൻലിയ എന്ന പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ തനിക്കെതിരായി ഉയർന്ന ആരോപണങ്ങൾക്കു മറുപടിയുമായി വൈദികൻ. ഒരു കാര്യവുമില്ലാതെയാണ് തന്നെ കേസിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലും മറ്റും കടുത്ത ആക്രമണം ഉള്ളതിനാൽ തന്റെ ജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘പെൺകുട്ടിയുടെ പിതാവ് പറയുന്നതു പോലെ അടുത്ത ബന്ധമാണ് തനിക്ക് നേരത്തേ മുതൽ ആ കുടുംബത്തോട് ഉണ്ടായിരുന്നത്. പ്രതിസ്ഥാനത്തുള്ള ജസ്റ്റിന്റെ കുടുംബവുമായി പ്രത്യേക അടുപ്പമോ നേരത്തെ മുതലുള്ള ബന്ധമോ ഇല്ല. അദ്ദേഹം പറയുന്നതു പോലെ അവരുമായി ബന്ധപ്പെടാറുമില്ല. ഇത് എന്റെ ഫോൺ റെക്കോർഡുകൾ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. ജസ്റ്റിനെതിരെ കേസ് കൊടുക്കാൻ മുതിർന്നപ്പോൾ നിരുൽസാഹപ്പെടുത്തി എന്ന ആരോപണം ശരിയല്ല, പക്ഷെ തനിക്കറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി മാത്രമേ പൊലീസിനോടു പറയൂ എന്നു പറഞ്ഞിരുന്നു. കേസ് കൊടുക്കുകയോ, കൊടുക്കാതിരിക്കുകയൊ അവരുടെ ഇഷ്ടമാണ്.’’ – അദ്ദേഹം പറഞ്ഞു.
ആൻലിയയ്ക്ക് മാനസിക പ്രശ്നമുണ്ടോ എന്ന് പൊലീസ് ചോദിച്ചപ്പോൾ ഇല്ല എന്നു തന്നെയാണ് പൊലീസിനോടു പറഞ്ഞത്. ജസ്റ്റിന്റെ മാതാപിതാക്കളും തന്നോട് ഇത് ചോദിച്ചിരുന്നു. അവരോടും അങ്ങനെയാണ് പറഞ്ഞത്. അല്ലാതെ ഒരു മൊഴി കൊടുത്തിട്ടില്ല. ആൻലിയയുടെ പിതാവിനെതിരെ കമ്മിഷണറെ സമീപിച്ചു എന്നത് ശരിയാണ്. അതിനു കാരണം ഒരു മാധ്യമത്തിൽ തന്റെ പേരു വച്ച് വാർത്ത നൽകിയിരുന്നു. ‘ജസ്റ്റിസ് ഫോർ ആൻലിയ’ എന്ന ഫെയ്സ്ബുക് പേജിൽ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെല്ലാമെതിരെയാണ് പരാതി നൽകിയത്. ഇക്കാര്യം എറണാകുളം എസിപിയോടു പറഞ്ഞിരുന്നു. മട്ടഞ്ചേരി എസിപിക്കു മുന്നിലാണ് പരാതി നൽകിയത്. കമ്മിഷണറെ കാണാൻ പറഞ്ഞെങ്കിലും ഇതിന്റെ പിന്നാലെ നടക്കാൻ താൽപര്യമില്ലാത്തതിനാലാണ് വിട്ടത്.
പെൺകുട്ടി മരിക്കുന്നതിനു മുമ്പ് പലതവണ പരാതികൾ ഉയർന്നപ്പോൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടതാണ് നാട്ടിൽ വരാനും വേണ്ടതു ചെയ്യാനും. പെൺകുട്ടി ഡിവോഴ്സ് വേണമെന്ന് പറയുന്ന കാര്യവും പറഞ്ഞതാണ്. അന്ന് അദ്ദേഹം അതിന് മുതിർന്നില്ല. അതോടെ ആ കേസ് ഞാൻ ഉപേക്ഷിച്ചതാണ്. അധികമായി ലാളിച്ചു വളർത്തിയതിന്റെ കുഴപ്പങ്ങൾ പെൺകുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ജസ്റ്റിൻ പെൺകുട്ടിയെ അടിക്കുമായിരുന്നു എന്നു പറയുന്നത് ശരിയാണ്’ – വൈദികൻ പറഞ്ഞു.
Leave a Reply