സജീഷ് ടോം
യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിൻെറ ഏപ്രിൽ ലക്കം പുറത്തിറങ്ങി. അനേക ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയും യു കെ യും ലോക് ഡൗണിൽ കുടുങ്ങി കിടക്കുന്ന പ്രത്യേക സാഹചര്യത്തിൽ ജ്വാല പുറത്തിറങ്ങുവാനും ചെറിയ കാലതാമസം ഈ മാസം ഉണ്ടായിട്ടുണ്ട്.
മുൻ ലക്കങ്ങളിലേതുപോലെ പോലെ തന്നെ കാമ്പുള്ള രചനകളാൽ സമ്പന്നമാണ് ഏപ്രിൽ ലക്കം ജ്വാലയും. ലോകമെങ്ങും ആഴത്തിൽ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് മനുഷ്യസമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് പ്രതിപാദിക്കുന്നു. പരസ്പരം കരുതലും സ്നേഹവും എത്രമാത്രം പ്രധാനം ആണെന്ന് ഈ മഹാമാരി നമ്മെ പഠിപ്പിക്കുന്നുവെന്നു എഡിറ്റോറിയൽ ഹൃദ്യമായി പറഞ്ഞുവക്കുന്നു.
വൈവിദ്ധ്യങ്ങളായ രചനകൾ ഈ ലക്കത്തെ മനോഹരമാക്കുന്നു. മലയാള കവിതക്ക് പുതിയൊരു ഭാവവും ഈണവും നലകിയ കടമ്മനിട്ട രാമകൃഷ്ണന്റെ പ്രസിദ്ധമായ “കോഴി” എന്ന കവിതയോടെയാണ് വായനയുടെ ജാലകം വായനക്കാർക്കായി തുറക്കുന്നത്. കടമ്മനിട്ട തന്നെയാണ് ഈ ലക്കത്തിന്റെ പ്രൗഢമായ മുഖചിത്രവും.
മാതൃഭാഷയെ നെഞ്ചോട് ചേർത്തത് കൊണ്ട് തനിക്ക് നേരിടേണ്ടി വന്ന ഒരനുഭവം ജോർജ്ജ് അറങ്ങാശ്ശേരി തന്റെ പംക്തി “സ്മരണകളിലേക്ക് ഒരു മടക്കയാത്ര” യിൽ ഹൃദയസ്പർശിയായി വിവരിക്കുന്നു. ലോകപ്രസിദ്ധ സാഹിത്യകാരൻ മിലൻ കുന്ദേരയെക്കുറിച്ചു ആർ. ഗോപാലകൃഷ്ണൻ എഴുതിയ കുറിപ്പ് ആ മഹാനായ സാഹിത്യകാരന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടമാണ്.
പ്രമുഖ സാഹിത്യകാരൻ യു കെ കുമാരൻ എഴുതിയ “ചരിത്രത്തോടൊപ്പം ചേരുന്ന തക്ഷൻകുന്നു സ്വരൂപം” എന്ന നോവലിനെ വിലയിരുത്തിക്കൊണ്ട് അലി കരക്കുന്നൻ എഴുതിയ ലേഖനം, മലയാളത്തിന്റെ പ്രിയ നടി ശാരദയെക്കുറിച്ചു ഇ പി രാജഗോപാലൻ എഴുതിയ ലേഖനം എന്നിവ ഈ ലക്കത്തിലെ ശ്രദ്ധേയ രചനകളാണ്. ജ്വാല ഇ മാഗസിന്റെ രചനകൾക്ക് ചിത്രങ്ങൾ കൊണ്ട് മനോഹാരിത നൽകുന്ന യുകെയിലെ പ്രിയ ചിത്രകാരൻ റോയ് സി ജെ യുടെ കാർട്ടൂൺ പംക്തി ” വിദേശവിചാരം ” കാലിക സാമൂഹ്യ വിഷങ്ങൾ അനാവരണം ചെയ്യുന്നു.
സി പി മുഹമ്മദ് റാഫിയുടെ “അർദ്ധരാത്രിയിലെ അനർഘമായ ചുംബനങ്ങൾ”, പ്രിയ സുനിലിന്റെ “ജഡ്ജിയാമ”, ഡോ.വി വി വീനസിന്റെ “മകൻ” എന്നീ കഥകളും എം ബഷീറിന്റെ “കവിത ഒരു കൊറോണ ദേശമായി സ്വയം പ്രഖ്യാപിക്കുന്നു”, ഹരിഹരൻ പങ്ങാരപ്പിള്ളിയുടെ ” ഇവൻ എൻ പ്രിയൻ ” എന്നീ കവിതകളും കൂടി ആകുമ്പോൾ മനോഹരമായ ഏപ്രിൽ ലക്കം സമ്പൂർണ്ണമാകുന്നു.
ജ്വാല ഇ-മാഗസിനിൽ കൃതികൾ പ്രസിദ്ധീകരിക്കുവാൻ താല്പര്യം ഉള്ളവർ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് തങ്ങളുടെ കൃതിയും ഒരു പാസ്പോര്ട്ട് സൈസ് ഫോട്ടോയും അയക്കേണ്ടതാണ്. ഏപ്രിൽ ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക:-
Leave a Reply