സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ ഓൺലൈൻ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ ഓഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചു. പതിവ് പോലെ നിരവധി കാമ്പുള്ള രചനകളാൽ സമ്പന്നമാണ് ഓഗസ്റ്റ് ലക്കവും. മാഗസിന്റെ പുതിയ ലേഔട്ട് വായനക്കാരുടെ പ്രശംസകൾ ഏറ്റുവാങ്ങിക്കൊണ്ട് മുന്നോട്ടു.

രാഷ്ട്രീയ വൈരം മറന്ന് ഭാരതീയ ജനത ഒന്ന് പോലെ സ്നേഹിച്ച നേതാവായിരുന്നു സുഷ്മ സ്വരാജ്. പ്രവാസികളുടെ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്ത സുഷ്മ സ്വരാജിനെ കേരളത്തിലെ ജനങ്ങളും വളരെയധികം സ്നേഹിച്ചിരുന്നു. ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഭാരതത്തിന്റെ വിദേശകാര്യ വകുപ്പ് മന്ത്രിയുമായി ഏറെ തിളങ്ങിയ വ്യക്തിത്വമായിരുന്നു സുഷ്മ സ്വരാജ്.

തുടർച്ചയായി മൂന്ന് പ്രാവശ്യം ഡൽഹി മുഖ്യമന്ത്രിയായും, അതിനുശേഷം കേരള ഗവർണറായും സേവനമനുഷ്‌ഠിച്ച ഷീല ദീക്ഷിതിന്റെ വേർപാടും ഇന്ത്യൻ രാഷ്ട്രീയത്തിന് തീരാനഷ്ടം തന്നെ എന്നതിൽ സംശയമില്ല. സുഷ്മ സ്വരാജിനും ഷീല ദീക്ഷിത്തിനും പ്രണാമം അർപ്പിക്കുന്നു തന്റെ പ്രൗഢ ഗംഭീരമായ എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട്.

സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചും താൻ നേരിട്ട ചില വിഷമ ഘട്ടങ്ങളെക്കുറിച്ചും പ്രമുഖ കവിയും ലേഖകനുമായ സച്ചിദാനന്ദൻ “ഫോട്ടോഷോപ്പ് യുദ്ധങ്ങൾ” എന്ന ലേഖനത്തിൽ വിവരിക്കുന്നു. ഒരിക്കലെങ്കിലും കാണുവാൻ ഏതൊരു മലയാളിയും ആഗ്രഹിക്കുന്ന തൃശൂർ പൂരവും പൂര വെടിക്കെട്ടിനെക്കുറിച്ചും വളരെ മനോഹരമായി എഴുതിയിരിക്കുന്നു സഹ്യൻ ഊരള്ളൂർ തന്റെ അനുഭവക്കുറിപ്പിൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സോഷ്യൽ മീഡിയയിൽ സാഹിത്യ രചനയിലൂടെ പ്രസിദ്ധനായ അനീഷ് ഫ്രാൻസിസിന്റെ ‘പ്രസുദേന്തി’ എന്ന കഥ വായനക്കാരുടെ പ്രിയപ്പെട്ട രചനകളിൽ ഒന്നായിരിക്കും. ജ്വാല ഇ-മാഗസിന്റെ കഥാ വിഭാഗത്തെ സമ്പന്നമാക്കാൻ സോണിയ ജെയിംസ് രചിച്ച ‘മകൾ എന്റെ മകൾ’, മാളു ജി നായരുടെ ‘ചന്ദനഗന്ധം’, കെ. എൽ. രുഗ്മണിയുടെ ‘വരവേൽപ്പ്’ എന്നീ കഥകളും ചേർത്തിരിക്കുന്നു. സാഹിത്യകാരനും ചിത്രകാരനും ആയ സി ജെ റോയി വരച്ച ചിത്രങ്ങൾ ഈ കഥകളെ മനോഹരമാക്കുന്നു. റോയിയുടെ “വിദേശ വിചാരം” എന്ന കാർട്ടൂൺ പംക്തി ഓഗസ്റ്റ് ലക്കത്തിലും തുടരുന്നു.

രാജൻ കെ ആചാരിയുടെ ‘വൃത്താന്തങ്ങൾ’, സബ്‌ന സപ്പൂസിന്റെ ‘മഴയിൽ’, കവല്ലൂർ മുരളീധരന്റെ ‘എഴുതാനിരിക്കുന്നവരുടെ വിലാപങ്ങൾ’ എന്നീ കവിതകളും, ആത്‌മീയ ലോകത്തെ തട്ടിപ്പുകളെ വെളിച്ചത്ത് കൊണ്ടുവരുന്ന ജയേഷ് കുമാറിന്റെ “പുതിയ പുതിയ രുദ്രാക്ഷമാഹാത്മ്യങ്ങൾ” എന്ന ലേഖനവും ജ്വാലയുടെ ഓഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ജ്വാല ഇ-മാഗസിന്റെ ഓഗസ്റ്റ് ലക്കം വായിക്കുക