സജീഷ് ടോം
(യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

കന്നഡ ഭാഷയിലെ പ്രശസ്‌ത എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്ര സംവിധായകനുമായിരുന്ന, ജ്ഞാനപീഠ പുരസ്‌കാര ജേതാവ് അന്തരിച്ച ഗിരീഷ് കർണാഡിന്റെ മുഖചിത്രവുമായി ജൂൺ ലക്കം ജ്വാല ഇ-മാഗസിൻ പ്രസിദ്ധീകൃതമായി. യുക്മയുടെ പോഷക വിഭാഗമായ യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന “ജ്വാല” ലോക പ്രവാസി മലയാളി സാംസ്ക്കാരിക പ്രസിദ്ധീകരണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്.

മുൻ ലക്കങ്ങൾ പോലെത്തന്നെ സൗമ്യവും ദീപ്തവുമായ ഒരു വിഷയം എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റെജി നന്തികാട്ട് പരാമർശിക്കുന്നു. പലതരത്തിലുള്ള മലിനീകരണങ്ങൾ നമ്മുടെ ജീവിതത്തെ ദുഃസ്സഹമാക്കികൊണ്ടിരിക്കുകയാണ്. അതിൽ ശബ്ദമലിനീകരണം എത്രമാത്രം ഉച്ചസ്ഥായിയിലാണെന്ന് റെജി കൃത്യമായി പറഞ്ഞു വക്കുന്നു. രാഷ്ട്രീയത്തിലും ആത്മീയതയിലും എല്ലാം ഒച്ചവെച്ചു മനുഷ്യനെ കീഴ്‌പ്പെടുത്തി നേതാക്കൾ ആകുന്ന പ്രവണതയെ ആശങ്കയോടെ കാണേണ്ടതാണ്.

ജീവിതാനുഭവങ്ങളുടെ നേർ ചിത്രങ്ങളും നിരവധി കഥകളും കവിതകളും അടങ്ങുന്ന ഈ ലക്കത്തിൽ ജ്വാല ഇ-മാഗസിന്റെ ചരിത്രത്തിൽ ഇദംപ്രദമമായി കാർട്ടൂൺ പംക്തിയും ആരംഭിക്കുകയാണ്. എഡിറ്റോറിയൽ അംഗം സി ജെ റോയി വരക്കുന്ന “വിദേശവിചാരം” എന്ന കാർട്ടൂൺ പംക്തി ജ്വാല ഇ-മാഗസിന്റെ പ്രൗഢിക്ക് മാറ്റ് കൂട്ടുന്നു. മലയാളത്തിലെ കാർട്ടൂൺ രചനകളുടെ നൂറു വർഷം ആഘോഷിക്കുന്ന വേളയിൽത്തന്നെ ഈ പംക്തി തുടങ്ങുന്നത് കൂടുതൽ ഉചിതമാകുന്നു.

തമിഴിലും മലയാളത്തിലും കൃതികൾ രചിക്കുകയും നിരവധി കൃതികൾ തർജ്ജമ ചെയ്യുകയും ചെയ്തിരുന്ന സാഹിത്യകാരനായിരുന്നു ഈയിടെ അന്തരിച്ച തോപ്പിൽ മുഹമ്മദ് ബീരാൻ. തമിഴ് മലയാളം മൊഴികൾക്കിടെയിലെ പാലമായി നിന്ന തോപ്പിൽ മുഹമ്മദ് ബീരാനെ സ്മരിക്കുന്നു കെ എൻ ഷാജി.

മലയാള സിനിമയിൽ തന്റേതായ ഇരിപ്പിടം നേടിയെടുത്ത നടനാണ് അലൻസിയർ. നിരവധി വിവാദപരമായ ഇടപെടലുകളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേരളം സമൂഹം ശ്രദ്ധയോടെ കേൾക്കുന്നു. അലൻസിയർ തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യകാലത്തെ കുറിച്ചു് രസകരമായി എഴുതിയിരിക്കുന്നു ‘വായനശാല നാടകക്കളരിയാകുന്നു’ എന്ന ലേഖനത്തിൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെ എഴുത്തുകാരിൽ വളരെ സുപരിചിതയായ ബീനാ റോയ് രചിച്ച ‘സദിർ’ , രാജേഷ് വർമ്മയുടെ ‘പഞ്ഞിമരം ‘ എന്നീ കവിതകൾ വളരെ മനോഹരമായ രചനകളാണ്. കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ ജ്വാല എഡിറ്റോറിയൽ ബോർഡ് അംഗം സി ജെ റോയിയുടെ ‘അപ്പോൾ, എന്ന കഥ ഉന്നത നിലവാരം പുലർത്തുന്നു. സോഷ്യൽ മീഡിയകളിൽ വളരെ സുപരിചിതരായ അനുരാജ് പ്രസാദിന്റെ ‘കണ്ണാടിമാളിക’ സാമുവേൽ ജോർജ്ജിന്റെ ‘ പിക്നിക് ഹട്ട് ‘ എന്നീ കഥകൾ കഥാവിഭാഗത്തെ മനോഹരമാക്കുന്നു.

മലയാള സിനിമാചരിത്രത്തിൽ പ്രഥമഗണനീയമായ ചിത്രമാണ് ‘പെരുന്തച്ചൻ’. ആ ഒറ്റ ചിത്രം മാത്രം സംവിധാനം ചെയ്ത ആളായിരുന്നു ഈയിടെ അന്തരിച്ച അജയൻ. ‘മാണിക്യക്കല്ലിൽ തുടങ്ങി മാണിക്യക്കല്ലിൽ ഒടുങ്ങിയ ചലച്ചിത്ര ജീവിതം’ എന്ന ലേഖനത്തിലൂടെ സി ടി തങ്കച്ചൻ ശ്രീ അജയനെയും മലയാള ചലച്ചിത്ര ലോകത്തെ നെറുകേടുകളെക്കുറിച്ചും ഹൃദയസ്പർശിയായി എഴുതിയിരിക്കുന്നു. അരുൺ വി സജീവ് എഴുതിയ ‘സിന്ധൂ നദീതട സംസ്കാരം’ എന്ന നർമ്മ കഥയും കൂടിയാകുമ്പോൾ ജൂൺ ലക്കം പൂർണമാകുന്നു.

ജ്വാല ഇ-മാഗസിന്റെ ജൂൺ 2019 ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക