യുക്മയുടെ കൾച്ചറൽ വിഭാഗമായ യുക്മ സാംസ്ക്കാരികവേദി പുറത്തിറക്കുന്ന “ജ്വാല” ഇ-മാഗസിന്റെ സെപ്റ്റംബർ ലക്കം തിരുവോണപ്പതിപ്പായി പുറത്തിറങ്ങി. കടൽകടന്നും മലയാള സിനിമക്ക്‌വേണ്ടി അംഗീകാരങ്ങൾ നേടിക്കൊണ്ടിരിക്കുന്ന, മലയാളികളുടെ സ്വന്തം ഇന്ദ്രൻസ് ആണ് ഇത്തവണത്തെ മുഖചിത്രം.
പ്രാദേശിക ഭരണകൂടത്തിന്റെയും ഉദ്യോഗവർഗത്തിന്റെയും ചതിയിൽ കുടുങ്ങി തങ്ങളുടെ ജീവിത സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുവാൻ പോകുന്നത് നോക്കിനിൽക്കേണ്ടിവരുന്ന കുടുംബങ്ങളുടെ നിസ്സഹായതയാണ് ഇത്തവണത്തെ പത്രാധിപക്കുറിപ്പിന്റെ പ്രമേയം. പൊളിച്ചു നീക്കൽ ഭീക്ഷണി നേരിടുന്ന കൊച്ചിയിലെ വിവാദമായ മരട് അപ്പാർട്ട്മെന്റ്സ് വിഷയത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് ശക്തമായി ആവശ്യപ്പെടുന്നു.
മലയാള സാഹിത്യകാരന്മാരിൽ ഉന്നതനായ ചിന്തകനായ ആനന്ദുമായി എം എൻ കാരശ്ശേരി മാഷ് നടത്തിയ അഭിമുഖത്തോട് കൂടി ആരംഭിക്കുന്ന ജ്വാല ഇ-മാഗസിന്റെ സെപ്‌റ്റംബർ ലക്കത്തിൽ, നമ്മുടെ ജനാധിപത്യവും മതേതരത്വവും ദേശീയതയും സർവ്വ ദിക്കിൽ നിന്നും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമകാലിക സമൂഹത്തിലെ രാഷ്ട്രീയ സാംസ്‌കാരിക പ്രശ്നങ്ങളെ ആനന്ദ് എങ്ങനെ കാണുന്നു എന്ന് വ്യക്തമാക്കുന്നു.
ഈ ലക്കത്തിലെ മറ്റൊരു പ്രൗഢ രചനയാണ് മലയാളത്തിന്റെ പ്രിയ കവിയും ചിന്തകനുമായ കെ സച്ചിദാനന്ദൻ എഴുതിയ ‘എന്തായിരുന്നു? എന്താവണം? നവോത്ഥാനം’ എന്ന ലേഖനം വായനക്കാരെ നവോത്ഥാനത്തെക്കുറിച്ചു കൂടുതൽ ആഴത്തിൽ മനസിലാക്കുവാൻ സഹായിക്കുന്നതോടൊപ്പം ലേഖകന്റെ അപാരമായ അറിവ് അത്ഭുതമുളവാക്കുകയും ചെയ്യുന്നു.
മലയാളിക്ക് വളരെ സുപരിചിതനാണ് സിനിമാഗാനങ്ങളോട് ബന്ധപ്പെട്ട വിഷയങ്ങൾ എഴുതുന്ന രവി മേനോൻ. അദ്ദേഹം എഴുതിയ ‘എന്നിട്ടും തോൽക്കാതെ ജോൺസൺ’ എന്ന ഓർമ്മക്കുറിപ്പിൽ “എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ……. എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പിറവിയെക്കുറിച്ചു രസകരമായി വിവരിക്കുന്നു.
ആനുകാലിക രാഷ്ട്രീയ വിഷയങ്ങൾ ആക്ഷേപ ഹാസ്യത്തിലൂടെ കൈകാര്യം ചെയ്യുന്ന കാർട്ടൂൺ പംക്തിയായ വിദേശവിചാരത്തിൽ പുതിയൊരു വിഷയുമായി ചിത്രകാരൻ സി ജെ റോയ് എത്തുന്നു. മനോഹരങ്ങള കഥകളും കവിതകളും അടങ്ങുന്ന ജ്വാലയുടെ സെപ്തംബർ ലക്കം താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വായിക്കാം
Leave a Reply