ലോക്സഭ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിക്ക് തുടക്കം കുറിച്ചതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ സ്ഥാനം ഒഴിയുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ജ്യോതിരാദിത്യ സിന്ധ്യയാണ് ഇന്ന് രാജിവെച്ചത്. പടിഞ്ഞാറൻ ഉത്തർ പ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി. രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചും ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്തുമാണ് രാജി. രാജിക്കത്ത് ദേശീയ നേതൃത്വത്തിന് അയച്ചു.
രാഹുലിനെ പിന്തിരിപ്പിക്കാനും തോൽവിയുടെ ഉത്തരവാദിത്വവും ഏറ്റെടുത്ത് വലുതും ചെറുതുമായ 200 ഓളം രാജികളാണ് ഇതുവരെ കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത്. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവും രാജി വെച്ചിരുന്നു.
ഇതിനിടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്. അധ്യക്ഷനാകേണ്ടത് മുതിർന്നയാളോ യുവനേതാവോ എന്നതിൽ ഇപ്പോഴും നേതൃത്വത്തിന് വ്യക്തത ഇല്ല. സുശീൽ കുമാർ ഷിൻഡേ, മല്ലികാർജ്ജുന ഗാർഗെ, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകൾ പരിഗണനയിൽ ഉണ്ട്. ഗുലാം നബി ആസാദ് അടക്കമുള്ളവർ അധ്യക്ഷനായി സച്ചിൻ പൈലറ്റിനെ നിർദേശിക്കുന്നു. ഒരു വിഭാഗം ഷിൻഡെയ്ക്കും പിന്തുണ നൽകുന്നു. അന്തിമ തീരുമാനം എടുക്കാൻ പ്രവർത്തക സമിതി ബുധനാഴ്ച യോഗം ചേർന്നെക്കും
Leave a Reply