ബിനോയി ജോസഫ്
ആ പ്രിയ നേതാവ് പാലായെ സ്നേഹിച്ചു. ആ നഗരം സ്വന്തം നേതാവിനെ കൈവെള്ളയിൽ പരിപാലിച്ചു. പ്രിയ നേതാവിന്റെ വേർപാടിൽ പാലാ തേങ്ങി. പാലായെയും പാലാക്കാരെയും ഏറെ സ്നേഹത്തോടെ സേവിച്ച മാണിസാർ അന്ത്യ വിടയ്ക്കായി നഗരവീഥിയിലൂടെ വഹിക്കപ്പെട്ടു. പാലായിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. നിറകണ്ണുകളോടെ തങ്ങളുടെ പ്രിയ നേതാവിനെ യാത്രയയയ്ക്കുവാൻ മലബാറടക്കമുള്ള മലയോര മേഖലകളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് എത്തിയത്.
മാണി സാറിന്റെ പാലായിലെ വസതിയിൽ നിന്നാരംഭിച്ച വിലാപയാത്രയിൽ തങ്ങളുടെ നേതാവിനൊപ്പം ആയിരങ്ങളാണ് അണിചേർന്നത്. ഒരു പുഞ്ചിരിയോടെ തന്റെ വസതിയിൽ ഏവരെയും സ്വീകരിച്ചിരുന്ന മാണിസാർ അവസാന യാത്രയ്ക്കായി പുറപ്പെട്ടപ്പോൾ ദു:ഖം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞവർ നിരവധിയായിരുന്നു.
“മാണിസാർ മരിക്കുന്നില്ല.. ജീവിക്കുന്നു ഞങ്ങളിലൂടെ”.. എന്ന മുദ്രാവാക്യവുമായി നൂറുകണക്കിനു പേർ മാണി സാറിന്റെ ശവമഞ്ചത്തിന് അകമ്പടി സേവിച്ചു. അര നൂറ്റാണ്ട് കാലം താൻ പടുത്തുയർത്തിയ നഗരത്തിന്റെ വിരിമാറിലൂടെ വഹിക്കപ്പെട്ട് അന്ത്യവിശ്രമസ്ഥാനമായ പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വിലാപയാത്ര എത്തിച്ചേർന്നു.
രാഷ്ട്രീയ രംഗത്തെ നൂറു കണക്കിന് പ്രമുഖരും നിരവധി ബിഷപ്പുമാരും വൈദികരും സന്യസ്തരും ഇടവക ജനങ്ങളും മാണിസാറിനെ ജീവനുതുല്യം സ്നേഹിച്ച ആയിരങ്ങളും കത്തീഡ്രലിന്റെ അങ്കണത്തിൽ ആദരവോടെ കാത്തു നിന്നു. ദേവാലയത്തിലെ ശുശ്രൂഷകൾക്കു ശേഷം കേരളം കണ്ട രാഷ്ട്രീയ ഇതിഹാസത്തിന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വിടവാങ്ങൽ നൽകി.
മാണി സാറിനൊപ്പം ഊണിലും ഉറക്കത്തിലും സന്തത സഹചാരികളായി പ്രവർത്തിച്ചിരുന്ന നിരവധി കേരളാ കോൺഗ്രസ് പ്രവർത്തകർ ഹൃദയവേദനയിൽ നുറുങ്ങുമ്പോൾ കേരള കോൺഗ്രസിന്റെ പതാക മൃതശരീരത്തിൽ അണിയിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അന്ത്യചുംബനത്താൽ തങ്ങളുടെ കുടുംബനാഥന് വിട നല്കി. പാലാക്കാരുടെ സ്നേഹമറിഞ്ഞ് പാലായുടെ മാണിക്യം പാലായുടെ മണ്ണിൽ അടക്കപ്പെട്ടു. ഒരു യുഗത്തിന്റെ അന്ത്യം.. അതെ മാണി സാർ ഇനി ഓർമ്മകളിൽ മാത്രം.
Leave a Reply