ബെംഗളൂരു: തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കാല’ കര്‍ണാടകയില്‍ റിലീസ് ചെയ്യുന്നതിന് വിലക്ക്. രജനീകാന്ത് കാവേരി വിഷയത്തില്‍ കര്‍ണാടകയ്ക്ക് എതിരായ നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് ‘കാല’യ്‌ക്കെതിരേ കന്നഡസംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. ജൂണ്‍ ഏഴിനാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.

തിയേറ്റര്‍ ഉടമകളോടും വിതരണക്കാരോടും കാല സിനിമയുടെ അണിയറക്കാരുമായി ബന്ധപ്പെടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സാരാ ഗോവിന്ദ് അറിയിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ കന്നഡ സംഘടനകളുടെ പരാതികള്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് ലഭിച്ചിട്ടുണ്ട്. രജനീകാന്തിന്റെ സിനിമകള്‍ ഇഷ്ടമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സാരാ ഗോവിന്ദ് വ്യക്തമാക്കി.

നടനെന്ന നിലയില്‍ രജനീകാന്ത് കാവേരി വിഷയത്തില്‍ യുക്തിപൂര്‍വം ഇടപെട്ടിട്ടുണ്ടെന്നും രാഷ്ട്രീയത്തിലേക്ക് വന്നതിനുശേഷം കര്‍ണാടകയ്‌ക്കെതിരായ നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയെന്നും സംഘടനകള്‍ ആരോപിച്ചു.

കാവേരി വിഷയത്തില്‍ തമിഴ്‌നടന്‍ സത്യരാജിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞവര്‍ഷം ബാഹുബലി ഇറങ്ങിയ സമയത്തും ഈ സംഘടനകള്‍ എതിര്‍ത്തിരുന്നു. പിന്നീട് ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലി മാപ്പു പറഞ്ഞതിനെത്തുടര്‍ന്നാണ് ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചത്.