തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ അഭാവത്തെതുടര്‍ന്ന് എഴുപത് കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ കുറ്റക്കാരനെന്ന് മുദ്രകുത്തി അധികൃതര്‍ ജയിലിലാക്കിയ ഡോക്ടര്‍ കഫീല്‍ഖാന്‍ കുടുംബത്തിനയച്ച കത്ത് ചര്‍ച്ചയാകുന്നു. ഗൊരഘ്പൂരിലെ ബാബാ റാഘവ് ദാസ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ പിടയുന്നത് കണ്ടപ്പോള്‍ പുറത്തുനിന്നും ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറക്കാന്‍ ശ്രമിച്ചതിന് ഹീറോ ആകാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഡോ. കഫീല്‍ ഖാനെ ജയിലിലാക്കിയിരിക്കുന്നത്.

ലിക്വിഡ് ഓക്‌സിജണ്‍ സപ്ലൈ നിറുത്തലാക്കിയ 2017 ഓഗസ്റ്റ് 10 രാത്രിയില്‍ കുട്ടികളെ രക്ഷിക്കുന്നതിനായി ഒരു മനുഷ്യന് സാദ്ധ്യമായതെല്ലാം താന്‍ ചെയ്തിരുന്നു എന്ന് ഡോ. കഫീല്‍ ഖാന്‍ തന്റെ കത്തില്‍ പറയുന്നു. കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന വിവരം ഗോരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിനേയും അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്തിനേയും അടക്കം ബന്ധപ്പെട്ട എല്ലാ അധികാരികളേയും അറിയിച്ചിരുന്നു എന്നും ആ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി ഗ്യാസ്, ബാലാജി, ഇമ്പീരിയല്‍ ഗ്യാസ്, മയൂര്‍ ഗ്യാസ് ഏജന്‍സി, ബി.ആര്‍.ഡി മെഡിക്കല്‍ കോളജിനടുത്തുള്ള ആശുപത്രികള്‍ എന്നിവിടങ്ങളിലും ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി വിളിച്ചിരുന്നു എന്ന് കഫീല്‍ ഖാന്‍ കത്തില്‍ പറയുന്നു.

ആംഡ് ബോര്‍ഡര്‍ ഫോഴ്‌സും ഗ്യാസ് സിലിണ്ടറുകള്‍ എത്തിക്കാന്‍ കഫീല്‍ ഖാനെ സഹായിച്ചിരുന്നു. എന്നാല്‍ കൃത്യസമയത്ത് കുടിശിക നല്‍കാതിരുന്ന ഒരു ഭരണപരാജയം വരുത്തിവച്ച ദുരന്തം തന്നെയും തന്റെ കൂടെയുണ്ടായിരുന്നവരേയും വിഷമിപ്പിച്ചതായി കഫീല്‍ ഖാന്‍ പറഞ്ഞു. 2017 ആഗസ്റ്റ് 13ന് രാവിലെ ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് എത്തുന്നത് വരെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയിരുന്നില്ല.

എന്നാല്‍ 2017 ആഗസ്റ്റ് 13ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞതെന്ന് കഫീല്‍ ഖാന്‍ വ്യക്തമാക്കി. ‘അദ്ദേഹം ചോദിച്ചു- അപ്പോള്‍ നിങ്ങളാണ് ഡോ.കഫീല്‍ അല്ലേ? നിങ്ങളാണോ സിലിണ്ടറുകള്‍ അറേഞ്ച് ചെയ്തത്? ഞാന്‍ പറഞ്ഞു- അതേ സര്‍. അദ്ദേഹം ദേഷ്യപ്പെട്ടു- അപ്പോള്‍ നിങ്ങള്‍ കരുതുന്നത് സിലിണ്ടറുകള്‍ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം..’

ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതെങ്ങിനെയാണ് എന്നതുകൊണ്ടാകാം മുഖ്യമന്ത്രി ദേഷ്യപ്പെട്ടതെന്ന് കഫീല്‍ ഖാന്‍ കരുതുന്നു. എന്നാല്‍, താന്‍ മാധ്യമങ്ങളെ വിവരങ്ങള്‍ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാന്‍ അള്ളാഹുവിനെക്കൊണ്ട് ആണയിടുന്നു, ഞാന്‍ അന്ന് രാത്രി ഒരു മാദ്ധ്യമപ്രവര്‍ത്തകനെയും വിവരമറിയിച്ചില്ല. അവര്‍ അന്ന് രാത്രിതന്നെ അവിടെയുണ്ടായിരുന്നു’. ഇതേതുടര്‍ന്ന്, പൊലീസ് തന്നേയും തന്റെ കുടുംബത്തേയും പീഢിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും കഫീല്‍ ഖാന്‍ പറഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നീതി ലഭിക്കുമെന്നും ഉറപ്പുള്ളതുകൊണ്ടാണ് കീഴടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ആഗസ്റ്റ് 2017ല്‍ അറസ്റ്റിലായ അദ്ദേഹത്തിന് എട്ടു മാസങ്ങള്‍ക്ക് ശേഷവും ജാമ്യം ലഭിച്ചിട്ടില്ല. കൃത്യം നടന്ന 2017 ആഗസ്റ്റ് 10ന് താന്‍ ഔദ്യോഗികമായി ലീവിലായിരുന്നിട്ട് കൂടി കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി പ്രവര്‍ത്തിച്ചത് കഫീല്‍ ഖാന്‍ ഓര്‍ക്കുന്നു. പുഷ്പ സെയില്‍സ് ഓക്‌സിജന്‍ സപ്ലൈ നിറുത്തിയതിനു താനെങ്ങനെ ഉത്തരവാദിയാവും, അദ്ദേഹം ചോദിക്കുന്നു. ‘മെഡിക്കല്‍ പശ്ചാത്തലമില്ലാത്തയാള്‍ക്കുപോലും ഡോക്ടര്‍മാര്‍ ചികില്‍സിക്കാനുള്ളവരാണ്, ഓക്‌സിജന്‍ വാങ്ങാനുള്ളവരല്ലെന്ന് മനസിലാകും’, അദ്ദേഹം പ്രതികരിച്ചു.

പുഷ്പ സെയില്‍സിന്റെ 68 ലക്ഷം രൂപ കുടിശിഖ ആവശ്യപ്പെട്ടയച്ച 14 റിമൈന്‍ഡറുകള്‍ക്ക് മേല്‍ നടപടിയെടുക്കാതിരുന്ന ഗോരഖ്പൂരിലെ ഡി.എമ്മും മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറും ഹെല്‍ത്ത് എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ് കുറ്റവാളികള്‍ എന്നും കഫീല്‍ ഖാന്‍ കത്തില്‍ പറയുന്നു. പുഷ്പ സെയില്‍സിന്റെ ഡയറക്ടര്‍ മനീഷ് ഭണ്ഡാരിക്ക് ജാമ്യം കിട്ടിയതും കത്തില്‍ എടുത്തു പറയുന്നുണ്ട്.

കഫീല്‍ ഖാന്‍ എഴുതിയ കത്ത് ഡോ. നെല്‍സന്‍ ജോസഫ് മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് താഴെ

ജീവൻ രക്ഷിച്ച്‌ ഹീറോ ആകാൻ ശ്രമിച്ചെന്ന കുറ്റത്തിനു യോഗി ആദിത്യനാഥും കൂട്ടരും ചേർന്ന് ജയിലിലടച്ച ഡോ.കഫീൽ ഖാൻ്റെ കത്തിൻ്റെ ഏകദേശ മലയാള പരിഭാഷ. (പരമാവധി പേരിലേക്കെത്തിക്കാൻ വേണ്ടിത്തന്നെയാണെഴുതുന്നത്. എട്ട് മാസമായി നീതി നിഷേധിക്കപ്പെട്ട ഒരാളുടെ ഒപ്പം നിൽക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ഒന്നും പറയാനില്ല)
—————————————————————————————-

” ജാമ്യമില്ലാതെ ജയിലിൽ എട്ട് മാസം, ഞാൻ ശരിക്കും കുറ്റവാളിയാണോ? ”

ഇരുമ്പഴികൾക്ക് പിന്നിലെ എട്ടുമാസത്തെ അസഹനീയമായ പീഢനങ്ങൾക്കും അപമാനങ്ങൾക്കും ശേഷവും ഓരോ നിമിഷവും ഓരോ സീനുകളും ഇപ്പോൾ എൻ്റെ കണ്മുന്നിൽ നടക്കുന്നതുപോലെ ഓർമിക്കുന്നു. ചിലപ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്, ” ഞാൻ ശരിക്കും കുറ്റവാളിയാണോ? “. എൻ്റെ ഹൃദയത്തിൻ്റെ ഉള്ളറകളിൽ നിന്ന് അതിൻ്റെ ഉത്തരം ഉയർന്നുവരും. – ഒരു വലിയ ” അല്ല ”

2017 ഓഗസ്റ്റ് 10ൻ്റെ ആ ദുരന്തരാത്രിയിൽ എനിക്ക് വാട്സാപ് മെസേജ് കിട്ടിയ നിമിഷത്തിൽ ഞാൻ എന്നാൽ കഴിയുന്നത്, ഒരു ഡോക്ടർ, ഒരു അച്ഛൻ, ഒരു ഉത്തരവാദിത്വമുള്ള ഇന്ത്യക്കാരൻ ചെയ്യുന്നതെല്ലാം ചെയ്തിരുന്നു

ലിക്വിഡ് ഓക്സിജൻ്റെ പെട്ടെന്നുള്ള നിർത്തൽ കൊണ്ട് അപകടത്തിലായ ഓരോ ജീവനും രക്ഷിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്തു. ഓക്സിജനില്ലാതെ മരിച്ചുകൊണ്ടിരുന്ന ആ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ രക്ഷിക്കാൻ എൻ്റെ കഴിവിൻ്റെ പരമാവധി ഞാൻ പ്രയത്നിച്ചു. ഞാൻ ഭ്രാന്തമായി എല്ലാവരെയും വിളിച്ചു, ഞാൻ യാചിച്ചു, സംസാരിച്ചു, ഓടി, വാഹനമോടിച്ചു, ആജ്ഞാപിച്ചു, അലറിവിളിച്ചു, മുറവിളികൂട്ടി, ആശ്വസിപ്പിച്ചു, ഉപദേശിച്ചു, പണം ചിലവാക്കി, കടം വാങ്ങി, കരഞ്ഞു….മനുഷ്യസാദ്ധ്യമായതെല്ലാം ഞാൻ ചെയ്തു.

ഞാൻ എൻ്റെ ഡിപ്പാർട്ട്മെൻ്റിൻ്റെ തലവനെയും എൻ്റെ സഹപ്രവർത്തകരെയും BRD പ്രിൻസിപ്പലിനെയും BRD ആക്റ്റിങ്ങ് പ്രിൻസിപ്പലിനെയും ജില്ലാ മജിസ്ട്രേറ്റ് ഗോരഖ്പൂരിനെയും അഡീഷണൽ ഡയറക്ടർ ഓഫ് ഹെൽത് ഗോരഖ്പൂരിനെയും CMS/SIC ഗോരഖ്പൂരിനെയും CMS/SIC BRDയെയും വിളിച്ച് പൊടുന്നനെ ഓക്സിജൻ നിറുത്തിയതുമൂലം ഉണ്ടായ ഗുരുതരമായ അവസ്ഥയെക്കുറിച്ച് അറിയിച്ചു. കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് അറിയിച്ചു. (എൻ്റെ കയ്യിൽ കോൾ റെക്കോഡുകളുണ്ട്)

ഞാൻ ഗ്യാസ് സപ്ലയേഴ്സിനെ – മോഡി ഗ്യാസ്, ബാലാജി, ഇമ്പീരിയൽ ഗ്യാസ്, മയൂർ ഗ്യാസ് ഏജൻസി, BRD മെഡിക്കൽ കോളജിനടുത്തുള്ള ആശുപത്രികൾ – വിളിച്ച് അവരോട് നൂറുകണക്കിനു നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ഗ്യാസ് സിലിണ്ടറുകൾക്കായി യാചിച്ചു.

ഞാൻ അവർക്ക് പണം നൽകി, അതിനു ശേഷം ബാക്കി പണം സിലിണ്ടറുകൾ ലഭിക്കുമ്പോൾ നൽകാമെന്ന് ഉറപ്പുനൽകി. (ഞങ്ങൾ ലിക്വിഡ് ഓക്സിജൻ ടാങ്ക് എത്തുന്നത് വരെ 250 ജംബോ സിലിണ്ടറുകൾ അറേഞ്ച് ചെയ്തിരുന്നു. ഒരു ജംബോ സിലിണ്ടറിന് 216 രൂപയാണ്)

ഞാൻ ഒരു ക്യൂബിക്കിളിൽ നിന്ന് അടുത്തതിലേക്ക്, വാർഡ് 100ൽ നിന്ന് വാർഡ് 12 ലേക്കും എമർജൻസി വാർഡിലേക്കും, ഒരു ഓക്സിജൻ സപ്ലൈ പോയിൻ്റിൽ നിന്ന് അടുത്തതിലേക്കും ഓടി തടസമില്ലാത്ത ഓക്സിജൻ സപ്ലൈ ഉണ്ടെന്ന് ഉറപ്പുവരുത്തി.

ഞാൻ ഗ്യാസ് സിലിണ്ടറുകൾ ലഭിക്കാനായി അടുത്തുള്ള ആശുപത്രികളിലേക്ക് കാറിൽ ഡ്രൈവ് ചെയ്തുപോയി. അത് പോരാതെവരുമെന്ന് തോന്നിയപ്പോൾ ഞാൻ ആംഡ് ബോർഡർ ഫോഴ്സിലേക്ക് ചെന്നു. അതിൻ്റെ DIG യെ കണ്ട് അദ്ദേഹത്തോട് ഈ സിറ്റുവേഷനെക്കുറിച്ച് വിശദീകരിച്ചു. അവരുടെ അനുകൂലമായ പ്രതികരണം പെട്ടെന്നായിരുന്നു. അവർ ഒരു വലിയ ട്രക്കും ഒരു കൂട്ടം സൈനികരെയും വിട്ടുതന്നു. സൈനികർ ഗ്യാസ് ഏജൻസിയിൽ നിന്ന് BRDയിലേക്ക് സിലിണ്ടറുകൾ നിറച്ച് എത്തിക്കുകയും കാലി സിലിണ്ടറുകൾ തിരിച്ചെത്തിക്കാനായി ഓടുകയും ചെയ്തു.

അവർ 48 മണിക്കൂർ തുടർച്ചയായി പ്രവർത്തിച്ചു. അവരുടെ ആത്മവീര്യം ഞങ്ങളുടേതും വർദ്ധിപ്പിച്ചു. ഞാൻ അവരെ സല്യൂട്ട് ചെയ്യുന്നു. അവരുടെ സഹായത്തിന് എന്നും നന്ദിയുള്ളവനായിരിക്കും.

ജയ് ഹിന്ദ്

ഞാൻ എൻ്റെ ജൂണിയർ / സീനിയർ ഡോക്ടർമാരോട് സംസാരിച്ചു. എൻ്റെ സ്റ്റാഫിനോട് ഞാൻ സംസാരിച്ചു. ” ആരും പരിഭ്രാന്തരാവുകയോ ഹതാശരാവുകയോ ചെയ്യരുത്. അസ്വസ്ഥരായ മാതാപിതാക്കളോട് ദേഷ്യപ്പെടരുത്. വിശ്രമിക്കുകയുമരുത്. നമുക്ക് ഒരു ടീമായി ജോലി ചെയ്താലേ എല്ലാവരെയും ചികിൽസിക്കാനും എല്ലാ ജീവനും രക്ഷപ്പെടുത്താനുമാവൂ. ”

ഞാൻ കുട്ടികൾ നഷ്ടപ്പെട്ട ദുഖാർത്തരായ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. കുട്ടികൾ മരിച്ച, അസ്വസ്ഥരായ, ദേഷ്യപ്പെട്ട് തുടങ്ങിയിരുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒരുപാട് ആശയക്കുഴപ്പം നിലനിന്നിരുന്നു. അവരോട് ഞാൻ ലിക്വിഡ് ഓക്സിജൻ തീർന്നിരിക്കുകയാണെന്നും ഓക്സിജൻ സിലിണ്ടറുകൾ വച്ച് അത് നികത്താൻ ശ്രമിക്കുകയാണെന്നും വിശദീകരിച്ചു.

ഞാൻ എല്ലാവരോടും ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടു..ഞാൻ കരഞ്ഞു, യഥാർഥത്തിൽ ടീമിലെ എല്ലാവരും കരഞ്ഞിരുന്നു..കൃത്യസമയത്ത് കുടിശിക നൽകാതിരുന്ന ഒരു ഭരണപരാജയം വരുത്തിവച്ച നാശം കണ്ട് – അതുണ്ടാക്കിയ ദുരന്തം കണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

13-08-2017 രാവിലെ 1:30 നു ലിക്വിഡ് ഓക്സിജൻ ടാങ്ക് എത്തുന്നത് വരെ ഞങ്ങൾ നിർത്തിയില്ല.

പക്ഷേ എൻ്റെ ജീവിതം കീഴ്മേൽ മറിഞ്ഞത് ചീഫ് മിനിസ്റ്റർ യോഗി ആദിത്യ മഹാരാജ് അടുത്ത ദിവസം – 13-08-17നു വന്നതോടെയാണ്. അദ്ദേഹം ചോദിച്ചു – ” അപ്പോൾ നിങ്ങളാണ് ഡോ.കഫീൽ അല്ലേ? നിങ്ങളാണോ സിലിണ്ടറുകൾ അറേഞ്ച് ചെയ്തത്? ”

ഞാൻ പറഞ്ഞു . ” അതേ സർ ”

അദ്ദേഹം ദേഷ്യപ്പെട്ടു. ” അപ്പോൾ നിങ്ങൾ കരുതുന്നത് സിലിണ്ടറുകൾ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം..”

യോഗിജി ദേഷ്യപ്പെടാൻ കാരണമുണ്ട്. ഈ വാർത്ത മാദ്ധ്യമങ്ങളിൽ വന്നതെങ്ങിനെയാണെന്നുള്ളതുകൊണ്ട്. ഞാൻ അള്ളാഹുവിനെക്കൊണ്ട് ആണയിടുന്നു, ഞാൻ അന്ന് രാത്രി ഒരു മാദ്ധ്യമപ്രവർത്തകനെയും വിവരമറിയിച്ചില്ല. അവർ അന്ന് രാത്രിതന്നെ അവിടെയുണ്ടായിരുന്നു.

പൊലീസ് എൻ്റെ വീട്ടിലേക്ക് വന്നു – വേട്ടയാടി, ഭീഷണിപ്പെടുതി, എൻ്റെ കുടുംബത്തെ അവർ പീഢിപ്പിച്ചു. അവർ എന്നെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്ന് ആളുകൾ താക്കീത് ചെയ്തു. എൻ്റെ കുടുംബവും അമ്മയും ഭാര്യയും കുഞ്ഞുങ്ങളും ഭീതിയിലായിരുന്നു. എനിക്കവരെ ആശ്വസിപ്പിക്കാൻ വാക്കുകളുണ്ടായിരുന്നില്ല

എൻ്റെ കുടുംബത്തെ അപമാനത്തിൽ നിന്ന് രക്ഷിക്കാൻ ഞാൻ കീഴടങ്ങി. അപ്പോൾ ഞാൻ ഓർത്തിരുന്നത് ഞാൻ തെറ്റൊന്നും ചെയ്തില്ലെന്നും എനിക്ക് നീതി ലഭിക്കുമെന്നുമായിരുന്നു.

പക്ഷേ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി – ആഗസ്റ്റ് 2017 തൊട്ട് ഏപ്രിൽ 2018 വരെ. ഹോളി വന്നു, ദസറ വന്നു, ക്രിസ്മസ് പോയി, പുതുവർഷം വന്നു, ദീപാവലി വന്നു. ഓരോ ദിവസവും ജാമ്യം കിട്ടുമെന്ന പ്രതീക്ഷയോടെ…അപ്പൊഴാണ് ഞങ്ങൾക്ക് മനസിലായത് നീതിന്യായവ്യവസ്ഥയും സമ്മർദ്ദത്തിലാണെന്ന് (അവരും അങ്ങനെ അറിയിച്ചു)

ഉറങ്ങുന്നത് 150ലധികം തടവുകാരോടൊപ്പം ഒരു ഇടുങ്ങിയ മുറിയുടെ നിലത്താണ്. രാത്രിയിൽ ലക്ഷക്കണക്കിനു കൊതുകും പകൽ ആയിരക്കണക്കിന് ഈച്ചകളും. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കാൻ ശ്രമിച്ചുകൊണ്ട്, അർദ്ധനഗ്നനായി കുളിച്ച്, പൊട്ടിപ്പൊളിഞ്ഞ വാതിലുള്ള ടോയ്ലറ്റിലിരുന്ന്..ഞായറാഴ്ചയും ചൊവ്വാഴ്ചയും വ്യാഴാഴ്ചയും എൻ്റെ കുടുംബത്തെ കാത്തിരിക്കുന്നു.

എനിക്ക് മാത്രമല്ല. എൻ്റെ കുടുംബത്തിനും ജീവിതം നരകമാണ്. ഒരു തൂണിൽ നിന്ന് മറ്റൊന്നിലേക്ക് അവർക്ക് ഓടേണ്ടിവരുന്നു. – പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക്, ഗോരഖ്പൂരിൽ നിന്ന് അലഹബാദിലേക്ക് – നീതി ലഭിക്കാൻ…പക്ഷേ എല്ലാം പാഴായി..

എൻ്റെ കുഞ്ഞിൻ്റെ ആദ്യ പിറന്നാൾ എനിക്ക് ആഘോഷിക്കാൻ കഴിഞ്ഞില്ല. അവൾക്കിപ്പൊ ഒരു വയസും ഏഴു മാസവുമാണു പ്രായം. കുട്ടികളുടെ ഡോക്ടറെന്ന നിലയിൽക്കൂടി സ്വന്തം കുഞ്ഞ് വളരുന്നത് കാണാൻ കഴിയാത്തത് വളരെയധികം വേദനാജനകവും നിരാശാജനകവുമാണ്. ഒരു പീഡിയാട്രീഷനെന്ന നിലയിൽ മാതാപിതാക്കളെ വളർച്ചാഘട്ടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ മാതാപിതാക്കളെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ എൻ്റെ കുഞ്ഞ് നടക്കാൻ തുടങ്ങിയോ, സംസാരിക്കുന്നുണ്ടോ, ഓടുന്നുണ്ടോ എന്നെനിക്കറിയില്ല.

വീണ്ടും ആ ചോദ്യം എന്നെ വേട്ടയാടുന്നു. – ഞാൻ യഥാർഥത്തിൽ കുറ്റവാളിയാണോ? അല്ല, അല്ല…അല്ല

2017 ഓഗസ്റ്റ് 10 നു ഞാൻ ലീവിലായിരുന്നു (എൻ്റെ HoD അനുവദിച്ചിരുന്നത്). എന്നിട്ടും ഞാൻ എൻ്റെ കർത്തവ്യത്തിനായി ഓടിയെത്തി – അതാണോ തെറ്റ്?

അവരെന്നെ ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെൻ്റും BRDയുടെ വൈസ് ചാൻസലറും 100 ബെഡുള്ള അക്യൂട്ട് എൻകെഫലൈറ്റിസ് സിൻഡ്രോം വാർഡിൻ്റെ ഇൻ ചാർജുമാക്കി. ഞാൻ അവിടത്തെ ഏറ്റവും ജൂണിയറായ ഡോക്ടറും 08-08-2016നു മാത്രം സ്ഥിരനിയമനം നേടിയയാളുമാണ്. അവിടത്തെ NRHM ൻ്റെ നോഡൽ ഓഫീസറും പീഡിയാട്രിക്സ് ലക്ചററുമാണ്. എൻ്റെ ജോലി പഠിപ്പിക്കലും കുട്ടികളെ ചികിൽസിക്കലും മാത്രമാണ്. ലിക്വിഡ് ഓക്സിജനോ സിലിണ്ടറോ വാങ്ങുന്നതിലോ ടെൻഡർ നൽകുന്നതിലോ അറ്റകുറ്റപ്പണി നടത്തുന്നതിലോ പണം നൽകുന്നതിലോ ഞാൻ പങ്കെടുക്കേണ്ടിയിരുന്നില്ല

പുഷ്പ സെയിൽസ് ഓക്സിജൻ സപ്ലൈ നിറുത്തിയതിനു ഞാനെങ്ങനെ ഉത്തരവാദിയാവും. മെഡിക്കൽ പശ്ചാത്തലമില്ലാത്തയാൾക്കുപോലും ഡോക്ടർമാർ ചികിൽസിക്കാനുള്ളവരാണ്, ഓക്സിജൻ വാങ്ങാനുള്ളവരല്ലെന്ന് മനസിലാകും.

കുറ്റവാളികൾ പുഷ്പ സെയിൽസിൻ്റെ 68 ലക്ഷം രൂപ കുടിശിഖ ആവശ്യപ്പെട്ടയച്ച 14 റിമൈൻഡറുകൾക്ക് മേൽ നടപടിയെടുക്കാതിരുന്ന ഗോരഖ്പൂരിലെ DM ഉം മെഡിക്കൽ എജ്യുക്കേഷൻ ഡിറക്ടറും ഹെൽത്ത് എജ്യുക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്.

ഉയർന്ന നിലയിലെ ഒരു സമ്പൂർണ ഭരണപരാജയമായിരുന്നു അത്. അവർക്ക് പ്രശ്നത്തിൻ്റെ ആഴം മനസിലായില്ല. അവർ ഞങ്ങളെ ബലിയാടുകളാക്കി. ഗോരഖ്പൂരിൻ്റെ ജയിലിനുള്ളിൽ സത്യത്തെ തളച്ചിടാൻ

പുഷ്പ സെയിൽസിൻ്റെ ഡയറക്ടർ മനീഷ് ഭണ്ഡാരിക്ക് ജാമ്യം കിട്ടിയപ്പോൾ ഞങ്ങളും നീതി ലഭിക്കുമെന്നും എൻ്റെ വീട്ടുകാരോടൊത്ത് ജീവിക്കാനും സേവനം നടത്താനും കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു

പക്ഷേ ഇല്ല – ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്.

സുപ്രീം കോടതി പറയുന്നത് ജാമ്യം അവകാശവും ജയിൽ ഒഴിവാക്കലുമാണെന്നാണ്. എൻ്റെ കേസ് നീതിനിഷേധത്തിൻ്റെ ഉത്തമോദ്ദാഹരണമാണ്.

ഞാൻ സ്വതന്ത്രനായി എൻ്റെ കുടുംബത്തിൻ്റെയും മകളുടെയും കൂടെ ആയിരിക്കുന്ന സമയമുണ്ടാവുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. സത്യം തീർച്ചയായും വിജയിക്കും. നീതി നടപ്പാവും.

ഒരു നിസഹായനായ, ഹൃദയം തകർന്ന പിതാവ്, ഭർത്താവ്, സഹോദരൻ, മകൻ, സുഹൃത്ത്

ഡോ.കഫീൽ ഖാൻ
18-04-2018