ഒരച്ഛനും മകളെ ഇതുപോലെ സ്‌നേഹിച്ചിട്ടുണ്ടാകില്ല. ഒരു ഭര്‍ത്താവും ഭാര്യയെ ഇതുപോലെ സ്‌നേഹിച്ചിട്ടുണ്ടാകില്ല. ഒരാളും തന്റെ സഹോദരങ്ങളെ ഇങ്ങനെ സ്‌നേഹിച്ചിട്ടുണ്ടാകില്ല. ഒരാളും തന്റെ കൂട്ടുകാരെ, നാട്ടുകാരെ ഇങ്ങനെ സ്‌നേഹിച്ചിട്ടുണ്ടാകില്ല, എന്റെ അച്ഛനല്ലാതെ. നിങ്ങള്‍ അറിയുന്ന കലാഭവന്‍ മണിയല്ലാതെ’; കലാഭവന്‍ മണിയുടെ  ഓര്‍മയില്‍ മനസ്സുരുക്കുന്ന വാക്കുകളില്‍ മകള്‍ ശ്രീലക്ഷ്മി ഓര്‍ക്കുന്നു .
‘കുട്ടിക്കാലത്ത് വയറു നിറയെ ആഹാരം കഴിക്കാനുള്ള യോഗം അച്ഛന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ദൈവത്തെ കരുതും പോലെയാണ് അച്ഛന്‍ ആഹാരത്തെ കരുതിയിരുന്നത്. ഞങ്ങള്‍ ആരെങ്കിലും ആഹാരം ബാക്കി വച്ചാല്‍ അച്ഛന്‍ ശകാരിക്കാനൊന്നും നില്‍ക്കില്ല. ഇങ്ങനെ ഒരു പാട്ടു പാടും;

‘ഉമ്പായി കുച്ചാണ്ട്…. പ്രാണന്‍ കത്തണ്മ്മാ….
വാഴല പൊട്ടിച്ച്… പാപ്പണ്ടാക്കണ്മ്മാ…’

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആ പാട്ടില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. പിന്നീട് ആര്‍ക്കും ആഹാരം ബാക്കി വയ്ക്കാനൊന്നും തോന്നില്ല. അച്ഛന്‍ നല്ലൊരു പാചകക്കാരനായിരുന്നു. അച്ഛന്‍ വെറുതെ ചോറെടുത്ത് ഉരുളയാക്കി തന്നാല്‍ പോലും അതിന് പ്രത്യേകമായൊരു രുചിയുണ്ടാകും. അച്ഛന്‍ വീട്ടിലുള്ള ദിവസം ഒരു പാത്രത്തില്‍ നിന്നായിരുന്നു ഞങ്ങള്‍ ആഹാരം കഴിച്ചിരുന്നത്. കുടുംബത്തില്‍ എന്ത് വിശേഷമുണ്ടെങ്കിലും അച്ഛന്റെ പ്രത്യേക പാചകമുണ്ടാകും. നല്ല കൈപുണ്യമായിരുന്നു അച്ഛന്. ആ കൈപുണ്യം അറിഞ്ഞവര്‍ പിന്നെ ഒരിക്കലും ആ രുചി മറക്കില്ല. എനിക്ക് ഇഷ്ടപ്പെട്ട മാമ്പഴക്കൂട്ടാന്‍ അച്ഛന്‍ ഉണ്ടാക്കിത്തരുമായിരുന്നു. അച്ഛന്റെ സ്‌പെഷല്‍ ഐറ്റം ആണത്. മാമ്പഴമെന്ന് പറയുമെങ്കിലും പച്ചമാങ്ങയും സവാളയും കൂടിച്ചേര്‍ന്ന ഒരു കറിയാണ്. അതുമാത്രം മതി ഊണു കഴിക്കാന്‍. അത്രയ്ക്കും രുചിയായിരുന്നു. അച്ഛന്‍ മരിച്ചതിനുശേഷം ഞങ്ങളുടെ വീട്ടില്‍ നോണ്‍വെജ് പാചകം ചെയ്യാറില്ല. ഞാനും അമ്മയും നോണ്‍വെജ് കഴിക്കാറുമില്ല എന്ന് ശ്രീലക്ഷ്മി പറയുന്നു .