സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് താൻ നൽകിയ മൊഴികൾ നുണയാണെന്ന തരത്തിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ തെറ്റെന്ന് കലാഭവൻ സോബി. അന്വേഷണത്തെ അട്ടിമറിക്കുന്നതിനായാണ് ഇത്തരം വാർത്തകൾ പുറത്തുവിടുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ വാർത്ത നിഷേധിച്ചിട്ടുണ്ടെന്നും കോടതിയിൽ സമർപ്പിക്കും മുൻപ് മൊഴി പുറത്ത് വിടില്ലെന്നും സോബി പറയുന്നു.
വാർത്തയിൽ വന്ന അതേ വിവരം തന്റടുത്ത് ഇടനിലക്കാരെ അയച്ച ഇസ്രയേലിലുള്ള യുവതി ഒരാഴ്ച മുമ്പ് നാട്ടിൽ ചിലരെ വിളിച്ച് പറഞ്ഞതായി അറിഞ്ഞിരുന്നു. ഇക്കാര്യം ഡിവൈഎസ്പി അനന്തകൃഷ്ണനെ അറിയിക്കുകയും ചെയ്തിരുന്നു. കേസിന്റെ അവസാനം ഇങ്ങനെയെ വരൂ എന്നാണ് അവർ പറഞ്ഞത്. ഇപ്പോൾ ഈ വിവരം വാർത്തയാകുമ്പോൾ കേസ് അട്ടിമറിക്കാനല്ലാതെ മറ്റെന്തിനാണെന്നും സോബി ചോദിക്കുന്നു.
മൊഴി നുണയാണെന്നും അന്വേഷണത്തോട് സഹകരിച്ചിട്ടില്ലെന്നും പറഞ്ഞാൽ സമ്മതിച്ചു നൽകാനാവില്ല. ഉച്ചയ്ക്ക് 12 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടിട്ട് ഒമ്പതു മണിക്കു തന്നെ സിബിഐ ഓഫിസിലെത്തിയ ഞാൻ സഹകരിച്ചില്ലെന്നു പറഞ്ഞാൽ അത് എപ്പോഴാണെന്നു പറയാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ട്. അല്ലെങ്കിൽ കോടതിയിൽ മറുപടി പറയേണ്ടി വരും.
ബ്രെയിൻ മാപ്പിങ് വേണമെന്നാണ് താൻ ആവശ്യപ്പെട്ടത്. അത് അംഗീകരിക്കാതെ നുണപരിശോധനയിൽ ഒതുക്കിയതിൽ തന്നെ ദുരൂഹത സംശയിക്കുന്നുണ്ട്. നുണപരിശോധന സംബന്ധിച്ച വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുന്നതിനു മുമ്പ് അന്വേഷണ സംഘം പുറത്തു വിടില്ലെന്നാണ് ഡിവൈഎസ്പി പറഞ്ഞത്. അദ്ദേഹത്തെ വിശ്വാസമുണ്ട്. താനിപ്പോഴും അന്വേഷണ സംഘത്തിന്റെ പ്രധാന സാക്ഷിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് എന്തെങ്കിലും സംഭവിക്കാതിരിക്കാൻ നിരീക്ഷണം ശക്തമാക്കിയിട്ടുണെന്നും സോബി വ്യക്തമാക്കി.
Leave a Reply