ചെന്നൈ: തമിഴ്‌നാട്ടിലെ 20 സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ തന്റെ പാര്‍ട്ടി തയ്യാറാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. സംസ്ഥാനത്ത് എപ്പോള്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് അറിയില്ല. എന്നാല്‍, തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയതായും കമല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, അണ്ണാ ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരനെ അനുകൂലിക്കുന്ന 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി മദ്രാസ് ഹൈകോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. കൂടാതെ എം. കരുണാനിധിയുടെയും എ.കെ ബോസിന്റെയും നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തിരുവാരൂര്‍, തുരുപ്പറകുന്‍ണ്ട്രം ഉള്‍പ്പെടെ 20 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്.

64ാം ജന്മദിനത്തിലാണ് കമല്‍ഹസന്‍ ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട 20 നിയമസഭാ മണ്ഡലങ്ങളിലെ 80 ശതമാനം പാര്‍ട്ടി പദവികളിലും നേതാക്കളെ നിശ്ചയിച്ചു കഴിഞ്ഞതായും കമല്‍ പറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മല്‍സരിക്കുമെന്ന് മൂന്നു മാസം മുമ്പ് കമല്‍ വ്യക്തമാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോണ്‍ഗ്രസുമായി സഖ്യത്തിന് തങ്ങള്‍ ഒരുക്കമാണെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു. പക്ഷേ ദ്രാവിഡ മുന്നേട്ര കഴകവുമായുള്ള(ഡി.എം.കെ) ബന്ധം കോണ്‍ഗ്രസ് ഉപേക്ഷിച്ചാല്‍ മാത്രമേ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിനെ കുറിച്ച് തങ്ങള്‍ ആലോചിക്കുയുള്ളൂവെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

ഡി.എം.കെ കോണ്‍ഗ്രസ് ബന്ധം ഇല്ലാതാവുകയാണെങ്കില്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. കോണ്‍ഗ്രസുമായുള്ള തങ്ങളുടെ സഖ്യം തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന കാര്യം മാത്രമേ കോണ്‍ഗ്രസിനോട് പറയാനുള്ളൂ’-കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ കമല്‍ഹാസന്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയസാഹചര്യം വിലയിരുത്തുന്നതായിരുന്നു യോഗം.