സ്വന്തം ലേഖകൻ
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന് വൻ വിജയം. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തിയ ബൈഡൻ യുഎസിൻെറ 46 ആമത്തെ പ്രസിഡന്റ് ആകും. ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ആയി ബൈഡൻ ജനുവരി 20 ന് നടക്കുന്ന ചടങ്ങിൽ സ്ഥാനമേൽക്കും.
നൂറ്റാണ്ടിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിലാണ് അമേരിക്ക ഇത്തവണ സാക്ഷിയായത്. യുഎസിന്റെ ചരിത്രത്തിലേക്ക് കൂടിയാണ് കമല ഹാരിസ് ജയിച്ചു കയറുന്നത്. ഇന്ത്യൻ വംശജയായ കമല ഹാരിസ് ചെന്നൈ സ്വദേശി ശ്യാമള ഗോപാലന്റെയും ജമൈക്കകാരനായ ഡൊണാൾഡ് ഹാരിസിന്റെയും മകളാണ്. അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യൻ വംശജയും ആദ്യ വനിതയുമാണ് കമല ഹാരിസ്.
നിർഭയമായ നിലപാടുകളുടെ പേരിൽ ഏറെ കൈയ്യടി നേടിയിട്ടുള്ള നേതാവാണ് 56 വയസ്സുകാരിയായ കമല. ഇത്തവണത്തെ ഇലക്ഷൻ ഫലത്തെ നിർണായകമായി സ്വാധീനിച്ച സ്ത്രീകളുടെയും കറുത്തവർഗ്ഗക്കാരുടെയും ഏറിയ പങ്ക് വോട്ടിനും കാരണക്കാരി കമല ഹാരിസ് ആണെന്ന് പറയേണ്ടി വരും. അഭിഭാഷക ആയി ജോലി ചെയ്യവേ വധശിക്ഷ, സ്വവർഗ്ഗ വിവാഹം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകൾ ശ്രദ്ധേയമായി. കറുത്ത വർഗ്ഗക്കാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ പോലീസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ബരാക് ഒബാമയുമായുള്ള അടുത്ത ബന്ധം രാഷ്ട്രീയ ഭാവിക്ക് തുണയായിട്ടുണ്ട്. എതിർസ്ഥാനാർഥി മൈക്ക് പെൻസിലുമായുള്ള സംവാദത്തിൽ കമലയുടെ രാഷ്ട്രീയനിലപാടുകൾ തെളിഞ്ഞു കാണാമായിരുന്നു. ശക്തയായ ഒരു നേതാവ് എന്ന നിലയിലും,അവർ പ്രതിനിധീകരിക്കുന്ന ജനതയുടെ ശബ്ദം എന്ന നിലയിലും കമല അമേരിക്കയ്ക്ക് പ്രിയപ്പെട്ടവൾ ആകുന്നു.
വിജയിച്ച ശേഷം കമലയുടെ അനന്തരവൾ മീന ഹാരിസ്, ‘നിനക്കും പ്രസിഡന്റ്’ ആവാം എന്ന് കൊച്ചു മകളോട് രസകരമായ രീതിയിൽ സംസാരിക്കുന്നത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഒരു കുഞ്ഞിനോടുള്ള സംഭാഷണം എന്നതിലുപരിയായി ഒരു ജനതയുടെ പ്രതീക്ഷയായി ഈ വാക്കുകളെ വ്യാഖ്യാനിക്കാം.
മുൻ വൈസ് പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള ബൈഡൻ രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞ വ്യക്തിയാണ്. പൊതുജന സേവനത്തിലും ഭരണത്തിലുമുള്ള അരനൂറ്റാണ്ട് അനുഭവസമ്പത്ത് കൈമുതലായുള്ള ഇദ്ദേഹം, അപകടവും അനിശ്ചിതത്വവും നിറഞ്ഞ ലോകത്ത് പക്വതയും സ്ഥിരതയും ഉള്ള നേതാവായാണ് സ്വയം വിശേഷിപ്പിക്കുന്നത്. വംശീയ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളോട് പൊതുവെ എതിർപ്പുള്ള ബൈഡൻ ഇന്ത്യൻ ജനതയോടുള്ള സമീപനത്തിലും ഇതേ കാഴ്ചപ്പാട് പുലർത്തും എന്നാണ് പ്രതീക്ഷ.
Leave a Reply