ഷെറിൻ പി യോഹന്നാൻ
ഡെപ്യൂട്ടി തഹസിൽദാർ പോൾ മത്തായിയുടെ മകൾ ഒരു വർഷം മുമ്പ് നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. അതിന്റെ കേസ് ഇപ്പോഴും നടക്കുകയാണ്. ഇത്തവണ പോൾ എറണാകുളത്ത് എത്തിയത് പ്രധാനമായും രണ്ട് കാര്യങ്ങൾക്ക് വേണ്ടിയാണ്. ഒന്ന്, കൊച്ചുമകനെ കണ്ട് അവന്റെകൂടെ ഒരു ദിവസം താമസിക്കണം. മരുമകൻ അലനും അലന്റെ ഇപ്പോഴത്തെ ഭാര്യ സ്നേഹയും അവിടെയുണ്ട്. രണ്ടാമത്തെ കാര്യം, വക്കീലിനെ കണ്ട് കേസ് മുന്നോട്ട് നടത്തികൊണ്ടുപോകണം. എന്നാൽ കാര്യങ്ങൾ ആ വീട്ടിൽ നിന്ന് പല വഴികളിലേക്ക് തിരിയുകയായിരുന്നു.
മനു അശോകന്റെ രണ്ടാമത്തെ ചിത്രം ഒരു ഫാമിലി ഡ്രാമയാണ്. സുരാജ്, ടോവിനോ, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഇമോഷണൽ സൈഡിൽ നിന്നുള്ള കഥപറച്ചിലാണ് നടത്തിയിരിക്കുന്നത്. ഒരു മരണം മൂന്നു പേരുടെ ജീവിതത്തെ എപ്രകാരം ബാധിക്കുന്നു, അതിൽ അവർ നേരിടുന്ന മാനസിക സംഘർഷം, യഥാർത്ഥ സംഭവം തിരിച്ചറിഞ്ഞു കഴിയുമ്പോഴുള്ള അവസ്ഥ എന്നിങ്ങനെ മനുഷ്യ മനസിന്റെ വൈകാരിക തലങ്ങളെ സ്പർശിച്ചുള്ള കഥാഖ്യാനമാണ് ചിത്രം നടത്തുന്നത്.
പ്രകടനങ്ങളിൽ സുരാജ് മികച്ചു നിൽക്കുന്നു. മകൾ നഷ്ടപെട്ട അച്ഛന്റെ വ്യഥകളെ, സത്യം തിരിച്ചറിയാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളെ പെർഫെക്ടായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. റിലേഷൻഷിപ്പിൽ പാടുപെട്ട് കഴിയേണ്ടി വരുന്ന സ്ത്രീയെ ഐശ്വര്യ പൂർണതയിൽ എത്തിക്കുമ്പോൾ ടോവിനോയും തന്റെ റോൾ മികച്ചതാക്കിയിട്ടുണ്ട്. എടുത്തുപറയേണ്ട മറ്റൊരു പ്രകടനം കുട്ടുവായി എത്തിയ അലോക് കൃഷ്ണയുടേതാണ്. പശ്ചാത്തലസംഗീതവും നല്ല നിലവാരം പുലർത്തുന്നു
വളരെ പതുക്കെയാണ് കഥ നീങ്ങുന്നത്. സത്യം തിരിച്ചറിയാനുള്ള ശ്രമങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ ആകാംഷ നിറയ്ക്കുന്നുണ്ടെങ്കിലും ഒരു ‘ത്രില്ലർ’ എന്ന പേര് നൽകാമോയെന്ന് സംശയമാണ്. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥ അത്ര മികച്ചതായി എനിക്ക് അനുഭവപ്പെട്ടില്ല. സ്ട്രോങ്ങ് ആയി ആദ്യ പകുതി ഒരുക്കിയെങ്കിലും ഫൈനൽ ആക്ടിൽ തിരക്കഥ ദുർബലമായി. അതുകൊണ്ട് തന്നെ ചിലയിടങ്ങളിൽ അനാവശ്യമായി കഥ വലിച്ചുനീട്ടിയത് കാണാം.
കണ്ടിരിക്കാവുന്ന ഫാമിലി ഡ്രാമയാണ് ‘കാണെക്കാണെ’. തെറ്റ് – ശരി എന്നീ ദ്വന്ദങ്ങളുടെ പക്ഷത്തു നിന്ന് കഥപറയുന്നത് പ്രേക്ഷകനെയും പരിഗണിച്ചുകൊണ്ടാണ്. സ്ക്രിപ്റ്റിലെ പോരായ്മ അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളിലൂടെ പരിഹരിക്കപ്പെടുന്ന കാഴ്ച. അതുകൊണ്ട് തന്നെ ഭൂരിഭാഗം പ്രേക്ഷകർക്കും സിനിമ ഇഷ്ടമാകും.
Leave a Reply