കണ്ണൂരില്‍ മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുണ്ടെന്ന് ശരണ്യ പറഞ്ഞു. എന്നാൽ നൊന്ത് പെറ്റ കുഞ്ഞിനെ ക്രൂരമായി കൊലചെയ്യുമ്പോഴും ആ കൊലപതാകം പിടിക്കപെട്ടപ്പോഴും ശരണ്യക്ക് ഉൾപിടച്ചിൽ പോലും ഉണ്ടായിരുന്നില്ല.തെളിവെടുപ്പിനായി എത്തിച്ചപ്പോൾ നാട്ടുകാരുടെയും വീട്ടുകാരുടെയും രോഷം ആളിക്കത്തിയതോടെ ഭയം കൊണ്ട് കുറച്ച് സമയം പിടഞ്ഞു. തെളിവെടുപ്പ് കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ കുറച്ച് സമയത്തേക്ക് മൗനമായിരുന്നു.പിന്നെ രണ്ടു മിനിറ്റ് പൊട്ടിക്കരഞ്ഞു. അതേസമയം തെറ്റുചെയ്തതിലല്ല തെറ്റ് കണ്ടുപിടിക്കപ്പെട്ടതിലെ വിഷമമാണ് പലപ്പോഴും ചോദ്യം ചെയ്യുമ്പോള്‍ ശരണ്യ പ്രകടിപ്പിച്ചത്. കുട്ടിയെ കടലിലെറിഞ്ഞകാര്യം പറയുമ്പോഴൊന്നും അവളില്‍ വലിയ സങ്കടമൊന്നും കണ്ടില്ലെന്ന് പോലീസ് പറയുന്നു. ഭര്‍ത്താവിനെ പ്രതിയാക്കാനുള്ള ലക്ഷ്യം മൊഴിയില്‍ വ്യക്തമായിരുന്നു. പക്ഷേ, മാറ്റിമാറ്റിപ്പറഞ്ഞ കാര്യങ്ങള്‍ ശരണ്യയെത്തന്നെ കുടുക്കിലാക്കുകയായിരുന്നു.

പൊലീസ് കസ്റ്റഡിയിലിരിക്കെ ആദ്യദിവസം ശരണ്യയുടെ മൊബൈല്‍ ഫോണിലേക്ക് വന്നത് കാമുകന്റെ 17 മിസ്ഡ് കോളുകള്‍. ശരണ്യയുടെ നമ്ബറിലേക്ക് അസമയത്ത് അടക്കം ഒട്ടേറെ വിളികളെത്തിയത് പൊലീസ് കണ്ടെത്തി. ഇതോടെയാണ് ശരണ്യയ്ക്ക് മറ്റൊരു കാമുകനുണ്ടെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്. ചോദ്യം ചെയ്യലിനിടെ ശരണ്യയുടെ ഫോണിലേക്ക് വന്ന കാമുകന്റെ കോള്‍ ലൗഡ് സ്പീക്കറിലിട്ട് ശരണ്യയുടെ സാന്നിധ്യത്തില്‍ പൊലീസ് കേള്‍ക്കുകയുമുണ്ടായി. തുടര്‍ന്ന് ശരണ്യയുടെ ഫോണിന്റെ കോള്‍ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് കാമുകനുമൊത്ത് ജീവിക്കാനുള്ള ശരണ്യയുടെ ആഗ്രഹത്തിന്റെ ചിത്രം പൊലീസിന് വ്യക്തമായത്.

ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വര്‍ഷം മുന്‍പാണ് ശരണ്യ ബന്ധം തുടങ്ങുന്നത്. ശരണ്യ ഗര്‍ഭിണിയായശേഷം പ്രണവ് ഒരു വര്‍ഷത്തേക്കു ഗള്‍ഫില്‍ ജോലിക്കു പോയിരുന്നു. തിരിച്ചെത്തിയശേഷമാണ് ദാമ്ബത്യത്തില്‍ ഉലച്ചിലുണ്ടാകുന്നത്. ഈ അവസരം മുതലെടുക്കാനാണ് അയാള്‍ ശരണ്യയുമായി ഫെയ്‌സ്ബുക് വഴി ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് കരുതുന്നു. പിന്നീടതു ഫോണ്‍ വിളിയിലേക്കും ചാറ്റിലേക്കും നീളുകയായിരുന്നു.

വിവാഹം ചെയ്യാമെന്നു കാമുകന്‍ ശരണ്യയ്ക്കു വാഗ്ദാനം നല്‍കിയിരുന്നില്ലെന്ന് ചാറ്റുകളില്‍ വ്യക്തമാണെന്ന് പൊലീസ് സൂചിപ്പിച്ചു. കുഞ്ഞിനെ ഒഴിവാക്കാന്‍ കാമുകന്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍, കാമുകനുമൊത്ത് ജീവിക്കാന്‍ കുട്ടി തടസ്സമാണെന്ന് തെറ്റിദ്ധരിച്ചാണ്, കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അതേസമയം കാമുകന് മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക് വഴിയാണ് പ്രണവും ശരണ്യയും പരിചയപ്പെടുന്നതും. വ്യത്യസ്ത ജാതിയിലുള്ളവര്‍ ആയതിനാല്‍ വീട്ടുകാര്‍ എതിര്‍ത്തു. എങ്കിലും ഇവര്‍ വിവാഹം കഴിക്കുകയായിരുന്നു. ശരണ്യയ്ക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകമായിരുന്നു വിവാഹം. ഈ ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയപ്പോള്‍ പുതിയ കാമുകനെ കിട്ടിയതും ഫെയ്‌സ്ബുക്ക് വഴിയാണ്. കാമുകനൊപ്പം ജീവിക്കാനായി കുഞ്ഞിനെയും ഭര്‍ത്താവിനെയും ഒരേസമയം ഒഴിവാക്കാനുള്ള പദ്ധതിയാണ് ശരണ്യ ആസൂത്രണം ചെയ്തത്.

കുട്ടിയെ കൊലപ്പെടുത്തിയത് പ്രണവ് ആണെന്ന് ശരണ്യ പൊലീസിനോട് ആവര്‍ത്തിച്ച്‌ പറഞ്ഞിരുന്നു. പ്രണവിനെ സംശയിക്കാനുള്ള സാഹചര്യങ്ങള്‍ മുതലെടുക്കാനായിരുന്നു ഈ നീക്കം. ഭാര്യയും കുഞ്ഞുമായുള്ള അകല്‍ച്ച, ഇടയ്ക്കിടെയുള്ള വഴക്ക്, മൂന്നുമാസത്തിനുശേഷം വീട്ടിലേക്കു യാദൃച്ഛികമായുള്ള വരവ് ഇതെല്ലാം കുട്ടിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രണവാണെന്ന് സംശയിക്കാന്‍ ധാരാളമായിരുന്നു. ഇത്രയും നാള്‍ അമ്മയ്‌ക്കൊപ്പമാണ് കുഞ്ഞു കഴിഞ്ഞിരുന്നത് എന്നതുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ ശരണ്യയിലേക്ക് സംശയം നീണ്ടതുമില്ല.

കുഞ്ഞിനെ കാണാതായതിനു പിന്നാലെ പ്രണവിന്റെ ചെരിപ്പുകള്‍ കാണാതായതും സംശയം ഇരട്ടിപ്പിച്ചു. അതു ശ്രദ്ധയില്‍പെട്ട പൊലീസ്, കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമത്തിനിടെ പ്രണവിന്റെ ചെരിപ്പുകള്‍ കടലിലോ മറ്റോ പോയിരിക്കാമെന്ന് സംശയിച്ചു. എന്നാല്‍, കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞ് വീട്ടില്‍ പലരും വന്നു പോയതിനിടെ ചെരിപ്പു കാണാതെ പോയതാണെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. അപ്പോഴും കൊലപാതകത്തിന് പിന്നിലാരെന്ന ചോദ്യം പൊലീസിന് മുന്നില്‍ കുരുക്കായി തുടര്‍ന്നു. കുഞ്ഞ് ഇല്ലാതായാല്‍ ആര്‍ക്കാണ് ഗുണം എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയമാണ് കേസില്‍ നിര്‍ണായകമായത്. പ്രണവ് ഇത്രയും കാലം ഭാര്യയും കുഞ്ഞുമായി അകന്നു കഴിയുകയായിരുന്നു.

അയാള്‍ക്കു മറ്റൊരു ജീവിതം തെരഞ്ഞെടുക്കാന്‍ അതുകൊണ്ടു തന്നെ ഭാര്യയും കുഞ്ഞും തടസ്സമല്ല. എന്നാല്‍ കുഞ്ഞിനെ സംരക്ഷിക്കുന്ന ശരണ്യയ്ക്ക് കുഞ്ഞൊരു തടസ്സമായിത്തോന്നിയേക്കാം. ഈ ചിന്തയാണ് ശരണ്യയുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിലേക്ക് എത്തിച്ചത്. ശരമ്യയുടെ മൊബൈല്‍ ചാറ്റുകളും ഫൊറന്‍സിക് പരിശോധന ഫലവും കിട്ടിയതോടെ കൊലപാതകി അമ്മ ശരണ്യ തന്നെയാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ നില്‍ക്കക്കള്ളിയില്ലാതെ ശരണ്യ കുറ്റം ഏറ്റുപറഞ്ഞു.