കണ്ണൂര്‍ ജില്ലയെ നടുക്കി ദൃശ്യം മോഡല്‍ കൊലപാതകം. സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി പണി നടക്കുന്ന കെട്ടിടത്തിന്റെ ശൗചാലയത്തില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തു. മറുനാടന്‍ തൊഴിലാളിയായ അഷിക്കുല്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്.
പരേഷ് നാഥ്, ഗണേഷ് എന്നിവരാണ് പ്രതികള്‍. പണത്തിനുവേണ്ടിയായിരുന്നു കൃത്യം നടത്തിയതെന്ന് പ്രതി പരേഷ് നാഥ് മണ്ഡല്‍ പൊലീസിനോട് പറഞ്ഞു. ഗണേഷ് ഒളിവിലാണ്. മൃതദേഹം പണി നടക്കുന്ന ശൗചാലയത്തില്‍ ചാക്കില്‍ കെട്ടി കുഴിച്ചിട്ട് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു.
ദൃശ്യം സിനിമ മോഡലിലായിരുന്നു കൊലപാതകം. എന്നാല്‍ ദൃശ്യം കണ്ടിട്ടില്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇരിക്കൂര്‍ പെരുവളത്ത്പറമ്പില്‍ താമസിച്ച് തേപ്പുപണി ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട അഷിക്കുല്‍ ഇസ്ലാമും സംഘവും.
ജൂണ്‍ 28നാണ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചും ശ്വാസംമുട്ടിച്ചും പരേഷ് നാഥും ഗണേഷ് എന്നയാളും കൂടി അഷിക്കുലിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ചാക്കിലാക്കി പണി നടന്നുകൊണ്ടിരിക്കുന്ന ശൗചാലയത്തില്‍ ഒരു മീറ്ററോളം ആഴത്തില്‍ കുഴിച്ചിട്ടു.
അപ്പോള്‍ തന്നെ നിലം കോണ്‍ക്രീറ്റ് ഇടുകയും ചെയ്തു. കൃത്യം നടത്തിയതിന്റെ പിറ്റേന്ന് ഒന്നും സംഭവിക്കാത്തതുപോലെ പ്രതികള്‍ ജോലിയ്‌ക്കെത്തി. അഷിക്കുലിനെ കാണാനില്ലെന്ന് അറിഞ്ഞ് സഹോദരന്‍ മോമിന്‍ ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതികള്‍ നാടുവിട്ടു.
ഇതോടെയാണ് അന്വേഷണം ഇവരിലേക്ക് എത്തിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം മുംബയില്‍ നിന്ന് പ്രതിയെ പിടികൂടിയത്.
Leave a Reply