കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കെത്തുന്ന ആയിരക്കണക്കിന് പ്രവാസികളുടെ വിമാനയാത്രയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി പുതിയ റിപ്പോര്‍ട്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള സാധ്യത കുറയുന്നു എന്നാണ് പുതിയ വാര്‍ത്ത. ഇപ്പോള്‍ നടന്നുകൊണ്ടിരിയ്ക്കുന്ന റണ്‍വേയുടെ അറ്റകുറ്റപ്പണി തീര്‍ന്നാലും ഡിജിസിഎയുടെ സമ്മതം ഇല്ലാതെ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് അനുമതി നല്‍കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വലിയ വിമാനങ്ങള്‍ക്ക് അനുയോജ്യമല്ലെന്നാണ് ഡിജിസിഎയുടെ വിലയിരുത്തല്‍.
റണ്‍വേയുടെ വികസനം സാധ്യമാകണമെങ്കില്‍ സംസ്ഥാനം സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കി. അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായാലും റണ്‍വേ വികസം പൂര്‍ത്തിയാകില്ലെന്നും അദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങുന്നതിനുളള്ള സാധ്യത മങ്ങുന്നത്. വിമാനത്താവളത്തിലേക്ക് വലിയ വിമാനങ്ങള്‍ എത്താത്ത സാഹചര്യത്തില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കൂടുതല്‍ ചെറു വിമാന സര്‍വ്വീസുകള്‍ നടത്തുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്. വലിയ വിമാനങ്ങളുടെ കുറവ് ഈ അധിക സര്‍വ്വീസുകള്‍കൊണ്ട് മറികടക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
എന്നാല്‍ റണ്‍വേയില്‍ അറ്റകുറ്റപ്പണികള്‍ക്കായി വിമാനത്താവളം ഭാഗീകമായ അടച്ചപ്പോള്‍ മുതല്‍ അതി രൂക്ഷമായ യാത്ര ദുരിതമാണ് വടക്കന്‍ കേരളത്തിലുള്ള പ്രവാസികള്‍ അനുഭവിച്ച് വരുന്നത്. നെടുമ്പാശ്ശേരിയിലും തിരുവനന്തപുരത്തേക്കും എത്തുന്ന വിമാനങ്ങളില്‍ വരുന്നവര്‍ സ്വന്തം നാട്ടിലേക്കെത്താന്‍ വീണ്ടും ഭീമമായ തുകയും സമയവും നഷ്ടപ്പെടുത്തേണ്ടി വരികയാണ്. കുടുംബമായി എത്തുന്ന പ്രവാസികളാണ് എറെ ദുരിതം അനുഭവിയ്ക്കുന്നത്. ഏതായാലും റണ്‍വേയുടെ പണികഴിഞ്ഞാലും തങ്ങളുടെ യാത്രാ ദുരിതം ഒഴിയില്ലല്ലോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ വടക്കന്‍ കേരളത്തില്‍നിന്നുള്ള പ്രവാസികള്‍ ഏറെയും.