മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍, ജോജി തോമസ്

ലോകസഭാ തെരെഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന കര്‍ണാടക നിയസഭയിലേക്കുള്ള പൊതുതെരെഞ്ഞടുപ്പ് ഇന്ന് നടക്കുകയാണ്. മെയ് 15നാണ് ഫല പ്രഖ്യാപനം. 224 അംഗ നിയമസഭയില്‍ 222 സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. വിജയ നഗറിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് തെരെഞ്ഞെടുപ്പ് മാറ്റി വെച്ചിരുന്നു. ആര്‍ആര്‍ മണ്ഡലത്തില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മെയ് 28ലേക്ക് നീട്ടിവെച്ചു. ഇവിടെ നിന്ന് ആയിരക്കണക്കിന് തിരിച്ചറിയല്‍ കാര്‍ഡാണ് ഇലക്ഷന്‍ കമ്മീഷന്‍ പിടിച്ചെടുത്തത്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. കര്‍ണാടക പിടിച്ചാല്‍ കേന്ദ്ര ഭരണം നിലനിര്‍ത്താന്‍ ബിജിപിക്ക് സഹായവും ഊര്‍ജവും പകരുമെങ്കില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം ദേശീയ രാഷ്ട്രീയത്തിലെ നിലനില്‍പ്പിനുള്ള അവസാന കച്ചിത്തുരുമ്പാണ് കര്‍ണാടക ഫലം. മധ്യപ്രദേശ്, രാജസ്ഥാന്‍, തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിലും കര്‍ണാടക ഫലം വളരെ വലിയ സ്വാധീനം സൃഷ്ടിക്കാനാണ് സാധ്യത. പക്ഷെ കഴിഞ്ഞ മൂന്ന് ദശകമായുള്ള കര്‍ണാടക രാഷ്ട്രീയം പരിശോധിച്ചാല്‍ ബംഗുളുരു ഭരിക്കുന്ന പാര്‍ട്ടിക്ക് കേന്ദ്ര ഭരണം ലഭിക്കുന്നില്ലന്നുള്ളത് തികഞ്ഞ വിരോധാഭാസമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാധാരണ ഒരു സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ലഭിക്കുന്നതിനേക്കാള്‍ പ്രധാന്യം കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ലഭിക്കാന്‍ കാരണം തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികളെ ആഴത്തില്‍ സ്വാധീനിക്കും എന്നതുതന്നെയാണ്. അതുകൊണ്ടുതന്നെ എല്ലാ പ്രമുഖ പാര്‍ടികളുടെയും ദേശീയ നേതാക്കള്‍ കര്‍ണാടകയില്‍ വളരെ സജീവമായി ഉണ്ടായിരുന്നു. ഫലം അനുകൂലമാക്കാന്‍ എല്ലാവിധ തന്ത്രങ്ങളും പുറത്തെടുത്ത തെരഞ്ഞെടുപ്പാണ് കര്‍ണാടകയില്‍ നടന്നത്. കഴിഞ്ഞ 2 മാസമായി രാജ്യത്ത് ചൂഴ്ന്ന് നില്‍ക്കുന്ന കറന്‍സി പ്രതിസന്ധി പോലും കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി കൂട്ടി വായിക്കേണ്ടതാണ്. പണക്കൊഴുപ്പ് നിറഞ്ഞ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷ കക്ഷികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിന്‍ മേല്‍ മൂക്കു കയറിടാന്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണോ കറന്‍സി പ്രതിസന്ധിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായിരുന്നു കറന്‍സി പ്രതിസന്ധിയുടെ പ്രഭവസ്ഥാനമെന്നത് സംശയം വര്‍ദ്ധിപ്പിക്കുന്നു. കോപ്പാള്‍ ജില്ലയിലെ ഗംഗവതിയില്‍ ബിജെപി കോണ്‍ഗ്രസ് നേതാക്കളുടെ വസതിയില്‍ ഇലക്ഷന്‍ കമ്മീഷന്‍ നടത്തിയ റെയിഡ് ഇതിന് ഉദാഹരണമാണ്. ബിജെപി അധ്യക്ഷന്‍ വസതിയില്‍ നിന്ന് വെറും മുപ്പതിനായിരം രൂപ മാത്രമാണ് ലഭിച്ചത്. എന്തായാലും ഇരു പാര്‍ട്ടികളും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നതെങ്കില്‍ അധികാരവും പണവും ഉപയോഗിച്ച് ബിജെപി ബംഗുളുരുവില്‍ അധികാരത്തിലെത്താനാണ് സാധ്യത.